നാടോടി നൃത്തത്തിൽ സൗഹൃദപ്പോര്
Mail This Article
കോട്ടയ്ക്കൽ ∙ജില്ലാ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ ഇന്നലെ സൗഹൃദപ്പോര്. ഒരേ ഗുരുക്കൻമാരുടെ കീഴിൽ പരിശീലിച്ച, ഒരേ പാട്ടിൽ മത്സരിച്ച ഇരുവരും എ ഗ്രേഡും നേടി.
കല്ലിങ്കപ്പാറ എംഎസ്എംഎച്ച്എസ്എസിലെ കെ.പി.ഋതുനന്ദയും ചെട്ടിയാംകിണർ ജിവിഎച്ച്എസ്എസിലെ ടി.പി.ആര്യയും തമ്മിലായിരുന്നു ആ സൗഹൃദപ്പോരാട്ടം. കരിങ്കപ്പാറ സ്വദേശികളായ ഇരുവരും എൽകെജി മുതൽ പത്താം ക്ലാസ് വരെ ഒരുമിച്ചു പഠിച്ചതാണ്.
ആർഎൽവി ബിജിലി, ആർഎൽവി ബിൻഷി എന്നിവരുടെ കീഴിലാണ് പരിശീലനം. വിവിധ നൃത്തയിനങ്ങൾ അഭ്യസിക്കുന്നുണ്ടെങ്കിലും ഒരേ സ്കൂളിൽനിന്ന് ഒരേയിനത്തിൽ ഇരുവർക്കും മുന്നോട്ടു പോകാൻ പറ്റാത്തതിനാൽ ഇരുവരും വെവ്വേറെ ഇനങ്ങളിലാണ് പങ്കെടുക്കാറുണ്ടായിരുന്നത്.
ഹയർ സെക്കൻഡറിയിൽ ഇരുവരും വെവ്വേറെ സ്കൂളുകളിലായതോടെയാണ് ഒരേയിനത്തിൽ മത്സരിച്ചു തുടങ്ങിയത്. പട്ടാളക്കാരന്റെ ഭാര്യയുടെ കഥ പറഞ്ഞാണ് ഇരുവരും ഇന്നലെ ഹയർ സെക്കൻഡറി വിഭാഗം നാടോടി നൃത്തത്തിൽ മത്സരിച്ചത്.