ആറുവരിപ്പാത നിർമിക്കാൻ കുന്ന് ഇടിച്ചുതാഴ്ത്തി; വീടുകൾക്ക് വിള്ളൽ, താമസം മാറാൻ ആവശ്യപ്പെട്ടു
Mail This Article
കുറ്റിപ്പുറം ∙ മംഗളൂരു– ഇടപ്പള്ളി ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി ഇടിച്ചു താഴ്ത്തിയ കുന്നിനു സമീപത്തെ 5 വീടുകൾക്ക് വിള്ളൽ കണ്ടെത്തി. വീടുകൾ അപകട ഭീഷണിയിലാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ വീട്ടുകാരോട് താമസം മാറാൻ അധികൃതർ ആവശ്യപ്പെട്ടു. വീടുകളുടെ അവസ്ഥ പരിശോധിക്കാൻ ഇന്ന് ദേശീയപാത വിഭാഗത്തിന്റെ വിദഗ്ധ സംഘം സ്ഥലത്തെത്തും.
ദേശീയപാതയിലെ കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തെ കുന്നിനു മുകളിലെ വീടുകൾക്കാണ് വ്യാപകമായി വിള്ളൽ കണ്ടെത്തിയത്. കുറ്റിപ്പുറം പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെട്ട പേരാഞ്ചേരി വീട്ടിൽ ഷറഫുദ്ദീൻ, ബാവ, അലവി, അബു, വാരിയത്ത് പടി മാത എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. വീടുകളുടെ ചുവരുകളും തറകളും വിണ്ടുകീറിയ നിലയിലാണ്.ഇതിനു പുറമേ വീടുകളുടെ മുറ്റത്തും പറമ്പിലും വ്യാപകമായി വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ 2 വീടുകൾക്ക് വലിയ തോതിലുള്ള വിള്ളൽ കാണാനുണ്ട്.
പുതിയ വീടുകളും ഭീഷണിയിൽ
പുതിയ പാതയുടെ നിർമാണത്തിനായി വീടുകൾക്ക് സമീപത്തെ സ്ഥലം ഏറ്റെടുത്ത് താഴ്ത്തിയിരുന്നു. വീടുകൾ സ്ഥിതിചെയ്യുന്നത് വലിയ ഉയരമുള്ള പ്രദേശത്തായതിനാൽ അപകട ഭീഷണി ഏറെയാണ്. റോഡിനായി താഴ്ത്തിയ ഭാഗത്തെ പാർശ്വഭാഗം കോൺക്രീറ്റ് ഭിത്തികൾ കെട്ടിയിട്ടുണ്ടെങ്കിലും ഇതിനു താഴ്ഭാഗം ഇടിഞ്ഞു താഴുകയായിരുന്നു. 4 ദിവസം മുൻപ് നേരിയതോതിൽ കാണപ്പെട്ട വിള്ളൽ ഇന്നലെ രാവിലെയാണ് വ്യാപകമായത്. അപകടഭീഷണിയിലായ 5 വീടുകളിൽ 2 വീടുകൾ പുതിയതായി നിർമിച്ചതാണ്.
മഴക്കാലത്ത് അപകടസാധ്യത
ദേശീയപാതയ്ക്കായി സ്ഥലം വിട്ടുനൽകിയ തുക ഉപയോഗിച്ച് നിർമിച്ച വീടുകളാണ് തകർച്ചാഭീഷണിയിലായത്. ഇന്ന് വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കിയശേഷം ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകും.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വീടുകൾ താമസയോഗ്യമാണോ എന്ന കാര്യത്തിൽ വ്യക്തത കൈവരുക. പ്രദേശത്തെ മണ്ണിന്റെ അവസ്ഥ കണക്കിലെടുത്ത് മഴക്കാലത്ത് അപകടസാധ്യത കൂടുതലാണെന്ന സൂചനകളാണ് ആദ്യഘട്ട പരിശോധനയിൽ ലഭിച്ചിട്ടുള്ളത്. വീടുകൾ താമസയോഗ്യമല്ലെങ്കിൽ കുടുംബങ്ങൾക്ക് ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം അടക്കമുള്ളവ നൽകേണ്ടിവരും.