അന്വേഷിപ്പിൻ ‘കണ്ടലിൽ’ എത്തും; പച്ചപ്പിന്റെ കാഴ്ചകളൊരുക്കി കടലുണ്ടി – വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്
Mail This Article
വള്ളിക്കുന്ന്∙ വെള്ളത്തിനു നടുവിലെ പച്ചപ്പിന്റെ കോട്ട പോലെയാണ് വള്ളിക്കുന്നിലെ കണ്ടൽക്കാടുകൾ ദൂരക്കാഴ്ചയിൽ. മുളങ്കോൽ കുത്തി വള്ളമടുക്കുമ്പോൾ അവയ്ക്കിടയിൽ നെടുങ്കൻ വഴികൾ തെളിയും. നിറഞ്ഞ പച്ചപ്പാണ് മുകളിൽ. താഴെ വെള്ളത്തിലേക്കു വീണ കണ്ടൽച്ചെടിയുടെ വേരുകൾ കൈവരി തീർക്കുന്ന ജലപാത. ആകാശത്തിനും ഭൂമിക്കുമിടയിൽ ആരുടെയും കണ്ണിൽപെടാതെ ഒളിച്ചിരിക്കാൻ നിർമിച്ച കോട്ടയിലേക്കു നമ്മൾ പ്രവേശിക്കുകയായി. ഇലപ്പടർപ്പുകൾക്കിടയിലൂടെ സൂര്യരശ്മികളുടെ നേർരേഖകൾ തലങ്ങും വിലങ്ങും പായുന്നുണ്ടാകും.
കണ്ടൽക്കോട്ടയുടെ ചില്ലകളിൽ ആരെയും ഗൗനിക്കാതെ സ്വന്തം കാര്യം മാത്രം നോക്കിയിരിക്കുന്ന ദേശാടനപ്പക്ഷികളെ കാണാം. ശല്യപ്പെടുത്തരുത്. അതിഥികളാണവർ. വന്നതാരെന്നു നിരീക്ഷിക്കാൻ നീർനായകൾ വെള്ളത്തിൽനിന്നു തലയുയർത്തും. മൈൻഡ് ചെയ്യേണ്ട. നമ്മളും അതിഥികളാണ്. യന്ത്രസഹായമില്ലാതെ മുളങ്കോലിന്റെ താളത്തിൽ ചലിക്കുന്ന ബോട്ടിൽ ഒരു മണിക്കൂർ ചുറ്റി വരുമ്പോഴേക്കും പൊരിവേനലിലും കണ്ണും മനസ്സും കുളിർന്നിട്ടുണ്ടാകുമെന്ന് ഉറപ്പ്. പരീക്ഷകൾ തീർന്ന് അവധിക്കാല ട്രിപ്പുകൾക്കു സ്ഥലം നോക്കുന്ന തിരക്കിലാണെങ്കിൽ കടലുണ്ടി– വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് തീർച്ചയായും ലിസ്റ്റിൽ ഉൾപ്പെടുത്താം. കണ്ടാൽ ഇഷ്ടം കൂടുന്ന പ്രകൃതിയുടെ വിരുന്നുതന്നെയാണ് ഇവിടത്തെ കണ്ടൽക്കാടുകൾ.
കടലുണ്ടി – വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്
∙ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തുകളിലായി 153.84 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ കണ്ടൽക്കാടുകൾ. ഇതിൽ 21.22 ഹെക്ടർ വനം വകുപ്പിനു കീഴിലാണ്. ബാക്കിയുള്ളവ സ്വകാര്യവ്യക്തികളുടെയും കുടുംബങ്ങളുടെയും അധീനതയിലുള്ളതും. കണ്ടൽക്കാടുകളുടെ പരിസ്ഥിതി പ്രാധാന്യം മനസ്സിലാക്കി 2007ൽ ഇത് കമ്യൂണിറ്റി റിസർവായി പ്രഖ്യാപിക്കപ്പെട്ടു. കേരളത്തിലെ ആദ്യ കമ്യൂണിറ്റി റിസർവ് കൂടിയാണിത്. കണ്ടൽക്കാടുകളിൽ ഭൂരിഭാഗവും വള്ളിക്കുന്ന് പഞ്ചായത്തിലാണെങ്കിലും കമ്യൂണിറ്റി റിസർവിന്റെ പ്രവേശനം കടലുണ്ടി പഞ്ചായത്തിലൂടെയാണ്.
വനം വകുപ്പുമായി ചേർന്ന് കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റിയാണ് പരിപാലനം. 2018ൽ ഈ കമ്യൂണിറ്റി റിസർവിനെ ഇക്കോ ടൂറിസം കേന്ദ്രമാക്കി ഉയർത്തിയതോടെ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. നിലവിൽ വികസനത്തിന്റെ പാതയിലാണ് കണ്ടൽക്കാടുകളുടെ ഈ റിസർവ്.
