ADVERTISEMENT

കുറ്റിപ്പുറം ∙ 6 വർഷം മുൻപ് നിർമാണം നിലച്ച കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ പൂർത്തീകരണത്തിനായി തുക അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടിയില്ല. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 4 നിലകളിൽ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ സാങ്കേതിക അനുമതിയാണ് വൈകുന്നത്. ഒക്ടോബർ 18നാണ് ഗവ. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റെ പൂർത്തീകരണത്തിനായി 17.85 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങിയത്. ഇതിൽ 15.17കോടി രൂപ കേന്ദ്ര വിഹിതവും 2.68 കോടി സംസ്ഥാന സർക്കാരിന്റെ വിഹിതവുമാണ്. തുക അനുവദിച്ച് 3 മാസത്തോളമായിട്ടും പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടില്ല. തുക അനുവദിച്ചു തൊട്ടടുത്ത ദിവസം മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ചിരുന്നു. പുതിയ കെട്ടിടത്തിന്റെ നിർമാണം വേഗത്തിൽ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും തുടർ നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. 6 വർഷം മുൻപ് എം.പി.അബ്ദുസ്സമദ് സമദാനിയുടെ എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് ഐപി വാർഡ് അടക്കമുള്ള ബഹുനില കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. 

49 ലക്ഷം രൂപ ഉപയോഗിച്ച് നിർമാണം തുടങ്ങിയ കെട്ടിടത്തിനായി പിന്നീട് 40 ലക്ഷം കൂടി അനുവദിച്ചെങ്കിലും പിന്നീട് തുക ലഭിച്ചില്ല. 13 കോടിയോളം രൂപ എസ്റ്റിമേറ്റുണ്ടായിരുന്ന കെട്ടിടത്തിന്റെ ജോലികൾ ഇതോടെ സ്തംഭിച്ചു. 6 വർഷത്തിനു ശേഷമാണ് കെട്ടിടം പൂർത്തീകരിക്കാൻ 17.85 കോടി അനുവദിച്ചത്. ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെയും കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെയും ശ്രമഫലമായാണ് പണം ലഭ്യമായത്. സ്ഥല പരിമിതിയെ തുടർന്ന് വീർപ്പുമുട്ടുന്ന ആശുപത്രിയിൽ പുതിയ കെട്ടിടം യാഥാർഥ്യമായാൽ മാത്രമേ വിവിധ വിഭാഗങ്ങളിലെ ചികിത്സ കാര്യക്ഷമമാകൂ. സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com