ADVERTISEMENT

പൊന്നാനി ∙ കപ്പൽ ബോട്ടിൽ ഇടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ മർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥരും ഇൻഷുറൻസ് സർവേയറും പൊന്നാനിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. കൊച്ചിയിൽനിന്നുള്ള  സംഘം, രക്ഷപ്പെട്ട 4 പേരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മത്സ്യബന്ധനത്തിനായി വലവിരിച്ചു ബോട്ടിൽ കാത്തിരിക്കുമ്പോഴാണ് കപ്പൽ  ബോട്ടിൽ ഇ‌ടിച്ചതെന്ന് രക്ഷപ്പെട്ടവർ സംഘത്തിനു മൊഴിനൽകി.

4 പേരെയും കപ്പൽ ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്. ഉദ്യോഗസ്ഥസംഘം അപകടത്തിൽ മരിച്ച അബ്ദുൽ സലാമിന്റെയും അബ്ദുൽ ഗഫൂറിന്റെയും വീടുകൾ സന്ദർശിച്ചു. ഞായറാഴ്ച രാത്രിയാണ് എംവി സാഗർ യുവരാജ് ചരക്കുകപ്പൽ പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിനു പോയ ഇസ്‍ലാഹ് ബോട്ടിൽ ഇടിച്ചത്.

തകർന്ന ബോട്ട് പൊന്നാനിയിലെത്തിച്ചു
പൊന്നാനി ∙ അറബിക്കടലിൽ മത്സ്യബന്ധനത്തിനിടെ കപ്പൽ ഇടിച്ചുതകർന്ന ബോട്ട് ഫിഷറീസ് വകുപ്പ് പൊന്നാനിയിലെത്തിച്ചു. രണ്ടായി പിളർന്ന ബോട്ട്, മുങ്ങൽ വിദഗ്ധരുടെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ പുറംകടലിൽനിന്ന് ബോട്ടുകളിൽ കെട്ടിവലിച്ചാണ് പൊന്നാനിയിലെ ഹാർബറിൽ ഇന്നലെ രാത്രി എത്തിച്ചത്. കോസ്റ്റൽ പൊലീസ്, ഫൊറൻസിക് വിഭാഗം, ഇൻഷുറൻസ് സർവേയർ എന്നിവരുടെ പരിശോധന ഇന്നു മുതൽ ആരംഭിക്കും.

കപ്പൽ ബോട്ടിൽ ഇടിച്ചു മരണം: ക്യാമറയിലെ ദൃശ്യങ്ങൾ നിർണായകമാകും
കൊച്ചി ∙ മീൻപിടിത്ത ബോട്ടിൽ‍ ചെറു ചരക്കു കപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ കപ്പലിന്റെ മുൻവശത്തുള്ള ക്യാമറയിലെ ദൃശ്യങ്ങളും നിർണായകമാകും. ഈ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ജീവനക്കാർ കോസ്റ്റൽ പൊലീസിനു കൈമാറിയെന്നും കപ്പൽ ബോട്ടിലിടിക്കാനുണ്ടായ സാഹചര്യം ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അറിയുന്നു. 

അന്വേഷണത്തിൽ നിർണായകമാകുന്ന കപ്പലിന്റെ വൊയേജ് ഡേറ്റാ റിക്കോർഡർ, ലോഗ്ബുക്, ജിപിഎസ് സംവിധാനം എന്നിവ കഴിഞ്ഞ ദിവസം തന്നെ കോസ്റ്റൽ പൊലീസ് പിടിച്ചെടുത്തിരുന്നു. കപ്പലിൽ കോസ്റ്റൽ പൊലീസിന്റെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, മറൈൻ മെർക്കന്റൈൽ ഡിപ്പാർട്മെന്റ് എന്നിവയുടെയും പരിശോധന പൂർത്തിയായ സാഹചര്യത്തിൽ ജീവനക്കാരെ ഇന്നലെ വിട്ടയച്ചു. കപ്പൽ ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപറേഷനു വിട്ടുനൽകിയിട്ടുണ്ട്. ജീവനക്കാരോട് 18ന് വീണ്ടും വിശദമായ മൊഴിയെടുപ്പിനു ഹാജരാകാനും പൊലീസ് നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com