തോണിയിൽ പോകാം, കാഴ്ചകൾ കാണാം
∙ രണ്ടുഭാഗത്തും കടലുണ്ടിപ്പുഴ, നടുവിൽ കണ്ടൽക്കാടുകളുടെ പച്ചപ്പ്. അവിടവിടെയായി തെങ്ങിൻതോപ്പുകൾ നിറഞ്ഞ തുരുത്തുകൾ. പടിഞ്ഞാറ് അറബിക്കടലിന്റെ അഴിമുഖം. കാഴ്ചകളുടെ വലിയ സാധ്യതയാണ് വള്ളിക്കുന്ന്– കടലുണ്ടി കമ്യൂണിറ്റി റിസർവ് സഞ്ചാരികൾക്കായി തുറന്നുവയ്ക്കുന്നത്. കണ്ടൽക്കാടുകളുടെ സൗന്ദര്യം അടുത്തുകാണാൻ കമ്യൂണിറ്റി റിസർവിന്റെ ജെട്ടിയിൽനിന്ന് ബോട്ടിൽ പോകണം. ഒരു ബോട്ടിൽ 8 പേർക്ക് പോകാം.
ഒരു മണിക്കൂർ നീളുന്ന ഒരു ട്രിപ്പിന് 8 പേർക്കുമായി 800 രൂപയാണ് നിരക്ക്. രണ്ടു മണിക്കൂർ യാത്രയാണെങ്കിൽ 8 പേർക്കായി 1500 രൂപ നൽകേണ്ടി വരും. 8 പേർ തന്നെ വേണമെന്നില്ല. ഒരു ട്രിപ്പിന് 800 രൂപ നൽകാമെങ്കിൽ അംഗങ്ങൾ കുറവാണെങ്കിലും തോണിയാത്ര ചെയ്യാം. പരിസ്ഥിതി, ശബ്ദമലിനീകരണം ഒഴിവാക്കാൻ മുളങ്കോൽകുത്തി സഞ്ചരിക്കുന്ന തോണികളാണ് ഇവിടെയുള്ളത്. ലൈഫ് ജാക്കറ്റ് ധരിക്കൽ നിർബന്ധം. നേരത്തേ പറയുകയാണെങ്കിൽ മിതമായ നിരക്കിൽ ഭക്ഷണസൗകര്യവും അധികൃതർ ഒരുക്കി നൽകും.
കമ്യൂണിറ്റി റിസർവിനു പുറമേ, സ്വകാര്യസംരംഭകരുടെ വിനോദസഞ്ചാര പാക്കേജുകളും യഥേഷ്ടം ലഭ്യമാണ്. രണ്ടു മണിക്കൂർ വഞ്ചിയാത്ര, മീൻ വിഭവങ്ങളുടെ പെരുപ്പം കൊണ്ട് അമ്പരപ്പിക്കുന്ന സദ്യ എന്നിവയാണ് സ്വകാര്യ സംരംഭകരുടെ ഓഫറുകൾ. 12 പേർ വരുന്ന ഒരു ഗ്രൂപ്പാണെങ്കിൽ ഒരാൾക്ക് 900 രൂപ വീതം വേണ്ടി വന്നേക്കും. കുറഞ്ഞ നിരക്കിലുള്ള പാക്കേജുകളും ലഭ്യമാണ്.
∙കടലുണ്ടി – വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലേക്കുള്ള ബുക്കിങ്ങിന് – 04952471250
പ്രാന്തൽ കണ്ടൽ എന്ന വിസ്മയം
∙ പ്രധാനമായും 8 ഇനത്തിൽപെട്ട കണ്ടലുകളാണ് കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലുള്ളത്. ഇതിൽത്തന്നെ ഏറ്റവും മനോഹരം പ്രാന്തൽ കണ്ടലിന്റെ കൂട്ടമാണ്. വെള്ളത്തിനു നടുവിൽ നല്ല ഉയരത്തിൽ വളർന്ന് ആൽമരം പോലെ താങ്ങുവേരുകൾ താഴേക്കു പടർത്തിനിൽക്കുന്ന പ്രാന്തൽ കണ്ടൽ എത്ര കണ്ടാലും മതിവരില്ല. യാത്രികരുടെ പ്രധാന ഫോട്ടോ സ്പോട്ടുകളിൽ ഒന്നു കൂടിയാണിത്.
പ്രാന്തൽ കണ്ടലിന്റെ താഴേക്കു വീണ വേരുകൾക്കിടയിലൂടെയുള്ള തോണിയാത്ര അവിസ്മരണീയമാകുമെന്ന കാര്യം നൂറ്റൊന്നു ശതമാനം ഉറപ്പ്. പക്ഷേ, വെള്ളം കൂടുന്ന വേലിയേറ്റ സമയത്തേ പ്രാന്തൽ കണ്ടലിന് നടുവിലൂടെയുള്ള യാത്ര സാധ്യമാകൂ. ഉപ്പുവലിച്ചെടുക്കുന്ന വലിയ ഉപ്പട്ടി കണ്ടൽച്ചെടിയും ഇവിടെയുണ്ട്. ഇവയുടെ ഇലകളുടെ താഴ്ഭാഗത്ത് ഉപ്പടിഞ്ഞിരിക്കുന്നതായി സൂക്ഷിച്ചു നോക്കിയാൽ കാണാം. കുറ്റിക്കണ്ടൽ, ചുള്ളിക്കണ്ടൽ, നക്ഷത്രക്കണ്ടൽ, കണ്ണാംപൊട്ടി, ചെറു ഉപ്പട്ടി, പൂക്കണ്ടൽ എന്നിവയാണ് ഇവിടെ കണ്ടുവരുന്ന മറ്റു കണ്ടൽ ഇനങ്ങൾ.
