യാത്രാതോണികളെ കൊണ്ട് നിറയുന്നു, കടലുണ്ടിയിൽ വീണ്ടും വിനോദസഞ്ചാരികളുടെ തിരക്ക്
Mail This Article
വള്ളിക്കുന്ന് ∙ കടലുണ്ടി–വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് മേഖലയിലെ കടലുണ്ടിപ്പുഴ വിനോദസഞ്ചാരികളുടെ യാത്രാതോണികളെ കൊണ്ട് നിറയുന്നത് നിത്യകാഴ്ചയാകുന്നു. മനോഹരമായ കണ്ടൽ കാഴ്ചകളും ബാലാതിരുത്തി പ്രദേശങ്ങളുടെ മനോഹാരിതയും ആസ്വദിക്കുന്നതിനാണ് നാട്ടുകാരും മറുനാട്ടുകാരും എത്തുന്നത്. കൂടാതെ അറബിക്കടലിനോടു ചേർന്ന ഭാഗത്തെ കടൽക്കാറ്റും അഴിമുഖത്ത് വിദേശി, സ്വദേശി പക്ഷികളുടെ പറുദീസയായ ‘ചരലട്ടി’ പ്രദേശവും കടലുണ്ടിക്കടവ് അഴിമുഖത്തു നിന്നുള്ള അസ്തമയ ദൃശ്യവും ആസ്വദിക്കാനാണ് നിത്യവും സഞ്ചാരികളെത്തുന്നത്.
അവധി ദിനങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും സമീപ ജില്ലയായ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സഞ്ചാരികൾ എത്തുന്നു. മുൻപ് മത്സ്യത്തൊഴിലാളികൾക്ക് വഴികാട്ടിയായ ദീപസ്തംഭത്തിന്റെ അവശിഷ്ടങ്ങൾ കാണാനും പ്രദേശങ്ങളിൽ കടൽക്കാറ്റ് ആസ്വദിച്ചിരിക്കുന്നതിനും സൗകര്യമുള്ള പാറക്കൂട്ടങ്ങൾ ഇവിടെയുണ്ട്. എന്നാൽ പ്രാഥമിക സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയാണ്.