50 ഏക്കർ നെൽക്കൃഷി വരൾച്ചാ ഭീഷണിയിൽ
Mail This Article
ചങ്ങരംകുളം ∙ ചിയാനൂർ പാടം, വരാത്ത്താഴം ഭാഗങ്ങളിൽ തോട് വറ്റി 50 ഏക്കർ നെൽക്കൃഷി വരൾച്ചാ ഭീഷണിയിൽ. പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷിയിറക്കിയ കർഷകരാണ് വെള്ളത്തിനായി കഷ്ടപ്പെടുന്നത്. തോട്ടിൽ അവശേഷിച്ച വെള്ളം പമ്പ് സെറ്റുകൾ എത്തിച്ചു കൃഷിയിടത്തിൽ എത്തിച്ചെങ്കിലും ഇനി വെള്ളം കിട്ടാത്ത അവസ്ഥയാണ്. തോട് കാടു മൂടിയും മണ്ണടിഞ്ഞും ആഴം കുറഞ്ഞതാണ് ജലക്ഷാമം നേരത്തെ എത്താൻ ഇടയാക്കിയത്.
ഒരുമാസം മുതൽ ഒന്നര മാസംവരെ വെള്ളം കിട്ടേണ്ട കൃഷിയിടത്തിലാണ് ഉണക്കം വന്ന് വിണ്ടുകീറി തുടങ്ങിയത്. മുണ്ടകൻകൃഷി നടത്തുന്ന പ്രദേശങ്ങൾ നേരത്തേ കൃഷിയിറക്കുകയും പമ്പിങ് നടത്തി വെള്ളം സംഭരിക്കുകയും ചെയ്യുന്ന വിധത്തിൽ കൃഷി വകുപ്പ് പദ്ധതി തയാറാക്കാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കിയതായി ഒരുവിഭാഗം കർഷകർ ആരോപിക്കുന്നു.
ഒതളൂർ പമ്പ് ഹൗസിൽനിന്നു പമ്പിങ് നടത്തി വെള്ളം എത്തിക്കാൻ കഴിയുമെങ്കിലും നൂറടി തോട്ടിലെ വെള്ളം എടുത്താൽ പുഞ്ചക്കർഷകർക്കു ജലക്ഷാമം ഉണ്ടാകാനും സാധ്യതയുണ്ട്. ആലങ്കോട്, നന്നംമുക്ക് കൃഷിഭവനുകളിൽ കൃഷി ഓഫിസർമാർ മാസങ്ങളായി ഇല്ലാത്തതും പ്രശ്ന പരിഹാരത്തിനു താമസം നേരിടുകയാണ്.