ADVERTISEMENT

എടക്കര/വണ്ടൂർ ∙ എടക്കരയിൽ നട്ടുച്ചയ്ക്ക് ചൂട് 39 ഡിഗ്രി സെൽഷ്യസ്. തൊപ്പിയിട്ടിട്ടും രക്ഷയില്ലാതെ പാദം മുതൽ മുഖം വരെ പുകയുന്ന അന്തരീക്ഷം. ഒരു കല്യാണത്തിൽ പങ്കെടുത്ത് കുടുംബത്തോടൊപ്പം മടങ്ങവേ, പ്രിയങ്ക ഗാന്ധി വരുന്നുണ്ടെന്നറിഞ്ഞ് കാത്തുനിന്ന മണക്കാട്ടുനിന്നുള്ള രണ്ടാം ക്ലാസുകാരൻ ഷമീമിനെപ്പോലെ നൂറുകണക്കിനാളുകൾ കെഎൻജി പാതയുടെ ഇരുവശവും തിങ്ങിനിറഞ്ഞിരിക്കുന്നു. കയ്യിൽ ‘രാഹുലിനൊപ്പം ഇന്ത്യയ്ക്കായി’ എന്ന പ്ലക്കാർഡുകൾ... പൊലീസ് ജീപ്പുകളുടെ സൈറൺ അകമ്പടിയിൽ പ്രിയങ്ക കൈവീശി കാറിൽ കടന്നുവന്നപ്പോൾ അവർ കാത്തുനിന്നൊരു കുളിർകാറ്റ് വീശിയ പ്രതീതി, പിന്നെ ആവേശം...

വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് സഹോദരി പ്രിയങ്ക എടക്കരയിലെത്തിയത്. വയനാട്ടിൽനിന്ന് ഹെലികോപ്റ്ററിൽ വഴിക്കടവ് മുണ്ടയിലെ ഗ്രൗണ്ടിലിറങ്ങിയ ശേഷം 2 കിലോമീറ്റർ ദൂരമാണ് കാറിലെത്തിയത്. റോഡ് ഷോ അറിയിച്ചിരുന്നെങ്കിലും സമയക്കുറവും ചൂടും കാരണം പ്രചാരണയോഗത്തിലേക്ക് ചുരുക്കുകയായിരുന്നു.

മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ബസ് ടെർമിനലി‍ൽ വാഹനത്തിലൊരുക്കിയ വേദിയിലേക്ക് ജയ് വിളികളുടെ ആരവത്തിൽ ചൂടിൽ വാടാത്ത ചിരിയുമായി പ്രിയങ്ക കൈവീശിക്കയറി. ഇത്രയും ചൂടിലും തന്നെ കാത്തുനിന്നതിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം. രാഹുലിന്റെ പേര് പറഞ്ഞുതുടങ്ങിയപ്പോൾ 66 വയസ്സുകാരൻ രാജു വർഗീസിനെപ്പോലെ, ഖദറിട്ടെത്തിയവരൊക്കെയും കയ്യടിച്ച് മുന്നോട്ട് കയറിനിന്നു. 

പ്രളയകാലത്ത് രാഹുൽ ഒപ്പം നിന്നതും രാത്രിയാത്രാ നിരോധനത്തിനെതിരെയും നിലമ്പൂർ– നഞ്ചൻകോട് പാതയ്ക്കു വേണ്ടിയും അദ്ദേഹം പാർലമെന്റിലടക്കം നടത്തിയ ഇടപെടലുകളും പ്രിയങ്ക വിവരിച്ചത് ചിരിയോടെ. ഗാന്ധിജിയുടെ ആശയമായിരുന്ന ജനസേവനമാണ് രാഹുലും മുറുകെപ്പിടിക്കുന്നതെന്ന് പറഞ്ഞത് റോഡരികിലെ ഗാന്ധി പ്രതിമയെ സാക്ഷിയാക്കി.

