ഷൊർണൂർ -നിലമ്പൂർ റെയിൽപാതയിൽ 28 സർവീസുകൾക്കു വരെ സാധ്യത; 2 ക്രോസിങ് സ്റ്റേഷനുകൾ വരുന്നു
Mail This Article
നിലമ്പൂർ ∙ പുതിയ 2 ക്രോസിങ് സ്റ്റേഷനുകൾ വരുന്നതാേടെ ഷൊർണൂർ -നിലമ്പൂർ ഒറ്റവരിപ്പാതയിൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ തുടങ്ങാൻ അവസരം ഒരുങ്ങും. നിലവിൽ ദിവസേന 14 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങിലാണ് ക്രോസിങ്. കുലുക്കല്ലൂർ, മേലാറ്റൂർ എന്നിവിടങ്ങളിൽ ക്രോസിങ് യാഥാർഥ്യമാകുമ്പോൾ 28 സർവീസുകൾക്ക് വരെ സാധ്യത തെളിയുന്നു. ഇതുവരെ പുതിയ ട്രെയിനുകൾ ആവശ്യപ്പെടുമ്പോൾ ക്രോസിങ് അസൗകര്യം ചൂണ്ടിക്കാട്ടിയാണ് നിരസിച്ചിരുന്നത്.
പുതിയ ക്രോസിങ് സ്റ്റേഷനുകളുടെ പ്രഖ്യാപനം കുലുക്കല്ലൂർ, മേലാറ്റൂർ സ്റ്റേഷനുകളുടെ വികസനത്തിന് ആക്കം കൂട്ടും. നിലവിൽ രണ്ടും ഹാൾട്ട് സ്റ്റേഷനുകളാണ്. പാലക്കാട് ഡിവിഷനിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഹാൾട്ട് സ്റ്റേഷൻ എന്ന പ്രത്യേകതയും കുലുക്കല്ലൂരിലുണ്ട്. രണ്ടിടത്തും ഒറ്റ പ്ലാറ്റ്ഫോം മാത്രമാണ്. ക്രോസിങ്ങിന് 2 ട്രെയിനുകൾ നിർത്താൻ വേണ്ടി ഒരു പ്ലാറ്റ്ഫോം കൂടി നിർമിക്കും കുലുക്കല്ലൂരിൽ നിലവിൽ പ്ലാറ്റ്ഫോമിന് 12 ബോഗി സൗകര്യമാണ്. അത് ഇരട്ടിയാകും.
കൂടുതൽ ജീവനക്കാർ
പുതിയ ക്രോസിങ് സ്റ്റേഷനുകൾ യാഥാർഥ്യമാകുമ്പോൾ പാതയിൽ വികസന സാധ്യത തെളിയുകയാണ്. പുതിയ ക്രോസിങ് സ്റ്റേഷനുകൾക്ക് 2007 മുതൽ പാലക്കാട് ഡിവിഷനും ദക്ഷിണ റെയിൽവേയും എല്ലാ വർഷവും ശുപാർശ ചെയ്യുന്നതാണ്. ട്രാഫിക്, പ്ലാനിങ്, എൻജിനീയറിങ്, ഓപ്പറേഷൻസ്, സിഗ്‌നലിങ് വിഭാഗങ്ങൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശുപാർശ ആവർത്തിച്ചു കൊണ്ടിരുന്നത്. ജനപ്രതിനിധികളും സംഘടനകളും യോജിച്ച് നടത്തിയ സമ്മർദം ഒടുവിൽ ഫലം കണ്ടു. കുലുക്കല്ലൂരിൽ 16.15 കോടി, മേലാറ്റൂരിൽ 14.58 കോടി രൂപ വീതമാണ് ക്രോസിങ് സ്റ്റേഷൻ നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കി വൈകാതെ ടെൻഡർ നടപടികളിലേക്ക് കടക്കും.