ADVERTISEMENT

കരിപ്പൂർ ∙ വിമാനത്താവള വികസനത്തിനു സ്ഥലം ഏറ്റെടുക്കുമ്പോൾ, പരിസരങ്ങളിലെ ശേഷിക്കുന്ന വീടുകളിലേക്കുള്ള വഴി നഷ്ടപ്പെടരുതെന്ന വിദഗ്ധ സംഘം തയാറാക്കിയ റിപ്പോർട്ട് ഒരു ഭാഗത്ത്. ആർക്കും വഴി നഷ്ടമാകില്ലെന്ന് സ്ഥലം വിട്ടുനൽകുന്നതിനു മുൻപ് അധികൃതർ നൽകിയ ഉറപ്പുകൾ മറുഭാഗത്ത്. വിമാനത്താവള വികസനം പുരോഗമിക്കുകയാണ്. ഉറപ്പുനൽകിയവരെയെല്ലാം ഇനി നെടിയിരുപ്പ് പാലക്കാപറമ്പ് ഭാഗമൊന്നു സന്ദർശിക്കണം.

മൂന്നു ഭാഗവും എയർപോർട്ട് അതോറിറ്റിയുടെ സ്ഥലവും ഒരു ഭാഗം സ്വകാര്യ സ്ഥലവും. നടുവിൽ അകപ്പെട്ട് വഴിയില്ലാതെ പ്രയാസപ്പെടുന്ന കുടുംബങ്ങളെ ഇവിടെ കാണാം. എയർപോർട്ട് അതോറിറ്റി ചുറ്റുമതിൽ കെട്ടിയപ്പോൾ ഈ വീട്ടുകാർക്ക് താൽക്കാലികമായി ചെറിയ ‘വിടവ്’ ഇട്ടിട്ടുണ്ട്. അതു മാത്രമാണിപ്പോൾ ആശ്വാസം. അതുവഴി ഇനി എത്ര നാൾ അവർക്കു പുറത്തിറങ്ങാനാകുമെന്നു പറയാനാകില്ല. കാരണം, പണി പുരോഗമിക്കുന്നതോടെ ഏതുനിമിഷവും ആ ഭാഗങ്ങൾകൂടി അടയ്ക്കുമെന്നത് ഉറപ്പാണ്.

വിമാനത്താവള വികസനം ചർച്ചയായതുമുതൽ സ്ഥലം വിട്ടുനൽകാൻ തയാറായ കുടുംബങ്ങളാണ് ഇവരിൽ ഏറെയും. സമ്മതമറിയിച്ച് ബന്ധപ്പെട്ട വകുപ്പുകളിലെല്ലാം കത്തും നൽകിയിരുന്നു. അതിർത്തിയോടു ചേർന്നു കിടക്കുന്ന വീട്ടുകാരായതിനാൽ ഏറ്റെടുക്കുമെന്നു പല ഘട്ടത്തിലും അധികൃതർ അവർക്കു പ്രതീക്ഷയും നൽകിയിരുന്നു. എന്നാൽ, എയർപോർട്ട് അതോറിറ്റി ആവശ്യപ്പെട്ട സ്ഥലം അളന്നു തിട്ടപ്പെടുത്തിയപ്പോൾ അവർ പുറത്തായി. പ്രതിസന്ധി മനസ്സിലാക്കി ഏതാനും വീടുകൾകൂടി വീണ്ടും ഏറ്റെടുക്കാനുള്ള സാധ്യതയും അധികൃതർ ചർച്ച ചെയ്തിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടായിട്ടില്ല.

ഈ വീടുകളിലേക്കു വഴിയൊരുക്കിയാലും റെസ വികസനം പൂർത്തിയായാൽ എയർപോർട്ട് ചുറ്റുമതിലിനോടു ചേർന്നു താമസിക്കുന്നതും ഇവർക്ക് ഏറെ പ്രയാസകരമാകും. വീടും സ്ഥലവും ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഇവർ ആവർത്തിക്കുന്നത്.ഈ ഭാഗത്തേക്കു വഴിയൊരുക്കാൻ സർക്കാർ നേരത്തേ പ്രഖ്യാപിച്ച റോഡ് ഉടൻ യാഥാർഥ്യമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

English Summary:

Karipur Airport Development Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com