ADVERTISEMENT

കരുവാരകുണ്ട് ∙ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് രാഹുൽഗാന്ധി എംപി പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരാണാർഥം കരുവാരകുണ്ടിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും തുല്യത ഉറപ്പുവരുത്തന്നതാണ് ഇന്ത്യൻ ഭരണഘടന. എന്നാൽ ഒരു ഭാഷ, ഒരു ദേശം, ഒരു നേതാവ് എന്ന കാഴ്ചപ്പാടാണ് ബിജെപിയുടേത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് മോദി പറയുന്നത്. ബിജെപി പുറത്തിറക്കിയ പ്രകടനപത്രിക വെറും പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണത്തുനിന്നാരംഭിച്ച് റോഡ് ഷോ മരുതിങ്ങലിൽ അവസാനിച്ചു. മൂത്തേടത്തുനിന്ന് കാർ മാർഗം കരുവാരകുണ്ടിലെത്തിയ രാഹുലിനെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു. റോഡ് ഷോയ്ക്കു ശേഷം രാഹുൽഗാന്ധി ഹെലികോപ്റ്റർ മാർഗം കണ്ണൂരിലേക്കു പോയി. എ.പി.അനിൽകുമാർ എംഎൽഎയും കൂടെയുണ്ടായിരുന്നു.

നിലമ്പൂർ ∙ മാധ്യമങ്ങളേക്കാൾ താൻ ജനങ്ങളെ കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് രാഹുൽ ഗാന്ധി എംപി പറഞ്ഞു. നിലമ്പൂരിൽ നടത്തിയ റോഡ് ഷോയ്ക്ക് ശേഷം ചന്തക്കുന്ന് ബസ് സ്റ്റാൻഡിലെ സ്വീകരണത്തിൽ ജനങ്ങൾ രാഹുലിന് അഭിമുഖമായും ദൃശ്യമാധ്യമ പ്രവർത്തകർ പിന്നിലായും വന്നു. ക്യാമറയിൽ മുഖം കിട്ടും വിധം നിൽക്കണമെന്ന് മാധ്യമ പ്രവർത്തകർ അഭ്യർഥിച്ചപ്പോഴാണ് മീഡിയയേക്കാൾ ജനങ്ങൾക്കാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് രാഹുൽ പറഞ്ഞത്. പ്രധാനമന്ത്രി മറിച്ചാണ് ചിന്തിക്കുന്നതെന്ന് അദ്ദേഹം ആക്ഷേപിച്ചു. ഒടുവിൽ, മീഡിയയുടെ വാഹനം രാഹുലിന് അഭിമുഖമായി വലത്തേക്കു മാറ്റിയിട്ട് പ്രശ്നം പരിഹരിച്ചു.

പ്രസംഗം അൽപം നീണ്ടപ്പോൾ സമയം വൈകുന്നുവെന്ന് നേതാക്കൾ സൂചന നൽകി. ഞാൻ എന്റെ വീട്ടുകാരോടാണ് സംസാരിക്കുന്നതെന്നും വൈകിയാലും സാരമില്ലെന്നും രാഹുൽ പ്രതികരിച്ചു. കോൺഗ്രസ് മുന്നണി അധികാരത്തിൽ വന്നാൽ ദരിദ്രരായ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ പ്രതിമാസം 8500 രൂപ നിക്ഷേപിക്കും. ആശ അങ്കണവാടി പ്രവർത്തകരുടെ വേതനം ഇരട്ടിയാകും. സ്ത്രീകൾക്ക് 50% ജോലി സംവരണം തുടങ്ങിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അദ്ദേഹം പറഞ്ഞു. 

രാഹുൽഗാന്ധി നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ  നടത്തിയ റോഡ് ഷോയ്‌ക്കിടെ. പരിഭാഷക ജ്യോതി വിജയകുമാർ സമീപം.
രാഹുൽഗാന്ധി നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ നടത്തിയ റോഡ് ഷോയ്‌ക്കിടെ. പരിഭാഷക ജ്യോതി വിജയകുമാർ സമീപം.

