ADVERTISEMENT

സമയം ഉച്ചയ്ക്ക് രണ്ടര മണി. മമ്പാട് അങ്ങാടിയിൽ രാഹുൽ ഗാന്ധിയെ കാത്തുനിൽക്കുന്ന സ്ത്രീകളുടെ കൂട്ടം. പ്രായമായവരും വിദ്യാർഥികളുമുണ്ട്. രാഹുൽ ഗാന്ധിയുടെ ചിത്രമുള്ള പ്ലക്കാർഡുമായി പോയ കോൺഗ്രസ് പ്രവർത്തകനോട് പ്രായം കൂടിയ സ്ത്രീകളിലൊരാൾ അതു ചോദിച്ചു വാങ്ങി. ‘കുറച്ച് നേരെങ്കിലും വെയില് കൊള്ളാതെ നിക്കാലോ. ഒന്ന്ങ്ങട്ട് കാട്ട്’. പ്ലക്കാർഡ് നൽകി പ്രവർത്തകൻ പറഞ്ഞു.‘ കുടയായി ഉപയോഗിച്ചാൽ പോര. രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്തിക്കാട്ടണം’. ‘ ഞമ്മളെ രാഹുൽ ഗാന്ധീടെ ചിത്രം പിടിച്ചില്ലെങ്കിൽ പിന്നെ ആരത് പിടിക്കും’. രാഹുൽ ഗാന്ധിയെന്ന നേതാവിനോട് ജനത്തിനുള്ള സ്നേഹ വായ്പ് ഇന്നലെ അദ്ദേഹത്തിന്റെ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ദൃശ്യമായിരുന്നു. ഉയർന്നു നിന്ന താപനിലയിലും ആവേശ മാപിനി എവിടെയും വാടാതെ നിന്നു.

1. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയെ കാത്ത് കിഴുപറമ്പിൽ പ്ലക്കാർഡും ബലൂണുമായി നിൽക്കുന്നവർ. 2. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി മമ്പാടിൽ നടന്ന റോഡ് ഷോയിൽ.
1. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയെ കാത്ത് കിഴുപറമ്പിൽ പ്ലക്കാർഡും ബലൂണുമായി നിൽക്കുന്നവർ. 2. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി മമ്പാടിൽ നടന്ന റോഡ് ഷോയിൽ.

∙സ്ത്രീകളുടെ സാന്നിധ്യം തന്നെയായിരുന്നു എടുത്തു നിൽക്കുന്ന പ്രത്യേകത. ആദ്യ സ്വീകരണ കേന്ദ്രമായ കീഴുപറമ്പ് മുതൽ അവസാന കേന്ദ്രമായ കരുവാരകുണ്ട്‌വരെ സ്ത്രീ സാന്നിധ്യം മികച്ച ഭൂരിപക്ഷം നേടി. വിദ്യാർഥികളും ചെറുപ്പക്കാരും എല്ലായിടത്തും നേതാവിനെ കാണാനെത്തി. ഹസ്തദാനം നൽകാനും ഓട്ടോഗ്രാഫിനും വേണ്ടി പലരും തിക്കിത്തിരക്കി. ചിലർക്ക് ‘വിത്ത് ലൗ, രാഹുൽ ഗാന്ധിയെന്ന്’ ഒപ്പിട്ടു നൽകി. ചിത്രം വരച്ചു നൽകിയവർക്ക് നന്ദി പറഞ്ഞ്, ഇഷ്ടത്തോടെ അത് ഏറ്റുവാങ്ങി ഒപ്പമുണ്ടായിരുന്നവർക്ക് കൈമാറി.

∙സദസ്സുമായി വേഗത്തിൽ ‘കണക്ട്’ ചെയ്യുന്നൊരു രസതന്ത്രം രാഹുലിന്റെ പ്രസംഗങ്ങളിലുണ്ട്. മമ്പാടിൽ വലിയ ജനക്കൂട്ടം. തൊട്ടടുത്ത കെട്ടിടത്തിനു മുകളിലും മറ്റുമായി വിദ്യാർഥികളും ഏറെയുണ്ട്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് പറയുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് 2 പേരുടെ പേര് ചോദിച്ചു.‘അജീഷ്, സിയാദ്’. വയസ്സ് ? . ‘36, 16’. തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് ഇന്റേൺഷിപ് പ്രോഗ്രാമെന്ന കോൺഗ്രസ് വാഗ്ദാനം വിവരിക്കാനുള്ള തയാറെടുപ്പായിരുന്നു അത്. ‘ഇന്ത്യൻ ജനസംഖ്യയിൽ നല്ലൊരു ശതമാനം ഈ പ്രായ പരിധിയിലുള്ളവരാണ്. തൊഴിലില്ലായ്മയാണ് അവരുടെ പ്രധാന പ്രശ്നം. അതിനുള്ള ഫലപ്രദമായ പരിഹാരങ്ങളിലൊന്നാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഇന്റേൺഷിപ് പ്രോഗ്രാം’.

∙പ്രധാന മത്സരം സിപിഐ സ്ഥാനാർഥിയുമായിട്ടാണെങ്കിലും ദേശീയ നേതാവിന്റെ ഭാഷയിലാണ് രാഹുലിന്റെ പ്രസംഗം. വയനാട്ടിൽ മുഖ്യ പോരാട്ടം സിപിഐയുമായിട്ടാണെങ്കിലും ഇടതുപക്ഷത്തിനെതിരെയോ സംസ്ഥാന സർക്കാരിനെതിരെയോ ഒരു വാക്കുപോലുമുണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ കത്തിക്കയറി. കോവിഡ് കാലത്ത് പാത്രം കൊട്ടാൻ പറഞ്ഞത് ‘ട്രോളായി’ അവതരിപ്പിച്ചപ്പോൾ സദസ്സിൽ കയ്യടിയുടെ ഇടി മുഴങ്ങി.

∙‘വയനാട് എന്റെ കുടുംബമെന്ന’ വൈകാരികത എല്ലാ പ്രസംഗങ്ങളിലും എടുത്തു പ്രയോഗിച്ചു. ഏറ്റവും നന്നായി കയ്യടി കിട്ടുന്നതും അപ്പോഴാണ്. രാഷ്ട്രീയക്കാരനിലുപരി നാടിനു പ്രിയപ്പെട്ടൊരാൾ എന്ന ഇമേജിലേക്ക് സ്വയം മാറിയാണ് രാഹുലിന്റെ മണ്ഡല പര്യടനം. ജനത്തിനിടയിലും അതിനു സ്വീകാര്യത ലഭിക്കുന്നുവെന്ന് ആൾക്കൂട്ടം വിളിച്ചു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com