തിരൂർ ജില്ലാ ആശുപത്രിയിൽ ഇനി ആറ് മോഡുലർ ഓപ്പറേഷൻ തിയറ്ററുകൾ
Mail This Article
തിരൂർ ∙ ഇനി ശസ്ത്രക്രിയകൾക്കു വേണ്ടി കാത്തിരിക്കേണ്ട. ജില്ലാ ആശുപത്രിയിൽ 6 മോഡുലർ ഓപ്പറേഷൻ തിയറ്ററുകൾ ഉൾപ്പെടുന്ന കോംപ്ലക്സ് തുറന്നു. 2 വർഷത്തിലേറെയുള്ള കാത്തിരിപ്പിനു ശേഷമാണ് ഇടക്കാലത്തു നിർമാണം മുടങ്ങിയ തിയറ്ററുകൾ പണിപൂർത്തിയാക്കി തുറന്നത്. 2 വർഷം മുൻപ് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ ബ്ലോക്ക് കത്തിയതിനു ശേഷം മാതൃശിശു ബ്ലോക്കിലെ തിയറ്ററിൽ വച്ചായിരുന്നു എല്ലാ ശസ്ത്രക്രിയകളും നടന്നിരുന്നത്.
തുടർന്നു 2 കോടി രൂപ ചെലവിട്ടാണു പുതിയ മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ പണികഴിച്ചത്. വാപ്കോസ് എന്ന ഏജൻസിയാണു പണി നടത്തിയത്. പുതിയ കോംപ്ലക്സിലെ 2 തിയറ്ററുകൾ പുതിയ നൂതന സാങ്കേതിക വിദ്യകൾ അടങ്ങിയവയാണ്. ഇവിടെയാണു മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ അടക്കം ചെയ്യുന്നത്. നിലവിൽ വർഷത്തിൽ നൂറിലേറെ മുട്ടുമാറ്റിവയ്ക്കൽ നടക്കുന്ന ആശുപത്രിയിൽ ഇത് എണ്ണം വർധിപ്പിക്കാൻ സഹായിക്കും.
ബാക്കി തിയറ്ററുകൾ ഓർത്തോ, ജനറൽ സർജറി, പ്രസവ ശസ്ത്രക്രിയ, ഇഎൻടി, നേത്ര ശസ്ത്രക്രിയ എന്നിവയ്ക്കായി മാറ്റിവയ്ക്കും. നിലവിൽ ഒരാഴ്ചയോളം കാത്തിരുന്നാണ് പല സർജറികളും ഇവിടെ നടക്കുന്നത്. പുതിയ തിയറ്ററുകൾ സജ്ജമായതോടെ കാത്തിരിപ്പിന്റെ സമയം ഏറെ കുറഞ്ഞു കിട്ടും. ഇ,ടി.മുഹമ്മദ് ബഷീർ എംപി ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. തിരൂരിലെ ഓങ്കോളജി ബ്ലോക്ക് കെട്ടിടം എത്രയും പെട്ടെന്നു പ്രവർത്തിപ്പിക്കാൻ എല്ലാവരും ചേർന്നു പരിശ്രമിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിട്ട് ആശുപത്രിയിൽ സ്ഥാപിച്ച സോളർ പവർ പ്ലാന്റ് കുറുക്കോളി മൊയ്തീൻ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ്, അംഗങ്ങളായ ഫൈസൽ എടശ്ശേരി, വി.കെ.എം.ഷാഫി, എ.പി.സബാഹ്, ബഷീർ രണ്ടത്താണി, നഗരസഭാധ്യക്ഷ എ.പി.നസീമ, എസ്.ബിജു, ഡോ. ടി.എൻ.അനൂപ്, ഡോ. എം.എ.ഉസ്മാൻകുട്ടി എന്നിവർ പ്രസംഗിച്ചു.
ലീഗ് മേളയാക്കിയെന്ന ആക്ഷേപവുമായി എൽഡിഎഫ്
തിരൂർ ∙ ജില്ലാ ആശുപത്രിയിൽ നടന്ന മോഡുലർ ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ് ഉദ്ഘാടനം ലീഗ് മേളയാക്കിയെന്ന ആക്ഷേപവുമായി എൽഡിഎഫ് മണ്ഡലം കമ്മിറ്റി രംഗത്ത്. സംസ്ഥാന സർക്കാരിന്റെ ഫണ്ടുകൾ ഉപയോഗിച്ചു നിർമാണം പൂർത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് ആരോഗ്യ മന്ത്രിയെയോ, ജില്ലയിലെ മന്ത്രിയെയോ വിളിക്കേണ്ടതായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും ഇടതു നേതാക്കളെയും പരിപാടിയിൽ ഉൾപ്പെടുത്താതെ ലീഗ് നേതാക്കളെയും എച്ച്എംസി അംഗങ്ങളെയുമാണ് ക്ഷണിച്ചത്. കോൺഗ്രസ് പ്രതിനിധികളെയും പരിപാടിയിൽ ക്ഷണിച്ചില്ലെന്ന വിമർശനം അവരും ഉന്നയിച്ചിട്ടുണ്ട്.
ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും പങ്കെടുപ്പിച്ച് സഹകരണം ഉറപ്പാക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ധിക്കാരപരവും ജനാധിപത്യവിരുദ്ധവുമായ നീക്കമാണ് ജില്ലാ പഞ്ചായത്ത് നടത്തിയത്. സംസ്ഥാന സർക്കാർ തിരൂർ ജില്ലാ ആശുപത്രിയിൽ ഒട്ടേറെ വികസനങ്ങളാണു നടപ്പാക്കിയതെന്നും എൽഡിഎഫ് നേതാക്കളായ പി.ഹംസക്കുട്ടി, സി.എം.മൊയ്തീൻകുട്ടി, ടി.ജെ.രാജേഷ്, പിമ്പുറത്ത് ശ്രീനിവാസൻ, പാറപ്പുറത്ത് കുഞ്ഞുട്ടി, വി.കെ.യൂസഫ് എന്നിവർ പറഞ്ഞു.