ADVERTISEMENT

പൊന്നാനി ∙ മുഖ്യമന്ത്രി പ്രഖ്യാപിച്ച സോളർ ബോട്ട് എവിടെ..? ‘ബോട്ട് വരുന്നു’ എന്ന് പറഞ്ഞ് കനോലി കനാൽ‌ ആഴം കൂട്ടിയത് എന്തിന്.? കനാൽ തീരത്തുള്ളവരുടെ ചോദ്യങ്ങൾക്ക് അധികൃതർക്ക് ഉത്തരമില്ല. സോളർ ബോട്ട് വരുമെന്ന് പറഞ്ഞ് ഒന്നരക്കോടി രൂപയിലധികം കനാൽ ആഴം കൂട്ടാൻ സർക്കാർ ചെലവഴിച്ചു. 

കനാലിന് ഒരു മീറ്ററെങ്കിലും താഴ്ച ഉറപ്പാക്കാൻ ഒരു വർഷം മുൻപാണ് ആഴം കൂട്ടൽ നടന്നത്. വീണ്ടും മണ്ണടിഞ്ഞും തീരമിടിഞ്ഞും കനാൽ‌ പഴയ പടിയായെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപിച്ച സോളർ ബോട്ട് തീരത്തേക്ക് എത്തിയില്ല. പദ്ധതിയുടെ പേരിൽ‌ ഇറിഗേഷൻ‌ വകുപ്പിന്റെ നേതൃത്വത്തിൽ അണ്ടത്തോട് മുതൽ പൊന്നാനി ഭാരതപ്പുഴയോരം വരെ 11 കിലോമീറ്ററോളം ഭാഗത്താണ് ആഴം കൂട്ടൽ നടന്നത്. പുറത്തെടുത്ത ചെളിയും മണ്ണും പൊന്നാനി കർമ റോഡരികിലാണ് തള്ളിയിരുന്നത്.

ഇൗ ഭാഗത്ത് പുഴയോരം നികത്തിയെടുക്കാൻ കഴിഞ്ഞുവെന്നത് നേട്ടമായെങ്കിലും ആഴം കൂട്ടൽ പദ്ധതികൊണ്ട് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് കനാലിൽ ആഴം കൂട്ടൽ ഉൾപ്പെടെയുള്ള പണികൾ നടന്നിരുന്നത്. കനാൽ വീതി കൂട്ടാൻ പദ്ധതികളുണ്ടായിരുന്നെങ്കിലും ഇതൊന്നും യാഥാർഥ്യത്തിലെത്തിയിട്ടില്ല.

സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സർവേ നടപടി മുന്നോട്ടു നീങ്ങിയെങ്കിലും വീതി കൂട്ടൽ നടന്നില്ല. കനാലിന് 45 മീറ്റർ‌ വീതി ഉറപ്പാക്കാനായിരുന്നു പദ്ധതി. കനാലിൽ ബോട്ടുകൾക്ക് ഭീഷണിയായ പാലം ഉയർത്തി നിർമിക്കാനും പദ്ധതികളുണ്ടായിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. പൊന്നാനിയിൽ പല ഭാഗത്തും ജലഗതാഗതത്തിനു തടസ്സം നിൽക്കുന്ന പാലങ്ങളുണ്ട്. അങ്ങാടിപ്പാലം വരെ ബോട്ട് സർവീസിനു തടസ്സമുണ്ടാക്കുന്നതാണ്. ഇതൊന്നും മാറ്റാതെയാണ് അടിയന്തരമായി വൻതുക ചെലവഴിച്ച് ആഴം കൂട്ടൽ നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com