ADVERTISEMENT

നിലമ്പൂർ ∙ അമൃത് ഭാരത് പദവി ലഭിച്ച നിലമ്പൂർ റെയിൽവേ സ്റ്റേഷന്റ വികസനത്തിനു വേഗംകൂട്ടുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ ഉറപ്പ്. പി.വി.അബ്ദുൽ വഹാബ് എംപി, നിലമ്പൂർ മൈസുരു റെയിൽവേ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ജനറൽ മാനേജർ ആർ.എൻ.സിങ് ഉറപ്പ് നൽകിയത്. നിലമ്പൂർ - ഷാെർണൂർ പാതയിലെ വൈദ്യുതീകരണം, അമൃത് സ്റ്റേഷൻ പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതി എന്നിവ വിലയിരുത്തുന്നതിനാണ് ജനറൽ മാനേജരും സംഘവും എത്തിയത്.

നിലമ്പൂർ-കോട്ടയം എക്സ്പ്രസ് ട്രെയിനിന് എസി കോച്ച്, നിലമ്പൂർ പാതയിൽ പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ വിസ്റ്റാഡം കോച്ചുകൾ എന്നീ ആവശ്യങ്ങൾ വഹാബ് എംപി ഉന്നയിച്ചു. എസി കോച്ച് ആവശ്യം അംഗീകരിച്ചു. ലാഭകരമല്ലെങ്കിൽ നിർത്തുമെന്ന് അറിയിച്ചു. ലഭ്യതയ്ക്കനുസരിച്ച് വിസ്റ്റാഡം കോച്ചുകൾ നൽകാമെന്ന് അറിയിച്ചു. നിലവിൽ 9 കോച്ച് നിർത്താൻ സൗകര്യമുള്ള രണ്ടാം നമ്പർ പ്ലാറ്റ്ഫോം 63 മീറ്റർ ദൂരം നീളം കൂട്ടാൻ നിർദേശം നൽകി. ഭാവിയിൽ മെമു ട്രെയിനുകൾക്കുള്ള സാധ്യത പരിഗണിച്ചാണ് നടപടി. അമൃത് ഭാരത് പ്രവൃത്തി ഒന്നാം ഘട്ടം  മാർച്ചിൽ തീർക്കും. വൈദ്യുതീകരണത്തിന് 2024 ഏപ്രിൽ വരെ കാലാവധിയുണ്ടെങ്കിലും നേരത്തേ പൂർത്തിയാക്കാൻ നിർദേശിച്ചു.

രാവിലെ 5.30നു പുറപ്പെടുന്ന ഷാെർണൂർ എക്സ്പ്രസ് എറണാകുളം വരെ നീട്ടി ഉച്ചയ്ക്ക് 2.05 ഷൊർണൂരിൽനിന്ന് നിലമ്പൂർക്കു പുറപ്പെടുംവിധം ക്രമീകരിക്കുക,  ഷാെർണൂരിൽനിന്ന് രാത്രി 8.10ന് നിലമ്പൂർക്കു പുറപ്പെടുന്ന ട്രെയിൻ ആലപ്പുഴ കണ്ണൂർ എക്സ്പ്രസിന് കണക്‌ഷൻ കിട്ടും വിധം 8.30ന് ആക്കുക, കൂടുതൽ ക്രാേസിങ് സ്റ്റേഷൻ, കോട്ടയം എക്സ്പ്രസ് കൊല്ലം വരെ നീട്ടുക, സ്റ്റേഷന് നിലമ്പൂർ - പെരുമ്പിലാവ് പാതയിൽ രണ്ടാം പ്രവേശ കവാടം നിർമിക്കുക, രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കരുളായി, നിലമ്പൂർ - പെരുമ്പിലാവ് പാതകളിൽനിന്ന് പ്രവേശിക്കാൻ റോഡ് വികസിപ്പിക്കുക, എസി വിശ്രമ മുറി, ഡോർമിറ്ററി, ട്രെയിനുകളിൽ വെള്ളം നിറയ്ക്കാൻ ശുദ്ധജല പദ്ധതി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആക്‌ഷൻ കൗൺസിൽ നിവേദനം നൽകി.

രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് ഓരോ ജനറൽ, സ്ലീപ്പർ കോച്ച് കൂടി അനുവദിക്കുക, വൈദ്യുതീകരണം പൂർത്തിയാക്കുന്ന മുറയ്ക്ക് എറണാകുളം-ഷൊർണൂർ മെമു നിലമ്പൂർക്കു നീട്ടുക, ഉച്ചയ്ക്ക് 6 മണിക്കൂർ ഗതാഗതം ഇല്ലാത്ത ഇടവേളയിൽ പാതയിൽ സർവീസ് തുടങ്ങുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചു. ഡിആർഎം അരുൺ കുമാർ ചതുർവേദി, അഡീഷനൽ ഡിആർഎം ജയകൃഷ്ണൻ, സീനിയർ ഡിഇഎൻ (കോഓർഡിനേഷൻ ) നന്ദലാൽ, സീനിയർ ഡിഡിഎം വാസുദേവൻ, ഡപ്യൂട്ടി സിഇ (ഗതി ശക്തി) എ.വി.ശ്രീകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ ഡോ.ബിജു നൈനാൻ, ജോഷ്വാ കോശി, വിനോദ് പി.മേനോൻ, അനസ് യൂണിയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇന്നലെ രാവിലെ 9ന് പ്രത്യേക ട്രെയിനിലാണ് ജനറൽ മാനേജരും സംഘവും എത്തിയത്. വഹാബ് എംപി, ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ, റെയിൽ ജീവനക്കാർ എന്നിവർ ചേർന്ന് ഊഷ്മള സ്വീകരണം നൽകി. സ്റ്റേഷനും പരിസരവും പരിശോധിച്ച് 10.30ന് സംഘം ഷൊർണൂർക്കു മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com