ആരോഗ്യമുറപ്പാക്കാൻ പുതിയ ഭക്ഷണശീലം; സന്ദേശവുമായി കലക്ടർ ജനങ്ങളിലേക്ക്
Mail This Article
തിരൂർ ∙ ആരോഗ്യമുറപ്പാക്കാൻ പഞ്ചസാരയും ഉപ്പും എണ്ണയും നിറങ്ങളുമെല്ലാം കുറയ്ക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ സന്ദേശം കൂടുതൽ പേരിലേക്കെത്തിക്കാൻ ഇന്നലെ കലക്ടർ വി.ആർ.വിനോദ് തിരൂരിലുമെത്തി. രാവിലെ 7 മണിയോടെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് അദ്ദേഹമെത്തിയത്. ഇവിടെ പ്രഭാതസവാരിക്കാരുടെ കൂട്ടായ്മയായ മോണിങ് സ്റ്റാർ ഇന്റർനാഷനലും ജില്ലാ റസിഡന്റ്സ് അസോസിയേഷനും ചേർന്ന് ബോധവൽക്കരണ ക്യാംപെയ്നിനുവേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
സ്റ്റേഡിയത്തിലെത്തിയ കലക്ടർ ഇവിടെ വ്യായാമത്തിനെത്തിയവർക്കൊപ്പം ആദ്യം സ്റ്റേഡിയത്തിനു ചുറ്റും ഒന്നര റൗണ്ട് ഓടി. തുടർന്ന് അര മണിക്കൂറിലേറെ സമയം ഇവർക്കൊപ്പം വ്യായാമവും ചെയ്തു.ജില്ലാ ഭരണകൂടത്തിന്റെ സന്ദേശം കൂടുതൽ പേരിലേക്കെത്തിക്കാനുള്ള താലൂക്കുതല പ്രചാരണ ക്യാംപെയ്ൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു. പഞ്ചസാര, ഉപ്പ്, എണ്ണ, ഭക്ഷണങ്ങളിൽ ചേർക്കുന്ന നിറങ്ങൾ എന്നിവ പതിയെ കുറച്ചുകൊണ്ടുവരണമെന്നായിരുന്നു ബോധവൽക്കരണത്തിലൂടെ കലക്ടർ അറിയിച്ചത്.
തുടർന്ന് ഈ സന്ദേശം ഉൾക്കൊണ്ട് പഞ്ചസാരയും മറ്റും ഭക്ഷണത്തിൽ നിന്നൊഴിവാക്കിയ തിരൂർ തൃക്കണ്ടിയൂർ ജിഎൽപി സ്കൂൾ അധ്യാപികമാർ, നെറ്റ്‍വ റസിഡന്റ്സ് അസോസിയേഷൻ, തിരൂർ പൊറൂർ റസിഡന്റ്സ് അസോസിയേഷൻ, എൽഎസ്എസ് മാതൃകാ പരീക്ഷയിൽ മധുരമിട്ട ചായയ്ക്കു പകരം വിദ്യാർഥികൾക്കു ഓറഞ്ച് നൽകിയ അധ്യാപക സംഘടന കെപിഎസ്ടിഎ.
റൂട്രോണിക്സ് സ്ഥാപനമായ ഐഎച്ച്ടി എന്നിവർക്ക് അദ്ദേഹം ഉപഹാരങ്ങൾ നൽകി.ചടങ്ങിൽ മോണിങ് സ്റ്റാർ ഇന്റർനാഷനൽ ചെയർമാൻ ഷാഫി ഹാജി കൈനിക്കര ആധ്യക്ഷ്യം വഹിച്ചു. അൻവർ സാദത്ത് കള്ളിയത്ത്, ആർപിഎഫ് എസ്ഐ കെ.എം.സുനിൽ കുമാർ, കെ.കെ.റസാഖ് ഹാജി, സലാം.പി.ലില്ലീസ്, ഫൈസർ ബാബു, ഡോ. സലീം, മുസ്തഫ മുത്താണിക്കാട്ട്, ലത്തീഫ് അതിയത്തിൽ എന്നിവർ പ്രസംഗിച്ചു.