എന്നിട്ടും രാജ്യത്ത് ഒരു രാഷ്ട്രീയക്കാരനും നേരിടാത്ത വിധമുള്ള അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും അദ്ദേഹം വിധേയനാകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ അവരുടെ മുഖത്ത് ഗൗരവം. ഹത്രസും മണിപ്പുരും വിഷയമായി വന്നപ്പോൾ മുഖം രോഷംകൊണ്ട് ചുവന്നു. രാഹുലിന് നൽകുന്ന പിന്തുണയ്ക്ക് തന്റെ കുടുംബത്തിന്റെ നന്ദി അറിയിച്ചുകൊണ്ട് വാക്കുകൾ അവസാനിപ്പിക്കുമ്പോൾ ഒരു കുളിർമഴ പെയ്ത പ്രതീതി. കാറിൽ നേരെ വണ്ടൂരിലെത്തുമ്പോൾ സമയം 4.10.  അവിടെ കാത്തുനിന്നത് ജനസാഗരമായിരുന്നു. 

വടപുറം – വളാഞ്ചേരി സംസ്ഥാന പാതയിൽ വണ്ടൂർ ഫെഡറൽ ബാങ്കിനു മുന്നിൽനിന്ന് തുറന്ന ജീപ്പിലേക്ക്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എ.പി.അനിൽകുമാർ, പി.വി.അബ്ദുൽ വഹാബ്, ജെബി മേത്തർ എന്നിവർക്കൊപ്പം ജനക്കൂട്ടത്തിലൂടെ കൈവീശി 250 മീറ്റർ അകലെ ടാക്സി സ്റ്റാൻഡിലൊരുക്കിയ വേദിയിലേക്ക്. നാസിക് ധോലും പൂക്കാവടിയും ത്രിവർണ ബലൂണുകളുമൊക്കെയായി വർണാഭമായ ഘോഷയാത്ര പോലെ റോഡ് ഷോ. മുൻ ആക്ഷേപങ്ങൾ തള്ളി മുസ്‌ലിം ലീഗിന്റെ വലിയ കൊടികളും അകമ്പടിയായി.

വാഹനത്തിനു പിന്നാലെയെത്തിയ ജനക്കൂട്ടം വേദിക്കരികിലെത്തിയപ്പോഴേക്കും വീർപ്പുമുട്ടുന്ന അവസ്ഥ. ചെട്ടിയാർമാട്ടുനിന്ന് മകൻ ആറാം ക്ലാസുകാരൻ അജ്ഷലിനൊപ്പമെത്തിയ റംലത്തിനെപ്പോലെ, ചിലർ അരമതിലിൽ മറ്റുള്ളവർക്കു പിന്നിൽ നിന്ന് ഏന്തിവലിഞ്ഞാണ് അവരെ കണ്ടത്. സഹോദരൻ നാടിനായി ചെയ്യുന്ന സേവനത്തെക്കുറിച്ചും മോദിയെ വിമർശിച്ചും രാജ്യത്തിന്റെ വീണ്ടെടുപ്പിനെക്കുറിച്ചുമൊക്കെ വാചാലയായി അവരുടെ പ്രസംഗം. 

  അവസാനം പ്രവർത്തകരിലൊരാൾ നീട്ടിയ ത്രിവർണത്തൊപ്പി സ്നേഹത്തോടെ വാങ്ങി മടക്കം. പ്രിയങ്കയുടെ വാഹനം കടന്നുപോകുമ്പോഴേക്കും വണ്ടൂർ ജംക്‌ഷനിൽ ആനി രാജയുടെ പ്രചാരണ കലാശക്കൊട്ടിനായി എൽഡിഎഫ് പ്രവർത്തകരുമെത്തി. യോഗം പിരിഞ്ഞെത്തിയ യുഡിഎഫ് പ്രവർത്തകരും പിന്നീട് ബിജെപി പ്രവർത്തകരും എത്തിയതോടെ വണ്ടൂർ ടൗൺ കലാശക്കൊട്ടിന്റെ ആവേശത്തിലേക്ക്. വാണിയമ്പലത്തുനിന്ന് ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് പ്രിയങ്ക മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com