അച്ഛനൊരു കനലോർമ; നിറകണ്ണോടെ പരീക്ഷ എഴുതി അദ്യുത
Mail This Article
നിലമ്പൂർ ∙ ‘പഠിച്ചതെല്ലാം പരീക്ഷയ്ക്ക് വരും’ എന്നു പറഞ്ഞ് ആത്മവിശ്വാസം നൽകിയാണ് ജയപ്രകാശ് മകൾ അദ്യുതയെ പരീക്ഷയെഴുതാൻ പറഞ്ഞയയ്ക്കാറുണ്ടായിരുന്നത്. എന്നാൽ ഇന്നലെ ആ പതിവു തെറ്റി. അനുഗ്രഹം നൽകേണ്ട അച്ഛന്റെ ചേതനയറ്റ ശരീരം കണ്ടാണ് അദ്യുത ഇന്നലെ എസ്എസ്എൽസി പരീക്ഷാഹാളിലേക്കു പോയത്. ഹിന്ദി പരീക്ഷയായിരുന്നു. നിറഞ്ഞ കണ്ണുകളും നുറുങ്ങിയ ഹൃദയവുമായി അദ്യുത ആ പരീക്ഷ എഴുതിത്തീർത്തു.
അമരമ്പലം അമ്പലക്കുന്ന് കുന്നക്കാവ് കളരിക്കൽ ജയപ്രകാശ് (44) വൃക്കരോഗം മൂർഛിച്ച് ഇന്നലെ പുലർച്ചെ 4ന് ആണ് മരിച്ചത്. അഞ്ചാം മൈലിൽ ടൂവീലർ വർക്‌ഷോപ് ഉടമയാണ് ജയപ്രകാശ്. ഭാര്യ: സന്ധ്യ, മക്കൾ: അദ്യുത, 8-ാം ക്ലാസ് വിദ്യാർഥിനി അതുല്യ. പഠനത്തിൽ സമർഥരായ മക്കളെ ഉന്നതനിലയിൽ എത്തിക്കണമെന്നതു ജയപ്രകാശിന്റെ സ്വപ്നമായിരുന്നു. പ്രമേഹ ചികിത്സയ്ക്കിടെയാണ് വൃക്കരോഗം തിരിച്ചറിഞ്ഞത്. ഡിസംബറിൽ ഡയാലിസിസ് തുടങ്ങി.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ ഡയാലിസിസിനു പോകാനിരിക്കുകയായിരുന്നു. പൂക്കോട്ടുംപാടം ജിഎച്ച്എസ്എസിലാണ് അദ്യുത പഠിക്കുന്നത്. വിവരം അറിഞ്ഞ് ക്ലാസ് ടീച്ചർ പ്രമീള ഉൾപ്പെടെയുള്ള അധ്യാപകർ പ്രിയ ശിഷ്യയുടെ വീട്ടിലെത്തി. അച്ഛന്റെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ നല്ല രീതിയിൽ പരീക്ഷയെഴുതണമെന്ന് പറഞ്ഞ് അവർ അദ്യുതയ്ക്ക് ധൈര്യം പകർന്നു. അച്ഛന്റെ ചേതനയറ്റ ശരീരത്തെ വണങ്ങി അദ്ദേഹത്തിന്റെ അനുഗ്രഹം എന്നെന്നും ഒപ്പമുണ്ടെന്ന വിശ്വാസത്തിൽ 8.45ന് പരീക്ഷയ്ക്ക് പുറപ്പെട്ടു, ബന്ധു പ്രജിത കൂട്ടുപോയി. പരീക്ഷ എഴുതി 12ന് വീട്ടിൽ തിരിച്ചെത്തി. ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംസ്കാരം.