പുത്തൻ ഇനങ്ങൾ, പുതുവർണങ്ങൾ: വിഷുവിനെ വരവേറ്റ് പടക്കവിപണി സജീവം
Mail This Article
നിലമ്പൂർ∙ വിഷുവിനെ വരവേറ്റ് പടക്കവിപണി സജീവം. കമ്പിത്തിരി, പൂത്തിരി, ചക്രം, മത്താപ്പ് തുടങ്ങിയ പരമ്പരാഗത ഇനങ്ങൾ മുതൽ ആകാശത്ത് വർണവിസ്മയം തീർക്കുന്ന ചൈനീസ് പടക്കങ്ങൾ വരെയുണ്ട് കൂട്ടത്തിൽ.പേര് ചൈനയ്ക്കാണെങ്കിലും എല്ലാ ഇനങ്ങളും ശിവകാശിയിലാണ് ഉണ്ടാക്കുന്നതെന്ന് നിലമ്പൂരിലെ പ്രമുഖ പടക്കവ്യാപാരിയായ നോബിൾ ഷൈജു കുര്യൻ പറഞ്ഞു. ശബ്ദത്തോടെ പൊട്ടുന്ന ഇനങ്ങൾ പല തരത്തിലും വിലയിലും ലഭ്യമാണ്. ആകാശത്ത് വർണക്കുടകൾ വിരിച്ച് 12 മുതൽ 240 തവണ പൊട്ടുന്നവയുണ്ട്. 300 മുതൽ 3600 രൂപ വരെയാണ് വില.
കമ്പിത്തിരി, മത്താപ്പ്, പൂവ്, ചക്രം, വാണം, ഗുണ്ടുകൾ കമ്പിച്ചക്രം, പമ്പരം, പിരിപിരി, ആകാശത്ത് കറങ്ങിത്തിരിഞ്ഞ് പൊട്ടുന്ന ഡ്രോൺ, ഹെലികോപ്റ്റർ തുടങ്ങിയ പല ഇനങ്ങളുണ്ട്. വർണം വാരിവിതറുന്നവയ്ക്കാണ് കൂടുതൽ ഡിമാൻഡ്. ചക്രം 10-30 , പൂവ് 10-200, കമ്പിത്തിരി 20-150 എന്നിങ്ങനെ പല വിലയിൽ ലഭ്യമാണ്. കമ്പിത്തിരി അരമീറ്റർ നീളമുള്ളതുണ്ട്. 5 എണ്ണത്തിന്റെ പാക്കറ്റ് 150 രൂപയ്ക്ക് കിട്ടും. പൊതുവെ കഴിഞ്ഞ വർഷത്തെ വിലയാണ് ഇത്തവണയുമെന്ന് വ്യാപാരികൾ പറഞ്ഞു.