ഷൊർണൂർ–നിലമ്പൂർ പാത പരീക്ഷണ ഓട്ടം വിജയം; വികസനപ്രതീക്ഷയിൽ മലയോരനാട്
Mail This Article
പെരിന്തൽമണ്ണ ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ വൈദ്യുതീകരണ പ്രവൃത്തി പൂർത്തിയാകുമ്പോൾ നാട് സ്വപ്‌നം കാണുന്നത് കുന്നോളം പ്രതീക്ഷകളുമായി. ഇന്നലെ പാതയിൽ വൈദ്യൂതീകരണ പ്രവൃത്തികളുടെ പരിശോധനയ്‌ക്കെത്തിയ സംഘത്തെയും ട്രയൽ റണ്ണുമായി നിലമ്പൂരിൽ നിന്നെത്തിയ ട്രെയിനിനെയും നാട് സ്വീകരിച്ചത് മനസ്സുനിറയെ വികസന സ്വപ്‌നങ്ങളുമായാണ്. അങ്ങാടിപ്പുറത്തെ സ്വിച്ചിങ് സ്‌റ്റേഷന്റെ ഉദ്ഘാടനവും ഇന്നലെ നടന്നു. ഇതിനു പുറമേ വാണിയമ്പലത്തും വാടാനംകുർശ്ശിയിലുമാണ് സ്വിച്ചിങ് സ്‌റ്റേഷനുകൾ ഒരുക്കുന്നത്. അങ്ങാടിപ്പുറത്ത് സംഘത്തെ സ്വീകരിക്കാൻ ഓൾ കേരള റെയിൽവേ പാസഞ്ചർ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഷിജു എം.സാമുവൽ ഉൾപ്പെടെ എത്തിയിരുന്നു.
റൂട്ടിൽ മെമു സർവീസുകൾ ആരംഭിക്കുമെന്ന പ്രതീക്ഷ വളരെയേറെയാണ്. അതോടൊപ്പം ഏറെ ആശ്വാസകരമായിരുന്ന ട്രെയിനുകളുടെ പഴയ സമയക്രമം തിരിച്ചെത്തുമെന്നും ആശിക്കുന്നു. കോട്ടയം ട്രെയിനിന് മുഴുവൻ സ്‌റ്റേഷനുകളിലും പഴയ പടി സ്റ്റോപ്പും യാത്രക്കാർ സ്വപ്‌നം കാണുന്നു. നിലവിൽ എറണാകുളം–ഷൊർണൂർ മെമു രാത്രി 8.40 ന് ഷൊർണൂരിൽ എത്തിയ ശേഷം രാവിലെ 4.30 ന് ആണ് ഷൊർണൂരിൽ നിന്ന് മടങ്ങി പോകുന്നത്.
ഈ ട്രെയിൻ രാത്രിയിൽ നിലമ്പൂരിലേക്ക് നീട്ടുകയും രാവിലെ നിലമ്പൂരിൽ നിന്ന് ആരംഭിക്കുകയും ചെയ്‌താൽ നിരവധി ദീർഘദൂര ട്രെയിനുകൾക്ക് യാത്രക്കാർക്ക് കണക്‌ഷൻ ലഭിക്കും. ഇതു സംബന്ധിച്ച് ഒട്ടേറെ നിവേദനങ്ങളും റെയിൽവേക്ക് സമർപ്പിച്ചിട്ടുണ്ട്.
രാത്രിയിൽ തിരുവനന്തപുരം–എറണാകുളം ഭാഗത്തു നിന്നുള്ള ജനശതാബ്ദി, വന്ദേ ഭാരത്, നിസാമുദ്ദീൻ, കോഴിക്കോട് ഭാഗത്തു നിന്നുള്ള തിരുവനന്തപുരം എക്സ്പ്രസ്, കൊച്ചുവേളി എക്‌സ്പ്രസ്, ഓഖ–എറണാകുളം, നാഗർകോവിൽ എക്‌സ്പ്രസ്, തിരുവനന്തപുരം എക്സ്പ്രസ്, യശ്വന്തപുരം എക്‌സ്പ്രസ്, രാവിലെ പാലക്കാട് ഭാഗത്തേക്കുള്ള വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്പ്രസ്, പാലക്കാട് നിന്നുള്ള തൃച്ചെന്ദൂര്(പളനി, മധുരൈ), ബെംഗളൂരു, തിരുച്ചിറപ്പള്ളി, തൃശൂർ ഭാഗത്തു നിന്നുള്ള കോട്ടയം, കൊല്ലം വഴിയുള്ള മധുരൈ എക്‌സ്പ്രസ് എന്നിവയ്‌ക്കെല്ലാം കണക്‌ഷൻ കിട്ടും.