ADVERTISEMENT

തിരൂർ ∙ പഠിക്കാനും ഒപ്പം കളിക്കാനും മംഗലം പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഇനി സ്വന്തം സ്ഥലത്ത് സ്കൂൾ ഒരുങ്ങും. പഞ്ചായത്ത് പ്രസിഡന്റും ഭാര്യയും ചേർന്ന് ഇവിടെ ബഡ്സ് സ്കൂളിനായി 15 സെന്റ് സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചതോടെയാണ് ആ സ്വപ്നം പൂവണിയാൻ പോകുന്നത്.

മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി.കുഞ്ഞുട്ടിയും ഭാര്യ സക്കീനയും ചേർന്നാണ് ഈ തീരുമാനമെടുത്തത്. അതിനൊരു കാരണമുണ്ട് – ഇവർക്കൊരു ഭിന്നശേഷിക്കാരനായ മകനുണ്ടായിരുന്നു, ജൗഹർ ഷബാബ്. മാനസിക വെല്ലുവിളി നേരിട്ട മകനെ 23 വയസ്സു വരെ വീട്ടിനകം സ്വർഗലോകമാക്കി അവർ വളർത്തി.

മറ്റെന്തും അവനു വേണ്ടി അവർ മാറ്റിവച്ചു. മകനെ പൊന്നുപോലെ നോക്കാൻ വേറെ കുട്ടികൾ വേണ്ടെന്നു പോലും തീരുമാനിച്ചു. 10 വർഷം മുൻപ് ആ മകൻ അവരെ വിട്ടുപോയി. അതു തന്നെയാണ് തീരുമാനത്തിനു പിന്നിലെ കാരണവും. നിലവിൽ മംഗലം കൂട്ടായി എഴുത്തുമ്മ ജിഎംഎൽപി സ്കൂളിലെ ഒരു ക്ലാസ് മുറിയാണ് ബഡ്സ് സ്കൂളായി ഉപയോഗിക്കുന്നത്.

ഇത് നിലവിൽ പ്രവർത്തിക്കുന്നില്ല. സ്കൂൾ വീണ്ടും സജീവമാക്കാനുള്ള തീരുമാനമെടുക്കുന്നതിനിടെയാണ് ഭരണസമിതി യോഗത്തിൽ കുഞ്ഞുട്ടി സ്കൂളിനായി താൻ സ്ഥലം വിട്ടുനൽകാമെന്ന് അറിയിച്ചത്. മംഗലം ചേന്നര പെരുന്തിരുത്തിയിലെ വൈലിക്കുളങ്ങര ക്ഷേത്രത്തിനു തൊട്ടുചേർന്നുള്ള ഇവരുടെ പുരയിടത്തിലെ 15 സെന്റ് ഭൂമിയാണ് ബഡ്സ് സ്കൂളിനു വേണ്ടി നൽകാൻ തീരുമാനിച്ചത്. സെന്റിന് രണ്ടര ലക്ഷത്തിലേറെ രൂപ വരും. 2 മാസത്തിനുള്ളിൽ നടപടിയെല്ലാം പൂർത്തിയാക്കും.

പിന്നെ എംപി, എംഎൽഎ തുടങ്ങിയവരുടെ സഹായത്തോടെ കെട്ടിടവും കളിസ്ഥലവുമുണ്ടാക്കും. പഞ്ചായത്തിലെ മുപ്പതോളം കുട്ടികൾ ഈ സ്കൂളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥലം വിട്ടുനൽകുന്ന കാര്യം ആരും അറിയരുതെന്നായിരുന്നു കുഞ്ഞുട്ടി യോഗത്തിൽ അറിയിച്ചിരുന്നത്. എന്നാൽ തങ്ങളുടെ പ്രസിഡന്റിന്റെ വിലയേറിയ തീരുമാനം അംഗങ്ങൾ പരസ്യമാക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com