ഭാരതപ്പുഴ വറ്റിവരണ്ടു, ചെറുകുളങ്ങൾ മാത്രമായി; ദാഹജലം കിട്ടാതെ നാൽക്കാലികളും
Mail This Article
തിരൂർ ∙ ഏതു കടുത്ത വേനലിലും ചെറു ചാലിന്റെ രൂപത്തിലെങ്കിലും ഭാരതപ്പുഴ ഒഴുകിയിരുന്നു. എന്നാൽ ഈ വേനലിൽ ആ ചാലും അതിലെ ഒഴുക്കും ഇല്ലാതായ സ്ഥിതിയാണ്. പലയിടത്തായി ചെറുകുളങ്ങൾ രൂപപ്പെട്ട പോലെയാണ് പുഴയുടെ ഇപ്പോഴത്തെ അവസ്ഥ. വെള്ളം താണുതുടങ്ങിയ ഇടങ്ങളിലെല്ലാം ചെളിയാണ്. പുഴയോരത്തെ കിണറുകളും ചെറു ജലാശയങ്ങളും വറ്റിത്തുടങ്ങിയിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങളും വെള്ളത്തിനായി കേഴുകയാണ്.
പുൽക്കാടുകൾ ഭക്ഷണമാക്കാമെങ്കിലും നാൽക്കാലികൾക്ക് പുഴ നൽകിയിരുന്ന ദാഹജലവും ഇപ്പോൾ കിട്ടാനില്ല. വെള്ളം കിട്ടണമെങ്കിൽ പുഴയിൽ അതു തേടിയലയണം. പുഴയുടെ തുരുത്തുകൾ താമസസ്ഥലമാക്കിയ പശുക്കളും പോത്തുകളും നായ്ക്കളും പക്ഷികളുമെല്ലാം ദാഹജലത്തിനായി കേഴുന്ന സ്ഥിതിയാണ്.
കടുത്ത വേനൽച്ചൂടാണ് പുഴയുടെ നീരൊഴുക്ക് നിലയ്ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. എന്നാൽ നിളയുടെ ജീവനു കത്തിവച്ചത് ഇപ്പോഴും തുടരുന്ന മണലെടുപ്പ് തന്നെയാണ്. വെള്ളം അവശേഷിക്കുന്ന ഭാഗങ്ങളിൽ മുങ്ങിയും വെള്ളമില്ലാത്ത ഭാഗങ്ങളിൽനിന്ന് നേരിട്ടു കോരിയുമെല്ലാം മണലെടുപ്പ് തുടരുന്നുണ്ട്.
ചെളി കാണുന്നതു വരെ മണലെടുക്കുന്ന രീതിയാണിവിടെ.തടയണ കെട്ടി പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതും മറ്റൊരു കാരണമാണ്. വെള്ളിയാങ്കല്ല് ഭാഗം വരെ പലയിടത്തായി തടയണകളുണ്ട്. ഇത് പുഴയിലെ ഒഴുക്കിനെ ജില്ലയിലെത്തുന്നതിനു മുൻപു തന്നെ ഇല്ലാതാക്കുന്നു. വേനലും മണലെടുപ്പും തടയണയുമെല്ലാം ചേരുമ്പോൾ ഉയരുന്നത് വലിയൊരു പുഴയുടെ മരണമാണ്.