ADVERTISEMENT

പെരിന്തൽമണ്ണ∙ ചേലാമലയിലെ അലിഗഡ് സർവകലാശാല മലപ്പുറം ക്യാംപസിലേക്കുള്ള റോഡ് നന്നാക്കുന്ന കാര്യത്തിൽ നവകേരള സദസ്സിൽ മുഖ്യമന്ത്രി നൽകിയ വാഗ്‌ദാനവും പാഴായി. പുതിയ കലാലയ വർഷം തുടങ്ങുമ്പോൾ പാടേ തകർന്നു കിടക്കുകയാണ് ക്യാംപസിലേക്കുള്ള പ്രധാന റോഡ്. മഴ കനത്തതോടെ ഏറെ പ്രയാസപ്പെട്ടാണ് വിദ്യാർഥികൾ ഇതുവഴി നടന്നുപോലും പോകുന്നത്. വാഹനങ്ങൾ കടന്നുപോവുക ഏറെ ദുഷ്‌കരം. ക്യാംപസിന്റെ വികസന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അലംഭാവവും അവഗണനയും തുടരുന്നതിനിടെയാണ് സംസ്ഥാന സർക്കാരും ഇതേ നിലപാട് പിന്തു‌ടരുന്നത്. 

അലിഗഡ് ക്യാംപസിലേക്കുള്ള റോഡ‍് നല്ല നിലവാരത്തിൽ വികസിപ്പിക്കുമെന്നായിരുന്നു നവകേരള സദസ്സിനോടനുബന്ധിച്ചുള്ള പ്രഭാതസദസ്സിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ്.  ക്യാംപസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സഹായം നൽകാൻ സർക്കാർ സന്നദ്ധമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അലിഗഡ് മലപ്പുറം കേന്ദ്രം ഡയറക്‌ടർ ഡോ. കെ.പി.ഫൈസൽ ഉൾപ്പെടെ ഒട്ടേറെപ്പേർ അന്ന് നിവേദനം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി പിഡബ്ല്യുഡി ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തുകയും റോഡിന്റെ നവീകരണത്തിന് 2 കോടി രൂപയുടെ പദ്ധതി സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ പദ്ധതിക്ക് ബജറ്റ് അനുമതി  ഇല്ലെന്ന മറുപടിയാണ് ഇതുസംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കു മറുപടി ലഭിച്ചത്. 

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക പ്രോഗ്രസ് റിപ്പോർട്ടിൽ പെരിന്തൽമണ്ണയിലെ അലിഗഡ് സർവകലാശാലാ സെന്റർ പൂർണരൂപത്തിൽ പ്രവർത്തന സജ്ജമാക്കാൻ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നതാണ്. ഇതും വെറുതെയായി. സെന്ററിന്റെ തുടക്കകാലത്ത് ചെറുകര മുതൽ ചേലാമല വരെയുള്ള 2.7 കിലോമീറ്റർ വരുന്ന പ്രധാന റോഡ് 30 മീറ്റർ വീതിയിൽ നവീകരിച്ചുനൽകുമെന്ന് സംസ്ഥാന സർക്കാർ വാഗ്‌ദാനം ചെയ്‌തതാണ്. അന്ന് ക്യാംപസിനായി ഏറ്റെടുത്ത 343 ഏക്കർ ഭൂമിക്കൊപ്പം റോഡിനായും സ്ഥലം ഏറ്റെടുത്തതാണ്. എന്നാൽ പിന്നീട് പദ്ധതി തന്നെ സംസ്ഥാന സർക്കാർ മറന്നു. അതിർത്തി കല്ലുകളെല്ലാം കാടുമൂടിക്കഴിഞ്ഞു. മാത്രമല്ല മരാമത്ത് വകുപ്പിന്റെ റോഡ് വിഭാഗം നടത്തിയ പരിശോധനയിൽ ഈ പദ്ധതി തന്നെ നടപ്പാക്കാനാവുമോ എന്ന ആശങ്കയുമായി. റോഡ് സൗകര്യത്തിന്റെ അപര്യാപ്‌തതയും ക്യാംപസിന്റെ വികസനത്തിൽ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com