ADVERTISEMENT

മലപ്പുറം ∙ കനത്ത ചൂടിൽ പ്രചാരണം നടത്തുന്ന ലോക്സഭാ സ്ഥാനാർഥികൾക്ക് ആശ്വാസമായി വേനൽമഴ. മലപ്പുറം മണ്ഡലത്തിലെ 3 സ്ഥാനാർഥികളും മഴനനഞ്ഞു പ്രചാരണം നടത്തി. എന്നാൽ പൊന്നാനിയിലെ സ്ഥാനാർഥികൾക്കു ചാറ്റലും കുളിർകാറ്റും മാത്രമേ കിട്ടിയുള്ളൂ. വിഷുത്തലേന്നത്തെ തിരക്കിനിടയിൽ ചൂട് കുറഞ്ഞത് പ്രവർത്തകർക്കും ആവേശമേകി. മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീറിന് അത്താണിക്കലിലും ആനാറങ്ങാടിയിലും വച്ചാണ് മഴ നനയാൻ അവസരം കിട്ടിയത്. മഴകാരണം പ്രചാരണവാഹനത്തിൽ തുടരാനാവാതെ വന്നതോടെ കാറിൽ കയറിയായി തുടർപര്യടനം.

എൽഡിഎഫ് സ്ഥാനാർഥി വി.വസീഫിനു പാണ്ടിക്കാട് ചെറുകുളത്തു വച്ചാണ് മഴയിലെ പ്രചാരണത്തിനവസരം ലഭിച്ചത്. തുറസ്സായ സ്ഥലത്ത് ഒരുക്കിയിരുന്ന സ്വീകരണം മഴ കാരണം തൊട്ടടുത്ത ഷെഡിലേക്കു മാറ്റേണ്ടി വന്നു. മഴ പിന്നെയും തുടർന്നെങ്കിലും പര്യടനത്തിൽ മാറ്റമൊന്നുമുണ്ടായില്ല.എൻഡിഎ സ്ഥാനാർഥി എം.അബ്ദുൽ സലാമിനു കോട്ടക്കുന്ന് പാർക്കിൽ വച്ചാണ് മഴ കിട്ടിയത്. ചിഹ്നം വച്ച കുട ചൂടിയാണ് സ്ഥാനാർഥി വോട്ടഭ്യർഥന തുടർന്നത്. പെരുന്നാളിനു ശേഷമുള്ള രണ്ടാം ശനിയാഴ്ചയും വിഷുത്തലേന്നും ആയതിനാൽ പാർക്കിൽ നല്ല തിരക്കും ആയിരുന്നു. 

എന്നാൽ, പൊന്നാനി മണ്ഡലത്തിൽ മഴ കാര്യമായി പെയ്തില്ലെങ്കിലും കുളിർകാറ്റ് സ്ഥാനാർഥികൾക്കു തുണയായി. യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനി കൊടക്കല്ലിൽ ആളുകളെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കുന്നതിനിടെയാണ് മഴയൊന്നു ചാറിപ്പോയത്. എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയുടെ പര്യടനം കുണ്ടൂരിനും ചെറുമുക്കിനും ഇടയിലൂടെ കടന്നുപോകുമ്പോഴാണ് നേരിയ തോതിൽ മഴത്തുള്ളികൾ വീണത്. എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ കോട്ടയ്ക്കലിലെ പര്യടനം കഴിഞ്ഞുപോകുമ്പോഴാണ് നഗരത്തിൽ മഴ പെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com