ADVERTISEMENT

പെരിന്തൽമണ്ണ ∙ അതിഥിത്തൊഴിലാളിയുടെ കൊലപാതകത്തിൽ പ്രതികളെ വലയിലാക്കിയത് സമീപവാസിയുടെ സാക്ഷിമൊഴിയും മൊബൈൽ ഫോണും. അഴുകിയ മൃതദേഹത്തിൽ പ്രാഥമിക പരിശോധനയിൽ കാര്യമായ പരുക്കുകളോ മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണമോ കണ്ടെത്താനായിരുന്നില്ല. ഒരുവശം ചെരിഞ്ഞ് കമിഴ്‌ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറി പുറത്തുനിന്ന് പൂട്ടിയതു മാത്രമായിരുന്നു ദുരൂഹത.

ദോളൻ ചപദാസ്, ബുദ്ധദേബ് 
ദാസ്.
ദോളൻ ചപദാസ്, ബുദ്ധദേബ് ദാസ്.

പൊലീസിന്റെ കൂടുതൽ അന്വേഷണത്തിലാണ് കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്ന സാധ്യതകൾ കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മൊഴിയാണ് പൊലീസിന് പിടിവള്ളിയായത്. ദിപംകർ മാജിയുടെ സഹോദരനും ഭാര്യയുമാണെന്ന് പറഞ്ഞ് ഒരു ചെറിയ കുട്ടിയോടൊപ്പം പ്രതികൾ സംഭവം നടന്ന ക്വാർട്ടേഴ്‌സ് മുറിയിൽ ഇടയ്‌ക്കിടെ വരാറുണ്ടായിരുന്നു എന്നായിരുന്നു മൊഴി.

ദിപംകർ മാജി
ദിപംകർ മാജി

സംഭവം നടന്നതായി കരുതുന്ന 26ന് ഇരുവരെയും ഇവിടെ കണ്ടിരുന്നുവെന്നും ദിപംകർ മാജി മുറിയിൽ കിടക്കുന്ന സമയത്ത് ഇവർ മുറി പൂട്ടിയതായും മൊഴി നൽകി. ഇതേത്തുടർന്ന് അന്വേഷണം ഇവരെ കേന്ദ്രീകരിച്ചായി. ഇവർ താമസിക്കുന്ന സ്ഥലം കണ്ടെത്തിയപ്പോൾ ഇരുവരും അന്നുതന്നെ മുറി പൂട്ടി സ്ഥലം വിട്ടതായി കണ്ടെത്തി. ബുദ്ധദേബ് ദാസിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും കണ്ടെത്തി. എന്നാൽ കൂടെയുണ്ടായിരുന്ന ദോളൻ ചപദാസിന്റെ ഫോണിന്റെ ലൊക്കേഷൻ ബംഗാളിലെ സൗത്ത് 24 പാർഗനാസ് ആണെന്നും അന്വേഷണത്തിൽ വ്യക്തമായി.

അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ പെരിന്തൽമണ്ണ 
മണലിക്കുഴിത്തോട്ടത്തിലെ വാടക ക്വാർട്ടേഴ്‌സ്.
അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ പെരിന്തൽമണ്ണ മണലിക്കുഴിത്തോട്ടത്തിലെ വാടക ക്വാർട്ടേഴ്‌സ്.

ഉടൻ തന്നെ പെരിന്തൽമണ്ണ പൊലീസ്, ബംഗാൾ സാഗർ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് പ്രതികളെ തടഞ്ഞുവയ്‌പ്പിച്ചു. അവിടെയെത്തിയ പെരിന്തൽമണ്ണ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികൾ പാലക്കാട് മുതൽ ഹൗറവരെ യാത്ര ചെയ്‌ത ട്രെയിൻ ടിക്കറ്റുകളും ഫോണുകളും പൊലീസ് കസ്‌റ്റഡിയിലെടുത്തു. പ്രതികളെ അവിടെയുള്ള കോടതിയിൽ ഹാജരാക്കി കോടതിയുടെ ട്രാൻസിറ്റ് വാറണ്ടോടെയാണ് പെരിന്തൽമണ്ണയിലെത്തിച്ചത്.

