60 കഴിഞ്ഞവർക്കായി 6 ഇനങ്ങളുടെ കിറ്റ്; മലപ്പുറത്ത് ഒരുങ്ങുന്നത് 6,043 പോഷകാഹാര കിറ്റുകൾ
Mail This Article
മലപ്പുറം ∙ നഗരസഭയിലെ 60 വയസ്സു കഴിഞ്ഞവർക്കു വിതരണത്തിനായി ഒരുങ്ങുന്നത് 6,043 പോഷകാഹാര കിറ്റുകൾ. എപിഎൽ, ബിപിഎൽ മാനദണ്ഡമില്ലാതെയാണു ‘നന്മയുള്ള മലപ്പുറം നഗരസഭ’ എന്ന പേരിൽ പ്രീമിയം കിറ്റുകളാണു നഗരസഭ വിതരണം ചെയ്യുന്നത്. ഹോർലിക്സ്, ബൂസ്റ്റ്, ഓട്സ്, കോൺഫ്ലക്സ്, അവിൽ, രാഗി തുടങ്ങിയ 6 ഇനങ്ങൾ അടങ്ങിയതാണു കിറ്റ്. കഴിഞ്ഞവർഷം 5400 കിറ്റുകളാണു വിതരണം ചെയ്തത്. സർക്കാരിന്റെ മാർഗനിർദേശ പ്രകാരം ആനുകൂല്യങ്ങൾ, ബിപിഎൽ വിഭാഗത്തിൽപെട്ടവർക്കും വാർഷിക വരുമാനം നിശ്ചിത പരിധിയിൽ കുറവുള്ളവർക്കും മാത്രമേ നൽകാൻ സാധിക്കൂ. വാർഷിക പദ്ധതികളുടെ മാർഗനിർദേശക പട്ടികയില്ലാത്തതിനാൽ നൂതന പദ്ധതി വിഭാഗത്തിലുൾപ്പെടുത്തി ജില്ലാ തലത്തിൽ കലക്ടർ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ അംഗീകാരം നേടിയെടുത്താണു കിറ്റ് വിതരണം. നാളെ സിവിൽ സ്റ്റേഷൻ ചെമ്മങ്കടവിൽ നടക്കുന്ന പരിപാടിയിൽ ചെയർമാൻ മുജീബ് കാടേരി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യും. നാളെ വാർഡുതലങ്ങളിൽ അതതു വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കിറ്റുകളുടെ വിതരണം നടക്കും.
നഗരസഭയെ വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ പദ്ധതികളാണു നടപ്പാക്കുന്നതെന്നു നഗരസഭാധ്യക്ഷൻ മുജീബ് കാടേരി പറഞ്ഞു. 60 വയസ്സു കഴിഞ്ഞവർക്കു മാത്രം ‘സൊറ’ പറഞ്ഞിരിക്കാനായി കോട്ടപ്പടിയിൽ ‘ബഡായി ബസാർ’ തുടങ്ങി. അടുത്ത വർഷം കൂടുതൽ ബഡായി ബസാറുകൾ ഒരുക്കും. നൂറേങ്ങൽമുക്കിൽ സായംപ്രഭ കേന്ദ്രമുണ്ട്. കട്ടിലുകൾ, വയോജനങ്ങൾക്കു പ്രമേഹം, പ്രഷറും അളക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ നൽകുന്നുണ്ട്. അടുത്തവർഷം കൂടുതൽ വയോജന ക്ലബ്ബുകൾ രൂപീകരിച്ചു വയോജനങ്ങൾക്കായി ഉല്ലാസയാത്രയും നടത്തുമെന്നു ചെയർമാൻ പറഞ്ഞു. വയോജന കിറ്റ് ഒരുക്കുന്ന കൺസ്യൂമർ ഫെഡ് ഗോഡൗണിൽ ചെയർമാൻ നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയുടെ നേതൃത്വത്തിൽ ഭരണസമിതി സന്ദർശനം നടത്തി. സ്ഥിരസമിതി അധ്യക്ഷരായ പി.കെ.സക്കീർ ഹുസൈൻ, പി.കെ.അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ഷരീഫ് കോണോംതൊടി, സി.പി.ആയിശാബി തുടങ്ങിയവരും ഉണ്ടായിരുന്നു.