യാത്രയ്ക്കിടെ അസ്വാസ്ഥ്യം; രക്ഷകരായി ബസ് ജീവനക്കാർ
Mail This Article
തിരൂരങ്ങാടി ∙ യാത്രയ്ക്കിടെ അസുഖം ബാധിച്ച യാത്രക്കാരനു രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. ചെമ്മാട്– കുന്നുംപുറം റൂട്ടിൽ സർവീസ് നടത്തുന്ന സയ്യാറ ബസിലെ ഡ്രൈവർ ഫസ്‍ലു പരമ്പൻ, കണ്ടക്ടർ കെ.മുക്താർ എന്നിവരുടെ അവസരോചിത ഇടപെടലിനെ തുടർന്നാണ് രോഗിക്ക് ചികിത്സ ലഭ്യമായത്. കുന്നുംപുറത്തുനിന്ന് പുകയൂർ റോഡ് വഴി ചെമ്മാട്ടേക്കു പോകുമ്പോഴാണ് സംഭവം.
കൊളപ്പുറം സ്വദേശിയായ യാത്രക്കാരന് അസ്വസ്ഥത ഉണ്ടായതോടെ ബസ് തലപ്പാറയിലേക്ക് പോകാതെ വികെ പടിയിലുള്ള എൻഎംസി ക്ലിനിക്കിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ഡോ. മുഹമ്മദ് ഷിഫിന്റെ നേതൃത്വത്തിൽ ചികിത്സ നൽകി. കണ്ടക്ടർ മുക്താർ പരിചരിക്കാനായി കൂടെ നിന്നു. പിന്നീട് കണ്ടക്ടറും മറ്റൊരാളും ചേർന്ന് വീട്ടിലെത്തിക്കുകയും ചെയ്തു. പ്രത്യേകതരം അപസ്മാരമാണെന്ന് ഡോക്ടർ പറഞ്ഞു. ഇദ്ദേഹത്തിന്റെ കൈവശം തന്നെ മരുന്നുകളും ഉണ്ടായിരുന്നു.