നീറ്റ്–യുജി: 14,815 പേർ പരീക്ഷയെഴുതി
Mail This Article
മലപ്പുറം∙ പരാതികൾക്ക് ഇടനൽകാതെ മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കു പ്രവേശനത്തിനു നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ്–യുജി പരീക്ഷ ജില്ലയിൽ പൂർത്തിയായി. 30 കേന്ദ്രങ്ങളിൽ നടന്ന പരീക്ഷ 14,815 പേർ എഴുതി. ജില്ലയിൽ പരീക്ഷ എഴുതാനായി 15,354 പേരായിരുന്നു റജിസ്റ്റർ ചെയ്തിരുന്നത്. ജില്ലയിലെ 27 സിബിഎസ്ഇ സ്കൂളുകളും രണ്ട് എൻജിനീയറിങ് കോളജുകളും ഒരു പോളിടെക്നിക് കോളജുമായിരുന്നു പരീക്ഷ കേന്ദ്രങ്ങൾ. പരീക്ഷയെക്കുറിച്ചു നല്ല പ്രതികരണമാണു വിദ്യാർഥികളിൽ നിന്നുണ്ടായത്.
റിപ്പീറ്റ് ചെയ്തവർക്കു പരീക്ഷ കൂടുതൽ എളുപ്പമായിരുന്നെന്നാണ് അഭിപ്രായം.രാവിലെ 11 മുതലേ പരീക്ഷാർഥികളെ കേന്ദ്രത്തിലേക്കു പ്രവേശനം നൽകി. മെറ്റൽ ഡിറ്റക്ടർ അനുബന്ധ പരിശോധനകളെല്ലാം പൂർത്തിയാക്കിയ ശേഷമാണു കേന്ദ്രത്തിലേക്കു പ്രവേശിപ്പിച്ചത്. കനത്ത വേനൽ ചൂടായതിനാൽ അനുബന്ധ സൗകര്യങ്ങളെല്ലാം പല കേന്ദ്രങ്ങളിലും ഒരുക്കിയിരുന്നു. രണ്ടു മുതൽ 5.20 വരെയായിരുന്നു പരീക്ഷ. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് മഅദിൻ പബ്ലിക് സ്കൂളിലായിരുന്നു. ഇവിടെ 1152 പേർ പരീക്ഷ എഴുതി.
ജില്ലയെ രണ്ടു സിറ്റി സെന്ററുകളാക്കിയായിരുന്നു പരീക്ഷയുടെ മേൽനോട്ടവും മറ്റും നടത്തിയത്. ഒന്നിന്റെ ചുമതല മഞ്ചേരി ബെഞ്ച് മാർക്സ് സ്കൂൾ പ്രിൻസിപ്പൽ കെ.ഉണ്ണിക്കൃഷ്ണനും രണ്ടിന്റെ ചുമതല തിരൂർ ബെഞ്ച്മാർക് സ്കൂൾ സ്കൂൾ പ്രിൻസിപ്പൽ ജോജി പോളിനുമായിരുന്നു. നടത്തിപ്പിൽ കാര്യമായ പരാതികളൊന്നും കേന്ദ്രങ്ങളിൽ നിന്നു ഉയർന്നില്ലെന്നും ഭംഗിയായി നടത്താനായതായി മേഖലാ കോഓർഡിനേറ്റർമാർ അറിയിച്ചു.