നിലമ്പൂരിലെ റോഡ് പണി മുന്നറിയിപ്പില്ലാതെ; കലുങ്ക് പൊളിച്ചപ്പോൾ ഗതാഗതക്കുരുക്ക്
Mail This Article
നിലമ്പൂർ∙ നഗരവികസനത്തിന്റെ ഭാഗമായി കെഎൻജി പാതയിൽ ജനതപ്പടിയിൽ പുനർനിർമിക്കുന്നതിനായി കലുങ്ക് പൊളിച്ചു. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു.ജനതപ്പടി മുതൽ സിനായ് ലോഡ്ജ് വരെ പാത വീതികൂട്ടി പുനർനിർമിക്കുന്നത് ഡിസംബറിൽ തീരുമെന്നു പറഞ്ഞാണ് പണി തുടങ്ങിയത്. എന്നാൽ അവിടവിടെ നടത്തുന്ന പണി ഇഴഞ്ഞുനീങ്ങുന്നത് വ്യാപാരികളെയും ജനത്തെയും തെല്ലൊന്നുമല്ല വലയ്ക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രി റോഡിനു സമീപം കലുങ്ക് ഒരു ഭാഗം പൊളിച്ച് പുനർനിർമാണം തുടങ്ങി. മുൻകൂട്ടി അറിയിച്ചതിനാൽ പൊലീസ് ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു. കാര്യമായ ഗതാഗതപ്രശ്നം ഉണ്ടായില്ല.എന്നാൽ പൊലീസിനെ പോലും അറിയിക്കാതെയാണ് ജനതപ്പടിയിൽ കലുങ്ക് പൊളിച്ചത്.
തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് കിലോമീറ്ററുകൾ നീണ്ടു. നഗരത്തിൽ ഇന്നലെ അനുഭവപ്പെട്ടത് 40 ഡിഗ്രി സെൽഷ്യസ് ചൂടാണ്. 2 കിലോമീറ്റർ ദൂരം താണ്ടാൻ ഏറെനേരം എടുത്തതോടെ ഉഷ്ണം സഹിക്കാനാകാതെ യാത്രക്കാർ വാഹനങ്ങളിൽ ഇരുന്ന് എരിപൊരികൊണ്ടു. സമയനഷ്ടം കാരണം സ്വകാര്യ ബസുകളുടെ ട്രിപ്പുകൾ മുടങ്ങി. ചുങ്കത്തറ, കരുളായി, കാളികാവ്, അകമ്പാടം ഭാഗങ്ങളിൽനിന്നുള്ള ബസുകളിൽ മിക്കതും ചക്കാലക്കുത്ത് വഴി ചുറ്റിക്കറങ്ങിയാണ് നിലമ്പൂർ സ്റ്റാൻഡിൽ എത്തിയത്. പോക്കറ്റ് റോഡുകളിലും ഗതാഗതക്കുരുക്കുണ്ടായി. റോഡ് പണി രാത്രിയിൽ നടത്തി പ്രശ്നം പരിഹരിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലെങ്കിൽ സർവീസ് നിർത്തേണ്ടിവരുമെന്ന് മുന്നറിയിപ്പു നൽകി. ജില്ലാ പ്രസിഡന്റ് മുസ്തഫ കത്തുംപടിക്കൽ അധ്യക്ഷത വഹിച്ചു.