കളമശേരി സ്ഫോടനം: മലപ്പുറം ജില്ലയിൽ വ്യാപക പരിശോധന
Mail This Article
തിരൂർ/നിലമ്പൂർ/എടക്കര ∙ കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ പരിശോധന. ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്നലെ ഡോഗ് സ്ക്വാഡിന്റെ പരിശോധന നടന്നു. അസ്വാഭാവികമായി ഇന്നലെ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. നിലമ്പൂർ, വാണിയമ്പലം, അങ്ങാടിപ്പുറം, തിരൂർ, പരപ്പനങ്ങാടി തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ ബോംബ് ഡിറ്റക്‌ഷൻ, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി.
തിരൂരിൽ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും മലപ്പുറം ഡോഗ് സ്ക്വാഡിലെ നീലു എന്ന നായയെ ഉപയോഗിച്ചായിരുന്നു പരിശോധന. നാലേമുക്കാലോടെ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയ സംഘം പ്ലാറ്റ്ഫോമുകളിലാണ് ആദ്യം പരിശോധന നടത്തിയത്. ട്രെയിനിൽ വന്നിറങ്ങിയ യാത്രക്കാരുടെ ബാഗുകളും മറ്റും നായ പരിശോധിച്ചു. ഇവിടെയുള്ള കാത്തിരിപ്പുമുറിയിലും പരിശോധന നടത്തി.
ഇതിനിടെ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന തെരുവുനായ്ക്കൾ നീലുവിനെ കണ്ട് കുരച്ചുകൊണ്ട് പിന്നാലെ കൂടി. കുര കൂടിയതോടെ നീലു പെട്ടെന്നു നിന്ന് ഒന്നു തിരിഞ്ഞതോടെ തെരുവുനായ്ക്കൾ പിന്തിരിഞ്ഞോടിയത് ചിരി പടർത്തി. ഇവിടെ നടന്ന പരിശോധനയ്ക്കു ശേഷം സംഘം ബസ് സ്റ്റാൻഡിലേക്കാണ് പോയത്. ഇവിടെയും കർശന പരിശോധനയാണ് നടന്നത്. നിലമ്പൂരിൽ യഹോവയുടെ സാക്ഷികളുടെ ചുങ്കത്തറയിലെ എടമല, കാളികാവ് എന്നിവിടങ്ങിലെ ആരാധനാലയങ്ങൾ പരിശോധിച്ചു.
ഇൻസ്പെക്ടർമാരായ സുനിൽ പുളിക്കൽ, പി.എസ്.ഷൈജു എന്നിവർ നേതൃത്വം നൽകി. രാത്രികാല പട്രാേളിങ് കൂടുതൽ ഊർജിതമാക്കി. റെയിൽവേ സ്റ്റേഷനുകളിൽ ആർപിഎഫ് നിരീക്ഷണം ശക്തമാക്കി.കേരള – തമിഴ്നാട് അതിർത്തിയിലും പൊലീസ് കർശന പരിശോധന നടത്തി. നാടുകാണി ചുരമിറങ്ങി കേരളത്തിലേക്കെത്തുന്ന മുഴുവൻ വാഹനങ്ങളും പരിശോധിച്ചതിനു ശേഷമാണ് കടത്തിവിടുന്നത്.
നാടുകാണി ചുരത്തിലും താഴെ ആനമറി ചെക്പോസ്റ്റിലുമാണ് പരിശോധന നടത്തുന്നത്. ഇന്നലെ ഉച്ചയോടെയാണ് പരിശോധന തുടങ്ങിയത്. വഴിക്കടവ് സ്റ്റേഷനിലെ പൊലീസിന് പുറമേ ആന്റി നക്സൽ സ്ക്വാഡും ഹൈവേ പൊലീസും അടങ്ങുന്ന സംഘം രാത്രിയിലും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.