തേഞ്ഞിപ്പലം കോഹിനൂരിലും വൺവേ ഗതാഗതമാകും; മേൽപ്പാലമോ, അടിപ്പാതയോ ഇല്ല
Mail This Article
തേഞ്ഞിപ്പലം ∙ കോഹിനൂരിലും വൈകാതെ വാഹന ഗതാഗതം വൺവേ അടിസ്ഥാനത്തിലേക്ക്. യൂണിവേഴ്സിറ്റി അധ്യാപക പാർപ്പിട സമുച്ചയ പരിസരത്ത് നിർമിച്ച സർവീസ് റോഡിൽ ടാറിങ് നടത്തി. യൂണിവേഴ്സിറ്റി, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള വാഹന ഗതാഗതം വൈകാതെ ഈ സർവീസ് റോഡ് വഴി വൺവേ അടിസ്ഥാനത്തിലാക്കും. ഇപ്പോൾ കോഹിനൂരിൽ മാത്രമാണ് നിലവിൽ വൺവേ സംവിധാനം ഇല്ലാത്തത്. കോഹിനൂരിൽ എൻഎച്ചിന് കിഴക്ക് വശത്ത് സർവീസ് റോഡ് നിർമിച്ചിട്ടില്ല. ആറുവരിപ്പാതയും നിർമിച്ചിട്ടില്ല. പുതുതായി അക്വയർ ചെയ്ത സ്ഥലം കൂടി വിനിയോഗിച്ച് ആറുവരിപ്പാത വൈകാതെ നിർമിക്കും. അതിനുള്ള സ്ഥലത്ത് സംഭരിച്ച മെറ്റലും കരിങ്കൽ പൊടിയും മറ്റും വിവിധ സ്ഥലങ്ങളിലെ എൻഎച്ച് നിർമാണത്തിനായി നിത്യേന അയയ്ക്കുന്നുണ്ട്.
പുതിയ എൻഎച്ചിനുള്ള സ്ഥലത്ത് പുതുതായി കലുങ്ക് നിർമിച്ചിട്ടുണ്ട്. ആറുവരിപ്പാത നിർമിക്കുന്ന മുറയ്ക്ക് ചരക്ക് ലോറി പാർക്കിങ് കേന്ദ്രം നിർമാണവും തുടങ്ങും. കോഹിനൂരിൽ മേൽപ്പാലമോ, അടിപ്പാതയോ നിർമിക്കാൻ കഴിയില്ലെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും എൻഎച്ച് അതോറിറ്റി. അതിന് എതിരായി എൻഎച്ച് ആക്‌ഷൻ കമ്മിറ്റി നൽകിയ കേസ് ഹൈക്കോടതി വൈകാതെ പരിഗണിക്കുമെന്നാണ് വിവരം.
സർവീസ് റോഡ് നിർമാണം തുടങ്ങി
കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ പുതിയ എൻഎച്ചിന് കിഴക്കുവശത്ത് സർവീസ് റോഡ് നിർമാണം തുടങ്ങി. പഴയ എൻഎച്ചിന്റെ ശേഷിപ്പ് വിനിയോഗിച്ചായിരുന്നു ഇവിടെ ഇതു വരെ ചേളാരി, തൃശൂർ ഭാഗങ്ങളിലേക്ക് വൺവേ അടിസ്ഥാനത്തിനുള്ള വാഹന ഗതാഗതം. സർവീസ് റോഡിനുള്ള സ്ഥലം കഴിച്ചുള്ള ഭാഗത്താണ് ഇപ്പോൾ ഇവിടെ വാഹന ഗതാഗതം. സ്ഥല പരിമിതി പലപ്പോഴും യാത്രാ ക്ലേശം സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. സർവീസ് റോഡും അരികെ ഓടയും നിർമിച്ച ശേഷം ഓടയ്ക്ക് മീതെ സ്ലാബ് പാകി നടപ്പാത ഒരുക്കുന്നതോടെ മാത്രമേ ഈ ഭാഗത്ത് വാഹനഗതാഗതം സുഗമമായി നടത്താനാകൂ. മേൽപാലം പകുതി ഭാഗം അടച്ച് മറുപകുതി വഴിയാണ് ഇപ്പോൾ ഗതാഗതം അനുവദിക്കുന്നത്. സർവീസ് റോഡ് നിർമാണം തീരും വരെ അതാകും സ്ഥിതി. യൂണിവേഴ്സിറ്റി ബസ് സ്റ്റോപ് പരിസരത്ത് എൻഎച്ചിന് പടിഞ്ഞാറുവശത്ത് പുതിയ സർവീസ് റോഡ് ഉണ്ടെങ്കിലും പരിസരത്തെ പൊടിപടലം അസഹ്യമാണ്.
ഓട നിർമിച്ച് മീതെ സ്ലാബിട്ട് നടപ്പാത ഒരുക്കുന്നതോടെ മാത്രമേ ആ പ്രശ്നം തീരൂ. ഇവിടെ എൻഎച്ച് ആറുവരിപ്പാത നിർമാണം ചിലയിടത്ത് പൂർത്തിയായി. ബാക്കി സ്ഥലങ്ങളിൽ നിർമാണം അന്തിമ ഘട്ടത്തിലാണ്. ആഴത്തിലാണ് ആറുവരിപ്പാത നിർമിച്ചിട്ടുള്ളത്. ക്യാംപസിൽ നിലവിലുള്ള ബസ് സ്റ്റോപ് പരിസരത്ത് ഒരിടത്തും സർവീസ് റോഡിൽ നിന്ന് ആറുവരിപ്പാതയിലേക്കും തിരിച്ചും വാഹനങ്ങൾക്ക് പ്രവേശിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. യൂണിവേഴ്സിറ്റി അധികൃതർ മുൻപ് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അപകട സാധ്യത കൂടുമെന്നതിനാൽ പ്രായോഗികം അല്ലെന്ന നിലപാടാണ് എൻഎച്ച് അതോറിറ്റി കൈക്കൊണ്ടത്.
അടിപ്പാത നിർമിക്കണം
ജില്ലാ അതിർത്തിയിൽ നിസരി ജംക്‌ഷനിൽ യാത്രക്കാരെ വട്ടംകറക്കുന്ന നടപടി അവസാനിപ്പിച്ച് ദേശീയപാത അതോറിറ്റി അടിപ്പാത നിർമിക്കാൻ തയാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനം 3 കിലോമീറ്റർ അധികം ചുറ്റേണ്ട ദുരിതത്തിലാണ്. പ്രസിഡന്റ് പി.എം. അജ്മൽ അധ്യക്ഷത വഹിച്ചു. സലീം രാമനാട്ടുകര, കെ.കെ. വിനോദ് കുമാർ, കെ.കെ. ശിവദാസ്, പി.പി.എ. നാസർ, സി. ദേവൻ, അസ്‌ലം പാണ്ടികശാല, പി.ടി. ചന്ദ്രൻ, എ.കെ. അബ്ദുറസാഖ്, എം.കെ. സമീർ, പി.പി. ബഷീർ എന്നിവർ പ്രസംഗിച്ചു.