24 സ്ത്രീകൾ, 24 കഥകൾ: ‘അകമഴിയുമ്പോൾ’ ഇന്ന് പ്രകാശനം ചെയ്യും
Mail This Article
കൊണ്ടോട്ടി ∙ ‘‘ഇരുപത്തിനാല് സ്ത്രീകൾ, ഇരുപത്തിനാല് കഥകൾ. ഓരോ കഥയും ഓരോ അനുഭവമാണ്. സുപരിചതവും അപരിചിതവുമായ ലോകങ്ങളിലേക്ക് അവരവർക്ക് പരിചിതമായ ഭാഷാ ശൈലികളിലൂടെയുള്ള എത്തിനോട്ടങ്ങൾ... കൊക്കൂണുകൾക്കുള്ളിൽ സുഷുപ്തിയിലാണ്ട ഭാവനാ സമ്പന്നരായ എഴുത്തുകാരികളെ പുറന്തോട് പൊട്ടിച്ച് ശലഭങ്ങളായി പുറത്തേക്കു കൊണ്ടുവരാനുള്ള എളിയശ്രമമാണ് ഈ കൃതി.
ചാരംമൂടിക്കിക്കുന്ന സ്വപ്നങ്ങളെ അനുകൂലമായ കാറ്റ് വീശുമ്പോൾ കനലായി ജ്വലിപ്പിച്ച് കഥാസന്ദർഭങ്ങാക്കി വികസിപ്പിച്ചെടുക്കാൻ കഥാകൃത്തുക്കൾ ശ്രമിച്ചിട്ടുണ്ട്’’ (വനിതാ ദിനത്തോടനുബന്ധിച്ച് കൊണ്ടോട്ടി ഉപജില്ലയിലെ അധ്യാപികമാർ ചേർന്നൊരുക്കിയ ‘അകമഴിയുമ്പോൾ’ എന്ന ചെറുകഥാ സമാഹാരത്തിന്റെ മുഖവുരയിൽ, മേലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ഇംഗ്ലിഷ് അധ്യാപിക കെ.കെ.ജഹനാര ബീഗം കുറിച്ച വാചകങ്ങളാണിത്.)
വീണ്ടുമൊരു വനിതാ ദിനം എത്തുമ്പോൾ, വേറിട്ട പ്രവർത്തനമെന്ന ആലോചനയിൽ കെഎസ്ടിഎ കൊണ്ടോട്ടി ഉപജില്ല വനിതാ ഉപസമിതി എത്തിച്ചേർന്നത് 24 വനിതകളുടെ ഒരു പുസ്തകം എന്ന തീരുമാനത്തിലായിരുന്നു. വർഷം 2024 ആയതിനാലാണ് സൃഷ്ടികളുടെ എണ്ണം 24 ആക്കിയത്. അതു പൂർത്തീകരിച്ചു.
കൊണ്ടോട്ടി ഉപജില്ലയിലെ 24 അധ്യാപികമാരുടെ ചെറുകഥകൾ ചേർത്ത് ‘അകമഴിയുമ്പോൾ’ എന്ന സമാഹാരം പ്രകാശനത്തിനൊരുങ്ങി. നാളെ പുളിക്കൽ ലേ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ബദറുന്നിസ പ്രകാശനം ചെയ്യും.
മാറിയ കാലത്തെ അധ്യാപന തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി സർഗശേഷിയെ പരിപോഷിപ്പിച്ച് തേച്ചുമിനിക്കിയെടുത്ത കുഞ്ഞുകഥകളുടെ സമാഹാരമാണ് ‘അകമഴിയുമ്പോൾ’. കൊണ്ടോട്ടി ജിഎംയുപി സ്കൂൾ അധ്യാപിക മൈമൂന കുടുക്കൻ, കരിപ്പൂർ ജിഎംഎൽപി സ്കൂൾ അധ്യാപിക പി.രേഖ തുടങ്ങിയവരാണു നേതൃത്വം നൽകിയത്.