കൂടുതൽ ദൂരം താണ്ടാൻ അമിതവേഗം; ഇത് തൊഴിലാളി വാഹനങ്ങളല്ല, കൊലയാളി വാഹനങ്ങൾ
Mail This Article
രാജകുമാരി∙ തൊഴിലാളികളുമായി പോകുന്ന വാഹനങ്ങളുടെ മത്സരയോട്ടവും ഡ്രൈവർമാരുടെ അശ്രദ്ധയുംമൂലം കഴിഞ്ഞ 6 വർഷത്തിനിടെയുണ്ടായത് 2 ഡസനോളം അപകടങ്ങൾ. കഴിഞ്ഞ ദിവസവും തമിഴ്നാട്ടിൽനിന്ന് താെഴിലാളികളുമായെത്തിയ വാഹനം സേനാപതിക്കു സമീപം ജലവിഭവ വകുപ്പ് കെട്ടിടത്തിന്റെ മതിലിൽ ഇടിച്ച് വാഹനത്തിലുണ്ടായിരുന്നവർക്ക് നിസ്സാര പരുക്കേറ്റു. 6 വർഷത്തിനിടെ വിവിധ അപകടങ്ങളിലായി 9 താെഴിലാളികൾ മരിക്കുകയും അൻപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയാെക്കെ സംഭവിച്ചിട്ടും ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തിയാണ് താെഴിലാളികളുമായി വാഹനങ്ങൾ സംസ്ഥാനത്തേക്ക് വരുകയും പോവുകയും ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു.
8 പേർക്ക് സഞ്ചരിക്കാവുന്ന ജീപ്പിൽ 15 ആളുകൾ വരെ സഞ്ചരിക്കുന്നുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇൗ വാഹനങ്ങൾ മിക്കതും ഓടിക്കുന്നത് മുൻപരിചയമോ ഡ്രൈവിങ് ലൈസൻസോ ഇല്ലാത്ത ഡ്രൈവർമാരാണ്. വാഹനങ്ങൾക്ക് ആവശ്യമായ രേഖകളുമില്ല. ഡ്രൈവർമാർ പരിചയമില്ലാത്ത വഴികളിലൂടെ അമിത വേഗത്തിൽ വാഹനമോടിച്ചാണ് പല അപകടങ്ങളുമുണ്ടായത്. ഏലം സീസൺ ആരംഭിച്ചാൽ ദിവസേന മുന്നൂറോളം വാഹനങ്ങളാണ് തമിഴ്നാട്ടിൽനിന്നു ബോഡിമെട്ട്, കമ്പംമെട്ട്, കുമളി എന്നീ അതിർത്തി ചെക്പോസ്റ്റുകൾ വഴി തൊഴിലാളികളുമായി കേരളത്തിലെത്തുന്നത്.
കൂടുതൽ ദൂരം താണ്ടാൻ അമിതവേഗം
രാവിലെ 5ന് തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ, തേനി എന്നിവിടങ്ങളിൽനിന്നു തിരിക്കുന്ന വാഹനങ്ങൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഏലത്തോട്ടങ്ങളിൽ രാവിലെ 8.30ന് എങ്കിലും താെഴിലാളികളെ എത്തിക്കാനാണ് അമിതവേഗത്തിൽ സഞ്ചരിക്കുന്നത്. വൈകിട്ട് തിരികെ പോകുമ്പോഴും ഇതു തന്നെയാണ് അവസ്ഥ. രാത്രി ഏറെ വൈകുന്നതിന് മുൻപ് തിരികെയെത്താനായി ഇൗ വാഹനങ്ങൾ അമിതവേഗത്തിൽ സഞ്ചരിക്കുന്നു. അപകടങ്ങളുണ്ടാകുമ്പോൾ നഷ്ടം സംഭവിക്കുന്നത് പാവപ്പെട്ട താെഴിലാളി കുടുംബങ്ങൾക്ക് മാത്രമാണ്.
പേരിനു പോലുമില്ല,പരിശോധന
തൊഴിലാളികളുമായെത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടാൻ പ്രധാന കാരണം അമിതവേഗവും വാഹനങ്ങളുടെ മോശം അവസ്ഥയുമാണ്. മിക്ക വാഹനങ്ങളും ടെസ്റ്റ് നടത്താത്തവയാണ്. തമിഴ്നാട്ടിൽ മോട്ടർവാഹന നിയമങ്ങൾ കർശനമല്ലാത്തതിനാൽ തന്നെ സാങ്കേതിക തകരാറുള്ള വാഹനങ്ങളും തൊഴിലാളികളുമായി ചീറിപ്പായുന്നുണ്ട്. പ്രായപൂർത്തിയാകാത്ത ഡ്രൈവർമാർ മുതൽ ശാരീരിക വൈകല്യമുള്ളവർ വരെ ലൈസൻസില്ലാതെ ഇത്തരം വാഹനങ്ങളിൽ തൊഴിലാളികളുമായി അതിർത്തി കടന്നെത്തുന്നു. കേരളത്തിൽ എത്തിയാൽ പോലും മോട്ടർ വാഹനവകുപ്പോ പൊലീസോ ഇത്തരം വാഹനങ്ങൾ പരിശോധിക്കാറില്ലെന്നാണ് അതിർത്തി മേഖലകളിലെ ടാക്സി ഡ്രൈവർമാർ പറയുന്നത്.