ബേപ്പൂർ ഫെസ്റ്റ്: ഉത്തരവാദിത്ത ടൂറിസം മേളയ്ക്കു തുടക്കം
Mail This Article
ഫറോക്ക് ∙ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി ബേപ്പൂർ നിയോജകമണ്ഡലത്തെ മാറ്റാൻ സാധിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് നല്ലൂർ മിനി സ്റ്റേഡിയത്തിൽ നടത്തുന്ന ഉത്തരവാദിത്ത ടൂറിസം മേളയും ടെക്സ്റ്റൈൽ ആർട്ട് ഫെസ്റ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തദ്ദേശീയരുടെ ഉപജീവനത്തിന് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുകയാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ (ആർടി) പ്രധാന ലക്ഷ്യം. കാൽ ലക്ഷത്തോളം വരുന്ന ആർടി യൂണിറ്റുകളുടെ 80 ശതമാനത്തിനും നേതൃത്വം നൽകുന്നത് സ്ത്രീകളാണെന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശൈലജ അധ്യക്ഷത വഹിച്ചു.
ഡ്രോൺ ഷോ ഇന്നും നാളെയും
ബേപ്പൂർ ∙ ബേപ്പൂരിന്റെ ആകാശത്ത് വർണവിസ്മയം തീർക്കുന്ന ഡ്രോൺ ഷോ ഇന്നു തുടങ്ങും. വാട്ടർ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ ഭാഗമായി ഇന്നും നാളെയും വൈകിട്ട് 7നു മറീന ബീച്ചിലാണു ഡ്രോൺ ലൈറ്റ് ഷോ. സംസ്ഥാനത്തെ ആദ്യ ഡ്രോൺ ഷോയിൽ 250 ഡ്രോണുകൾ അണിനിരക്കും. ഡൽഹി ആസ്ഥാനമായുള്ള ഐഐടി സ്റ്റാർട്ടപ്പ് ആണ് ഡ്രോൺ ഷോ സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ വാട്ടർ ഫെസ്റ്റിന്റെ ഏറ്റവും ആകർഷകമായ കാഴ്ചകളിൽ ഒന്നായിരിക്കും ഇത്.