രോഗിയുടെ ആമാശയത്തിൽ തറച്ചുകയറിയ കോഴിയുടെ എല്ല് പുറത്തെടുത്തു
Mail This Article
തിരൂർ ∙ കഴിഞ്ഞ ദിവസം തിരൂർ ജില്ലാ ആശുപത്രിയിലെ ഉദര കരൾ രോഗ വിഭാഗത്തിൽ തൊണ്ടയിൽ കോഴിയിറച്ചിയുടെ എല്ലു കുടുങ്ങിയ നിലയിൽ ഒരു രോഗിയെത്തി. സങ്കീർണമായ എൻഡോസ്കോപി പ്രക്രിയയിലൂടെ പുറത്തെടുത്തതോടെയാണ് രോഗിക്ക് ശ്വാസം നേരെ വീണത്. ഇത്തരം സാഹചര്യങ്ങളുണ്ടായാൽ എൻഡോസ്കോപി ചെയ്യാൻ മുൻപെല്ലാം ആളുകൾ കോഴിക്കോട് മെഡിക്കൽ കോളജിനെയാണ് ആശ്രയിച്ചിരുന്നത്.
എന്നാൽ സൂപ്പർ സ്പെഷ്യൽറ്റി വിഭാഗമായ ഉദര കരൾ രോഗ വിഭാഗം തിരൂർ ജില്ലാ ആശുപത്രിയിലും തുടങ്ങിയത് ഇത്തരം സാഹചര്യങ്ങളിൽ പെടുന്നവർക്ക് ഏറെ ആശ്വാസമായി. ആരോഗ്യ വകുപ്പിനു കീഴിൽ മലബാറിൽ തന്നെ തിരൂരിൽ മാത്രമാണ് എല്ലാ ഉപകരണങ്ങളുമുള്ള ഗ്യാസ്ട്രോ എൻട്രോളജി സേവനമുള്ളത്. ഒജിഡി സ്കോപ്, കൊലനോസ്കോപ് എന്നിവയാണ് പ്രധാന ഉപകരണങ്ങൾ.
2022 ഫെബ്രുവരി 7നാണ് ഈ വിഭാഗം തിരൂരിൽ ആരംഭിച്ചത്. 2 വർഷം കൊണ്ട് 2065 എൻഡോസ്കോപ്പികൾ ചെയ്ത് റെക്കോർഡുമിട്ടു. ഇതിൽ 1650 എണ്ണം ബയോപ്സിയായിരുന്നു. ഇതുവഴി 80 പേർക്ക് കാൻസറുണ്ടെന്നും കണ്ടെത്തി. ഫാറ്റി ലിവർ കണ്ടെത്താനുള്ള ഫൈബ്രോ സ്കാനും 1250 എണ്ണം ഇവിടെ പൂർത്തിയാക്കി. വിഭാഗം തുടങ്ങാൻ ജില്ലാ പഞ്ചായത്തും കാസ്പും ചേർന്ന് 30 ലക്ഷം രൂപ ചെലവിട്ടിരുന്നു.
15 ലക്ഷം രൂപയോളം ഈ വിഭാഗത്തിൽ നിന്ന് ആശുപത്രി മാനേജ്മെന്റിലേക്കു തിരിച്ചടയ്ക്കാനും വിഭാഗത്തിനായി. എല്ലാ പരിശോധനകൾക്കും പുറത്തുള്ളതിനേക്കാൾ ഫീസ് കുറവുമാണിവിടെ. ഇത്രയൊക്കെയായിട്ടും ഇവിടെ ഉദര കരൾ രോഗ വിദഗ്ധന്റെയും ടെക്നിഷ്യന്റെയും തസ്തികയില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ. മുരളീകൃഷ്ണൻ വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി വന്നാണ് ഇവിടെ ചികിത്സ നടത്തുന്നത്.