ADVERTISEMENT

തേഞ്ഞിപ്പലം ∙ ചേളാരി ഐഒസി എൽപിജി ബോട്‌ലിങ് പ്ലാന്റ് വളപ്പിലെ തകർന്ന മതിലിന്റെ ബാക്കി ഭാഗങ്ങളും പൊളിച്ച് ഉടൻ കോൺക്രീറ്റ് മതിൽ‌ നിർമിക്കാൻ ഐഒസി കേരള സർക്കിൾ ജനറൽ മാനേജർ വി.ശ്യാം പ്രസാദിന്റെ നിർദേശം. മതിൽ തകർന്ന് പരിസരത്തെ റോഡ് തകർന്നതുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം ചീഫ് എ‍ൽപിജി മാനേജർ വിജയ് സൂര്യയ്ക്കും മാനേജർ ആനന്ദിനും ഇതു സംബന്ധിച്ച് നിർദേശം നൽകി. 

പ്ലാന്റ് വളപ്പിന്റെ രണ്ടു വശങ്ങളിലെ മതിലുകളാണ് പൊളിച്ച് പണിയാനുള്ളത്. ഒരു വശത്ത് അര കിലോമീറ്റർ നീളമുള്ള മതിലിന്റെ ഒരു ഭാഗമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് തകർന്ന് റോഡിലേക്കു വീണത്. ആ കല്ലും മണ്ണും നീക്കി. പൊട്ടി നിൽക്കുന്ന മതിൽ ഭാഗങ്ങളും നീക്കിവരികയാണ്. 4 മീറ്ററിലേറെ ഉയരമുള്ള മതിലാണ് പൊളിക്കുന്നത്. മറുവശത്ത് 9 മീറ്റർ നീളമുള്ള മതിലാണ് പൊളിക്കാനുള്ളത്. 

ഐഒസിയുടെ 3 സ്ഥിരം കരാറുകാരുടെ സേവനം മതിൽ നിർമാണത്തിന് വിനിയോഗിക്കാനാണ് തീരുമാനം. നേരത്തേ ടെൻഡർ നൽകിയെങ്കിലും പുറത്തുനിന്നുള്ള കരാറുകാർ പണി നടത്താത്ത സാഹചര്യത്തിലാണ് ഐഒസിയുടെ എംപാനൽ കരാറുകാരുടെ സേവനം ഉപയോഗിക്കുന്നത്. 3.30 കോടി രൂപ ഐഒസി ഇതിനായി വകയിരുത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ പണി തുടങ്ങാമെന്ന ഉറപ്പാണ് പ്ലാന്റ് അധികൃതർ നൽകിയത്. 

22 ബുള്ളറ്റ് ടാങ്കറുകൾ കൊച്ചിയിലേക്ക് അയയ്ക്കും
∙ പ്ലാന്റിലെ 22 പാചക വാതക ബുള്ളറ്റ് ടാങ്കറുകൾ കൊച്ചി ഉദയംപേരൂർ പ്ലാന്റിലേക്ക് അയയ്ക്കാൻ ഉത്തരവായി. ചേളാരി പ്ലാന്റിൽ മതിൽ തകർന്നതുമായി ബന്ധപ്പെട്ട പണികൾ നടക്കുന്നതിനാലാണിത്. മംഗളൂരു എണ്ണ ശുദ്ധീകരണ ശാലയിൽനിന്ന് എത്തി ചേളാരി പ്ലാന്റിലെ പാർക്കിങ് കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ടാങ്കറുകൾ 2 ദിവസം എൻഎച്ച് ആറുവരിപ്പാതയിലേക്ക് മാറ്റിയിടുകയായിരുന്നു. ചേളാരി പ്ലാന്റിൽ ഫില്ലിങ് തുടരും. സുരക്ഷാ പ്രശ്നം പരിഹരിക്കും വരെ ഫില്ലിങ് നിർത്താൻ പഞ്ചായത്ത് തീരുമാനം ഉണ്ടെങ്കിലും പ്ലാന്റ് അധികൃതർക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് പറയുന്നു. പ‍ഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് തടസ്സം ഉണ്ടായാൽ കോടതിയെ സമീപിക്കാനാണ് ഐഒസി നീക്കം. വർഷങ്ങളായി പഞ്ചായത്ത് അനുമതി ഇല്ലാതെ ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com