ADVERTISEMENT

തേഞ്ഞിപ്പലം ∙ ദേശീയപാത കോഹിനൂർ ജംക്‌ഷനിൽ അടിപ്പാത നിർമിക്കണമെങ്കിൽ സ്ഥലം ഏറ്റെടുത്തു സമീപത്തെ മരാമത്ത് റോഡ് വീതി കൂട്ടേണ്ടി വരുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. എൻഎച്ച് സർവീസ് റോഡ് പൊളിച്ച് സ്ഥലം താഴ്ത്തുകയും വേണം. കോഹിനൂ‍രിൽ എൻഎച്ച് അതോറിറ്റി അടിപ്പാത നി‍ർദേശം തള്ളിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരുടെ ക്ഷണപ്രകാരം സ്ഥലം നേരിട്ടെത്തി പരിശോധിച്ചാണ് ശ്രീധരൻ അഭിപ്രായം അറിയിച്ചത്. 

മരാമത്ത് റോഡ് വീതി കൂട്ടി ആവശ്യമായ സ്ഥലം താഴ്ത്തുന്നതു ചില കെട്ടിടങ്ങളെ ബാധിക്കാനിടയുണ്ട്. സംസ്ഥാന സർക്കാർകൂടി മുൻകൈ എടുത്തേ സ്ഥലം ഏറ്റെടുക്കാൻ കഴിയൂ. സ്ഥലം ലഭ്യമാക്കിയാൽ 3 മീറ്റർ ഉയരവും 4 മീറ്റർ വീതിയുമുള്ള അടിപ്പാത നി‍ർമിക്കാം. സ്ഥലമെടുപ്പ് വ്യാപാര സ്ഥാപനങ്ങളെ ബാധിക്കാൻ ഇടയുള്ളതിനാൽ കോഹിനൂരിൽ അടിപ്പാത താൻ ശുപാർശ ചെയ്യില്ലെന്നും മേൽപാലം ഒരു നിലയ്ക്കും സാധ്യമല്ലെന്നും ശ്രീധരൻ വ്യക്തമാക്കി. 

എൻഎച്ച് നിർമാണം ഏറെ പുരോഗമിച്ച സാഹചര്യത്തിൽ കോഹിനൂരി‍ൽ പുതുതായി സ്ഥലം ഏറ്റെടുത്തു ഭൂമി താഴ്ത്താതെ അടിപ്പാത പ്രായോഗികമല്ല. പാണമ്പ്രയിൽ ഉയരപ്പാത തൂണുകളിൽ ആയിരുന്നെങ്കിൽ കോഹിനൂരിൽ അടിപ്പാത പരിഗണിക്കാമായിരുന്നു. കോഹിനൂർ ജംക്‌ഷൻ കോഴിക്കോട് വിമാനത്താവളത്തിലേക്ക് ദേശീയപാതയിൽനിന്ന് എളുപ്പം എത്താവുന്ന റോഡ് ആയതിനാ‍ൽ ആറുവരിപ്പാതയിൽനിന്ന് പ്രവേശനത്തിന് സൗകര്യം ഉറപ്പാക്കാൻ ഇടപെടൽ നടത്തണമെന്നും അദ്ദേഹം  നിർദേശിച്ചു. 

പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്ത്, സ്ഥിരസമിതി അധ്യക്ഷൻ എം.സുലൈമാൻ, പഞ്ചായത്തംഗം പി.വി.ജാഫർ സിദ്ദിഖ്, ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളായ എൻ.ജെ.സെബാസ്റ്റ്യൻ, ജോൺസൺ കളത്തൂർ, ശിവരാജൻ വാക്കയിൽ, വിവിധ സംഘടനാ ഭാരവാഹികളായ കെ.ചാരു, പി.ജയനിദാസ്, പി.വി.മൊയ്തീൻ, പി.വി.അൻവർ, പി.വി.മൊയ്തീൻ കോയ തുടങ്ങിയവരും ശ്രീധരനൊപ്പം എത്തിയിരുന്നു. 

പ്രതീക്ഷയില്ല; നിർദേശം എഴുതി നൽകാതെ ഇ.ശ്രീധരൻ
തേഞ്ഞിപ്പലം ∙ കോഹിനൂരിൽ അടിപ്പാതയുടെ ആവശ്യം എൻഎച്ച് അതോറിറ്റി തള്ളിയതിന്റെ ശാസ്ത്രീയ വശം തേടിയാണ് മെട്രോമാൻ ഇ.ശ്രീധരൻ എത്തിയത്. കേന്ദ്ര– സംസ്ഥാന മന്ത്രിമാർക്കും എൻഎച്ച് അതോറിറ്റി ഉന്നതർക്കും ജനപ്രതിനിധികൾക്കും പലപ്പോഴായി കത്ത് നൽകിയിട്ടും കോഹിനൂരിന്റെ കാര്യത്തിൽ തീരുമാനം ഇല്ലാതെ പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്തിന്റെ നേതൃത്വത്തിൽ ശ്രീധരനെ ക്ഷണിച്ച് വരുത്തുകയായിരുന്നു.
 

അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി നൽകിയ കേസ് 21ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ ശ്രീധരന്റെ വിദഗ്ദാഭിപ്രായം മുതൽക്കൂട്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. എൻഎച്ച് നിർമാണം ഏറെ പുരോഗമിച്ച വേളയിൽ അടിപ്പാത സംബന്ധിച്ച്  നിർദേശം എഴുതി നൽകാനുള്ള പ്രായോഗിക ബുദ്ധിമുട്ട് അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com