ഓൺലൈൻ നിക്ഷേപത്തട്ടിപ്പ്; പണം പിരിച്ചെടുത്ത യുവാവിനെ തടവിൽ പാർപ്പിച്ച 5 പേർ റിമാൻഡിൽ
Mail This Article
എടവണ്ണ ∙ ഓൺലൈൻ വ്യാപാരമേഖലയിൽ ലക്ഷങ്ങൾ നിക്ഷേപിക്കുകയും പണം നഷ്ടപ്പെട്ടപ്പോൾ നിക്ഷേപം സ്വീകരിച്ച യുവാവിനെ തടവിൽ പാർപ്പിച്ച് ബന്ധുക്കളോട് വിലപേശൽ നടത്തുകയും ചെയ്ത 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐന്തൂർ സ്വദേശികളായ മണ്ണിൽക്കടവൻ അജ്മൽ(37), താനിയാട്ടിൽ ഷറഫുദ്ദീൻ(46) പത്തപ്പിരിയം സ്വദേശി ചെറുകാട് അബൂബക്കർ(52), കണ്ടാലപ്പറ്റ സ്വദേശി വലിയ പീടിയേക്കൽ ഷറഫുദ്ദീൻ (43), കണ്ടാലപ്പറ്റ വലിയപറമ്പിൽ വിപിൻദാസ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കാളികാവ് ഐലാശ്ശേരി സ്വദേശിയായ യുവാവ് ഓൺ ലൈൻ ഷെയർ മാർക്കറ്റ് ട്രേഡിങ് വഴി വൻ ലാഭം നേടിയെടുക്കാമെന്നുപറഞ്ഞ് ഇവരിൽ നിന്നും ലക്ഷങ്ങൾ നിക്ഷേപം വാങ്ങിയിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 10,000 രൂപയാണ് വാഗ്ദാനം ചെയ്തത്. ആദ്യമാസങ്ങളിൽ ലാഭവിഹിതം കൃത്യമായി നൽകി. പിന്നീട് പണം ലഭിക്കാതെയായപ്പോൾ പ്രതികൾ നിക്ഷേപ സംഖ്യ ആവശ്യപ്പെട്ട് യുവാവിനെ സമീപിച്ചു. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് യുവാവ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേത്തുടർന്ന് ബിസിനസ് സംസാരിക്കാനാണെന്നു പറഞ്ഞ് യുവാവിനെ വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിടുകയായിരുന്നു. ബന്ധുക്കളെ വിളിച്ച് യുവാവ് തങ്ങളുടെ കസ്റ്റഡിയിൽ ആണെന്നും വിട്ടുകിട്ടണമെങ്കിൽ പണം വേണമെന്നും ആവശ്യപ്പെട്ടു.
പരിഭ്രാന്തരായ ബന്ധുക്കൾ വണ്ടൂർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വണ്ടൂർ, എടവണ്ണ പൊലീസും, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്തു. ആൾപ്പാർപ്പില്ലാത്ത വീട്ടിൽ താമസിപ്പിച്ച യുവാവിനെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് യുവാവിന്റെ പരാതി പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.
വണ്ടൂർ സിഐ അജേഷ് കുമാർ, എസ്‌ഐ അബ്ദുൽ സമദ്, സിപിഒ വിനീഷ്, എടവണ്ണ എസ്‌ഐ അബ്ദുൽ അസീസ് കാരിയോട്ട്, എഎസ്‌ഐ സുനിത, സിപിഒ ഷബീർ, സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൾ സലീം, എൻ.പി.സുനിൽ, അഷിഫ് അലി, നിബിൻദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.