ജയം, ജനമനം പാടേ കവർന്ന്
Mail This Article
തിരൂർ ∙ ജില്ലയുടെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ച് എംപിമാരായവർക്കു ലഭിച്ചതു പോൾ ചെയ്തതിൽ 50 ശതമാനത്തിലേറെ വോട്ടുകൾ. ജില്ലയിലെ വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട് ലോക്സഭയിൽ ജയിച്ച രാഹുൽ ഗാന്ധിക്കാണു സംസ്ഥാനത്തു തന്നെ ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത്. 3,64,422 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ച രാഹുൽ ഗാന്ധിക്ക് വയനാട് നൽകിയത് പോൾ ചെയ്തതിൽ 59.69% വോട്ടുകളാണ്.
3,00,118 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ച ഇ.ടി.മുഹമ്മദ് ബഷീറിനു മലപ്പുറം നൽകിയതു പോൾ ചെയ്തതിൽ 59.35% വോട്ടുകളാണ്. സംസ്ഥാനത്തു കൂടുതൽ വോട്ടുകൾ നേടിയ രണ്ടാമൻ ഇ.ടിയാണ്. പൊന്നാനിയിൽ എം.പി.അബ്ദുസമദ് സമദാനിക്ക് മണ്ഡലത്തിൽ ആകെ പോൾ ചെയ്തതിന്റെ 54.81% വോട്ടുകൾ ലഭിച്ചു. ഭൂരിപക്ഷം 2,35,760.
ഇവർക്കു പുറമേ ഹൈബി ഈഡനും ഡീൻ കുര്യാക്കോസിനും ആകെ പോൾ ചെയ്തതിൽ പകുതിയിലേറെ വോട്ടുകൾ നേടാനായി. എറണാകുളം മണ്ഡലത്തിൽ 2,50,385 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ച ഹൈബിക്കു മണ്ഡലത്തിൽ പോൾ ചെയ്തതിൽ 52.97% വോട്ടും ഇടുക്കിയിൽ നിന്ന് 1,33,727 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ച ഡീൻ കുര്യാക്കോസിന് മണ്ഡലത്തിൽ പോൾ ചെയ്തതിൽ 51.39% വോട്ടും നേടാനായി. 49.65 ശതമാനം വോട്ടുകൾ നേടി വടകരയിൽ വിജയിച്ച ഷാഫി പറമ്പിൽ തൊട്ടുപിന്നിലെത്തി.