ADVERTISEMENT

പൊന്നാനി ∙ തീരദേശപാതയ്ക്കായി ഏതാണ്ട് 8000 കോടി രൂപ ചെലവു വരുമെന്നാണ് ഏകദേശ കണക്ക്. സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള കണക്കാണിത്. ഭാരതപ്പുഴയിലും ദേശീയപാതയിലുമായി 2 പാലങ്ങൾ, തീരദേശപാതയുടെ ഏതാണ്ട് പകുതിയോടടുത്ത് ആകാശപാത എന്നിവ ഉൾപ്പെടുന്നതാണു പദ്ധതി. ഓരോ 10 കിലോമീറ്ററിനിടയിലും സ്റ്റേഷൻ, ചരക്കുഗതാഗത സാധ്യത എന്നിവ വച്ചു നോക്കുമ്പോൾ ഇൗ തുക ചെലവഴിക്കുന്നതിൽ ഒട്ടും നഷ്ടമുണ്ടാകില്ല.

നിലവിൽ തിരക്കു കൂടുതലും ഏറെ പരിമിതികളിലും തുടരുന്ന ഷൊർണൂർ ജംക്‌ഷൻ വികസനത്തിനു സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ വരുമ്പോൾ ഇതിനെക്കാൾ തുക ചെലവഴിക്കേണ്ടി വരുമെന്നാണു വിലയിരുത്തൽ. ആകാശപാത ഉൾപ്പെടുന്നതുകൊണ്ടാണു തീരദേശ പാതയ്ക്ക് ഇത്രയും തുക വരുന്നത്. പരമാവധി മൺതിട്ടകളിലൂടെ പാത കൊണ്ടുപോകാൻ സാധിച്ചാൽ കുറയാനിടയുണ്ട്. അന്തിമ സർവേ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ ഇതുസംബന്ധിച്ച് വ്യക്തതയുണ്ടാവുകയുള്ളൂ. 

4 വർഷം കാത്തിരുന്നാൽ മതി

സാഹചര്യങ്ങളെല്ലാം അനുകൂലമായാൽ മൂന്നര വർഷത്തിനും 4 വർഷത്തിനുമിടയിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണു വിലയിരുത്തൽ. ഭൂമി ഏറ്റെടുക്കലാണു പ്രധാന കടമ്പ. മുൻവർഷങ്ങളിൽ തയാറാക്കിയിരുന്ന അലൈൻമെന്റുകളിൽനിന്ന് ഏറെ വ്യത്യാസപ്പെടുത്തിയാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്.

കോൾ മേഖലയും കൃഷിയിടങ്ങളും ഒഴിവാകുന്നതും പദ്ധതിക്ക് അനുകൂല സാഹചര്യമൊരുക്കും. പാത തിരുനാവായയിലേക്കാണെങ്കിൽ 38 കിലോമീറ്റർ നീളത്തിൽ ഭൂമി ഏറ്റെടുത്താൽ മതിയാകും. തിരൂരിലേക്കാണെങ്കിൽ 44 കിലോമീറ്റർ നീളത്തിൽ സ്ഥലം വേണ്ടി വരും. 

പ്രതീക്ഷയോടെ അടുത്ത ബജറ്റ്

തീരദേശപാതയുടെ സർവേ റിപ്പോർട്ട് അടുത്ത കേന്ദ്ര ബജറ്റിനു മുൻപായി തന്നെ സർക്കാരിനു സമർപ്പിക്കുമെന്നാണ് അറിയുന്നത്. പദ്ധതിക്കായി ബജറ്റിൽ തുക അനുവദിക്കപ്പെട്ടാൽ ഉടൻ തുടർ നടപടികളിലേക്കു കടക്കാവുന്നതാണ്. സ്ഥലമേറ്റെടുപ്പിനെടുക്കേണ്ടി വരുന്ന സമയം നിർണായകമാണ്.

അതിവേഗം ഭൂമിയേറ്റെടുപ്പ് പൂർത്തിയാക്കിയാൽ പരമാവധി മൂന്നര വർഷത്തിനുള്ളിൽ പാത ഒരുങ്ങും. 4 വർഷം പൂർത്തിയാകുമ്പോഴേക്കും ട്രെയിനുകൾ ഓടിത്തുടങ്ങും. ചുരുങ്ങിയത് 160 കിലോമീറ്റർ വേഗം ഉറപ്പാക്കാൻ കഴിയുമെന്നതിനാൽ വന്ദേഭാരത് വരെ ഓടുന്ന ദീർഘദൂര പാതയുടെ ഭാഗമായി ഇൗ പാത മാറും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com