മിനർവപ്പടി മുതൽ ചന്തക്കുന്ന് ബസ് സ്റ്റാൻഡ് വരെ തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തി. എ.പി.അനിൽകുമാർ എംഎൽഎ, ആര്യാടൻ ഷൗക്കത്ത് എന്നിവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു. രാഹുലിന്റെ ചിത്രം ആലേഖനം ചെയ്ത പ്ലക്കാർഡുകൾ, വർണ ബലൂണുകൾ എന്നിവയേന്തിയും ടീഷർട്ട്, തൊപ്പി എന്നിവ ധരിച്ചും സ്ത്രീകൾ ഉൾപ്പെടെ വൻജനാവലി മുദ്രാവാക്യം മുഴക്കി പൊരിവെയിലിൽ രാഹുലിനെ അനുഗമിച്ചു. എ.ഗോപിനാഥ്, വി.എ.കരീം, എൻ.എ.കരീം, പാലോളി മെഹബൂബ്, പൂളക്കൽ അബ്ദുട്ടി, ഷെറി ജോർജ്, പി.ടി.ഉമ്മർകോയ തുടങ്ങിയവർ നേതൃത്വം നൽകി.

നിലമ്പൂരിൽ റോഡ് ഷോയിൽ കുട്ടിയെ തോളിലേറ്റി രാഹുൽഗാന്ധിയെ കാത്തുനിൽക്കുന്ന കുടുംബം.
നിലമ്പൂരിൽ റോഡ് ഷോയിൽ കുട്ടിയെ തോളിലേറ്റി രാഹുൽഗാന്ധിയെ കാത്തുനിൽക്കുന്ന കുടുംബം.

ചൂട് വകവയ്ക്കാതെ വൻജനക്കൂട്ടം
എടക്കര ∙ കത്തുന്ന ചൂടിനെ വകവയ്ക്കാതെയാണ് മൂത്തേടത്ത് രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിൽ പങ്കെടുക്കാൻ യുഡിഎഫ് പ്രവർത്തകരെത്തിയത്. ഉച്ചകഴിഞ്ഞ് 3ന് ആണ് രാഹുൽഗാന്ധി മൂത്തേടത്ത് എത്തുന്നതെന്ന് അറിയിച്ചതെങ്കിലും രണ്ടോടെതന്നെ പ്രവർത്തകരെത്തി തുടങ്ങി. ഈ സമയത്ത് തിരഞ്ഞെടുപ്പ് ചൂടിനു മുകളിൽ അന്തരീക്ഷത്തിലെ താപനില 38 ഡിഗ്രിയാണ്. മൂന്നായപ്പോഴേക്കും റോഡ് ഷോ തു‌ടങ്ങുന്ന വല്ലടിയുണ്ട മുതൽ മൂത്തേടം അങ്ങാടി വരെ റോഡിനിരുവശവും ആളുകൾ നിറഞ്ഞു. നിലമ്പൂരിലെ റോഡ് ഷോ കഴിഞ്ഞ് കരുളായി പാലാങ്കര വഴി  3.50 ആയപ്പോഴാണ് രാഹുൽ എത്തിയത്. വല്ലടിമുണ്ടയിൽ യുഡിഎഫ് നേതാക്കൾ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. പിന്നീട് അര കിലോമീറ്റർ റോഡ് ഷോയിൽ എല്ലാവരെയും അഭിവാദ്യം ചെയ്തു. മൂത്തേടം അങ്ങാടിയിൽ വോട്ടദ്യർഥിച്ച് സംസാരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സംഘാടകർ ഒരുക്കിയിരുന്നെങ്കിലും സമയക്കുറവ് കാരണം അടുത്ത പര്യടന കേന്ദ്രമായ കരുവാരക്കുണ്ടിലേക്ക് മ‌ടങ്ങി.

യുഡിഎഫ് നേതാക്കളായ പി.വി.അബ്ദുൽ വഹാബ് എംപി, എ.പി.അനിൽകുമാർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ടി.പി.അഷ്റഫലി, ബാബു തോപ്പിൽ, എൻ.എ.കരീം, സി.എച്ച്.ഇഖ്ബാൽ എന്നിവർ കൂടെയുണ്ടായിരുന്നു. യുഡിഎഫ് മൂത്തേടം പഞ്ചായത്ത് ഭാരവാഹികളായ പി.അഷ്റഫ്, എൻ.കെ.കുഞ്ഞുണ്ണി, പി.ഉസ്മാൻ, ജസ്മൽ പുതിയറ എന്നിവർ നേതൃത്വം നൽകി. വിവിധ കേന്ദ്രങ്ങളിൽ കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ, തെലങ്കാന മന്ത്രി ഡൻസാരി അനസൂയ (സീതക്ക), സി.പി.ചെറിയ മുഹമ്മദ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ.ബഷീർ എംഎൽഎ, ആലിപ്പറ്റ ജമീല, കെ.പി.നൗഷാദലി,  അജീഷ് എടാലത്ത്, അസീസ് ചീരാൻ തൊടി, കെ.സി.കുഞ്ഞഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com