എന്തിനോടും ഫായിസ് പറയും; ഒരു കൈ നോക്കാം
Mail This Article
പെരിന്തൽമണ്ണ ∙ ഇരുകൈകളും മുട്ടറ്റം മാത്രം. അവ ഉപയോഗിച്ച് സൈക്കിളിൽ പറപറക്കും. നന്നായി എഴുതും, മികച്ച രീതിയിൽ ജയിക്കും... ജീവിതത്തിൽ അസാധ്യമായി ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്തുകയാണ് പെരിന്തൽമണ്ണ ജൂബിലി റോഡിലെ ഒറ്റകത്ത് മുഹമ്മദ് ഫായിസ്(26). ജന്മനാ മുട്ടുവരെ മാത്രമേ കൈകൾ ഉണ്ടായിരുന്നുള്ളൂ. വലതു കാലിന് നീളക്കുറവും ഉണ്ട്. മദ്രസയിലും വീടിനടുത്തുള്ള കെഎംഎം യുപി സ്‌കൂളിലും പഠിക്കാൻ ചേർന്നു. രണ്ടു കയ്യും ഉപയോഗിച്ച് എഴുതാൻ പഠിച്ചു.
മുഹമ്മദ് ഫായിസ് ഇപ്പോൾ വടിവൊത്ത കയ്യക്ഷരത്തിൽ മലയാളവും ഇംഗ്ലിഷും ഹിന്ദിയും എഴുതും. പ്ലസ്‌ടുവും, ഉയർന്ന മാർക്കോടെ ബിബിഎയും ജയിച്ചു. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിൽ എംകോം പഠിച്ചു. ഇപ്പോൾ എറണാകുളം ഗവ.ടിടിഐയിൽ പഠനം തുടരുന്നു. സംസ്ഥാന പാരാ അത്‌ലറ്റിക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിലും ലോങ് ജംപിലും സ്വർണം നേടിയിട്ടുണ്ട്.
നാലു സഹോദരിമാരുടെയും മാതാവിന്റെയും ഏതാവശ്യത്തിനും സഹായിയാണ് മുഹമ്മദ് ഫായിസ്. പച്ചക്കറിക്കടയിൽ ജോലി ചെയ്യുന്ന പിതാവിനെയും സഹായിക്കും. മെഡിക്കൽ ബോർഡ് 80 ശതമാനം വൈകല്യം രേഖപ്പെടുത്തിയ മുഹമ്മദ് ഫായിസ് നിശ്ചയദാർഢ്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ അരക്കൈകൾ തന്നെ ധാരാളമെന്ന് തെളിയിക്കുകയാണ്.