പ്രതികൾ ഉറക്കഗുളികകൾ കലക്കി നൽകിയതായി പറയുന്ന വെള്ളക്കുപ്പികളും ഗ്ലാസുകളും പൊലീസ് മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ സംഭവസ്ഥലത്തുനിന്ന് കസ്‌റ്റഡിയിലെടുത്തിരുന്നു. പ്രതികൾ പലപ്പോഴായാണ് ഉറക്ക ഗുളിക വാങ്ങിയിട്ടുള്ളത്. മൊബൈൽ ക‌ടയിലെത്തിച്ചാണ് കൊല്ലപ്പെട്ടയാളുടെ മൊബൈൽ ഫോണിന്റെ സ്‌ക്രീൻ ലോക്ക് നീക്കിയതെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ബംഗാൾ സ്വദേശിയുടെ കൊലപാതകം; ദമ്പതികൾ അറസ്റ്റിലായത് ബംഗാളിൽനിന്ന്

പെരിന്തൽമണ്ണ∙ അതിഥിത്തൊഴിലാളിയായ യുവാവിനെ താമസസ്ഥലത്ത് പുറത്തുനിന്ന് പൂട്ടിയ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ബംഗാൾ പർഗാനാസ് ഹരിപ്പുർ സൗത്ത് 24ലെ ഗണേഷ് മാജിയുടെ മകൻ ദിപംകർ മാജിയെ (ദീപക്–38) ആണ് കഴിഞ്ഞ ഞായറാഴ്‌ച പെരിന്തൽമണ്ണ ഗാന്ധി നഗറിലെ മണലിക്കുഴിത്തോട്ടത്തിലെ വാടക ക്വാർട്ടേഴ്‌സിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

സംഭവവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശികളായ സൗത്ത് 24 പർഗാനാസ് കാസ് രാംകർചർ സ്വദേശി ബുദ്ധദേബ് ദാസ് (27), ഭാര്യ പർബ മെദിനിപുർ ബ്രജൽചക്ക് സ്വദേശിനി ദോളൻ ചപദാസ് (33) എന്നിവരെയാണ് 30ന് ബംഗാളിൽ വച്ച് അറസ്‌റ്റ് ചെയ്‌തത്. ബംഗാൾ പൊലീസ് കസ്‌റ്റഡിയിലെടുത്ത ഇവരെ പെരിന്തൽമണ്ണ പൊലീസ് എത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പെരിന്തൽമണ്ണയ്‌ക്കടുത്തുതന്നെ താമസിക്കുന്ന പ്രതികൾ കൊല്ലപ്പെട്ട ദീപംകർ മാജിയുടെ വാടക ക്വാർട്ടേഴ്‌സിൽ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. ഇവർ സഹോദരനും ഭാര്യയുമാണെന്നാണ് സമീപം താമസിക്കുന്നവരോട് പറഞ്ഞിരുന്നത്. ഇതിനിടെ ദോളർ ചപദാസിന്റെ നഗ്‌നവിഡിയോ ദീപംകർ ഫോണിൽ എടുത്ത് അതു കാണിച്ച് ഇവരെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചു.

ഇതേ തുടർന്ന് ഇരുവരും ചേർന്ന് ദിപംകറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഭർത്താവ് വാങ്ങിയ 15 ഉറക്കഗുളികകളുമായി 26ന് ഡോളൻ ചപദാസ്, ദിപംകർ താമസിക്കുന്ന മുറിയിലെത്തി. സൗഹൃദം നടിച്ച് ദിപംകർ അറിയാതെ ഉറക്ക ഗുളികകൾ വെള്ളത്തിൽ കലർത്തി കുടിക്കാൻ നൽകി. വെള്ളം കുടിച്ച് ദിപംകർ മയങ്ങിയെന്ന് ഉറപ്പായതോടെ ബുദ്ധദേബ് ദാസിനെ വിളിച്ചു വരുത്തി ഇരുവരും ചേർന്ന് തലയണ കൊണ്ട് മുഖം അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് നഗ്‌ന വീഡിയോ പകർത്തിയ മൊബൈൽ ഫോൺ കവർന്ന് മുറി പൂട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. ദിപംകർ മാജിയുടെ മൊബൈൽ ഫോൺ പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്‌തു. ഇൻസ്‌പെക്‌ടർ എൻ.എസ്.രാജീവ്, എസ്‌ഐ സി.എസ്.രമേശ്, എഎസ്‌ഐ അനിത, സിപിഒ കൃഷ്‌ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com