അഴിമുഖം, അസ്തമയം,മീൻ വിഭവങ്ങൾ
∙ വൈവിധ്യമാർന്ന മീൻ വിഭവങ്ങൾ കൂട്ടിയൊരു ഊണ്. ഇവിടെയെത്തിയാൽ മിസ് ആക്കാൻ പാടില്ലാത്ത ഒരു കാര്യം ഇതാണ്. പല തരത്തിലുള്ള മീൻ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഊൺ നൽകുന്ന ഒട്ടേറെ സ്ഥാപനങ്ങൾ കടലുണ്ടിയിലും വള്ളിക്കുന്നിലുമായുണ്ട്. പുഴമീൻ വിഭവങ്ങളാണ് ഇതിൽ പ്രശസ്തം. അഴിമുഖത്തോടു ചേർന്നുള്ള പാലത്തിൽ നിന്നുള്ള അസ്തമയക്കാഴ്ചയും നിർബന്ധമായും കണ്ടിരിക്കണം. പണ്ട് കടലുണ്ടി ട്രെയിൻ ദുരന്തം നടന്ന സ്ഥലവും ഇതിനു സമീപം തന്നെയാണ്.
പക്ഷികളുടെ പറുദീസ
∙ പൊതുവേ വലിയ തീറ്റപ്പാടങ്ങളുള്ള പ്രദേശങ്ങളിലാണ് ദേശാടനപ്പക്ഷികൾ എത്താറുള്ളത്. എന്നാൽ ചെറിയൊരു പ്രദേശമായിട്ടും കടലുണ്ടിയിൽ ഇത്രയധികം വ്യത്യസ്ത ഇനം പക്ഷികൾ എത്തുന്നു എന്നതു തന്നെ വിസ്മയകരമാണ്. ജൈവ വൈവിധ്യം കൊണ്ടും ഭക്ഷണലഭ്യത കൊണ്ടും സമ്പന്നമാണ് ഈ പ്രദേശം എന്നതാണ് പക്ഷിക്കൂട്ടങ്ങൾ ഇവിടെ വിരുന്നെത്തുന്നതിനു കാരണം. ഏകദേശം നവംബർ മുതൽ മാർച്ച് പകുതി വരെയാണ് ഇവിടെ പക്ഷിക്കൂട്ടങ്ങൾ എത്താറുള്ളത്. യൂറോപ്പിൽനിന്നും ആഫ്രിക്കയിൽനിന്നുമുള്ള പക്ഷികളെയൊക്കെ ഇവിടെ കാണാം.
സാൻഡ് പൈപ്പറുകൾ, സീഗൾസ് ഹെറോണുകൾ എന്നിവ അവയിൽ ചിലതുമാത്രം.യൂറോപ്പിൽ നിന്നുള്ള ദേശാടനപ്പക്ഷിയായ പൈഡ് ആവോസെറ്റിനെ ഈ വർഷം കടലുണ്ടിയിൽ കാണുകയുണ്ടായി. 15 വർഷങ്ങൾക്കു മുൻപാണ് ഈ പക്ഷിയെ ഇവിടെ ഇതിനു മുൻപ് കണ്ടത്. കടലുണ്ടിയുടെ പേരിൽത്തന്നെ ഒരു പക്ഷിയുണ്ടെന്നതാണ് മറ്റൊരു കൗതുകം. കടലുണ്ടി ആള എന്നാണ് ഈ ദേശാടനപ്പക്ഷിയുടെ പേര്.പണ്ടുകാലത്ത് കടലുണ്ടി പ്രദേശത്ത് ഇവ ധാരാളമായി കാണപ്പെട്ടിരുന്നു. അതിൽനിന്നു ലഭിച്ചതാണ് ഈ പേര്. എന്നാൽ ഇപ്പോഴിത് അപൂർവമായേ കാണാറുള്ളൂ. പക്ഷികൾ മാത്രമല്ല, പലതരം മത്സ്യങ്ങൾ, ഞണ്ടുകൾ, നീർനായ്ക്കൾ ഉൾപ്പെടെയുള്ള സസ്തനികൾ എന്നിവ കൊണ്ടും സമ്പന്നമാണ് ഈ പ്രദേശം.
∙ വിജേഷ് വള്ളിക്കുന്ന്, പക്ഷി നിരീക്ഷകൻ