ADVERTISEMENT

പന്തളം ∙ വിദേശത്ത് ജോലി ചെയ്യുന്ന സ്വന്തം മകന്റെ നന്മയ്ക്കായി ഒരമ്മയുടെ മുടങ്ങാത്ത, ഉള്ളുരുകിയ പ്രാർഥനകളാണ് കുവൈത്തിലെ തീപിടിത്തത്തിൽ കത്തിച്ചാമ്പലായത്. മുടിയൂർക്കോണം ശോഭനാലയത്തിൽ ആകാശിന്റെ മരണവാർത്ത അറിഞ്ഞശേഷം അമ്മ ശോഭനകുമാരി കിടക്കയിൽനിന്ന് എണീറ്റിട്ടില്ല. മുടക്കമില്ലാതെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി, വഴിപാടുകൾ നേർന്നുള്ള പ്രാർഥനകളെല്ലാം വിഫലമായതിന്റെ ആഘാതം അവരെ തളർത്തിയിരിക്കുകയാണ്. കാണാനെത്തുന്നവരോടെല്ലാം ഒറ്റച്ചോദ്യം മാത്രം, ‘എന്റെയെല്ലാമെല്ലാമായ മകൻ പോയി, ഇനിയെനിക്ക് ആരെ കാണാനാണ്’.

ആകാശ് നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ ശശിധരൻ നായരുടെ മരണം. ആകാശിനെയും സഹോദരി ശാരിയെയും പഠിപ്പിച്ചതും വളർത്തിയതും പന്തളത്ത് മെഡിക്കൽ സ്റ്റോറിൽ ജീവനക്കാരിയായിരുന്ന ശോഭനകുമാരിയാണ്. കുവൈത്തിൽ 8 വർഷമായി ജോലി ചെയ്തിരുന്ന ആകാശ്, ഭേദപ്പെട്ട ഒരു ജോലി ലഭിക്കണമെന്ന കടുത്ത ആഗ്രഹത്തിലായിരുന്നു. ആകാശിന്റെ വിവാഹം നടന്നുകാണാനുള്ള തീവ്രമായ ആഗ്രഹത്തോടെ ശോഭനകുമാരി കാത്തിരിക്കുകയായിരുന്നു. ഇതിനായി പതിവായി ക്ഷേത്രദർശനം നടത്തിയ ശേഷമാണ് അവർ മിക്ക ദിവസങ്ങളിലും ജോലിക്ക് പോയിരുന്നത്.

അച്ഛൻ ശശിധരൻ നായർക്കൊപ്പം ഫരീദബാദിലായിരുന്നു കുടുംബം. പിന്നീട്, നാട്ടിലെത്തി കുടുംബവീടിനോടു ചേർന്നു ചെറിയ വീടുവച്ചു. ഇതിനിടയിൽ ശശിധരൻ നായർ രോഗബാധിതനായി മരിച്ചു. ആകാശിന്റെ സ്കൂൾ പഠനകാലത്തായിരുന്നു ഇത്. പിന്നീട്, ശോഭനകുമാരിയാണ് ഇരുവരെയും പഠിപ്പിച്ചതും സഹോദരി ശാരിയുടെ വിവാഹം നടത്തിയതും. ഇലക്ട്രോണിക്സ് ഡിപ്ലോമയും ഇൻസ്ട്രുമെന്റേഷൻ കോഴ്സും പൂർത്തിയാക്കിയശേഷമാണ് ആകാശ് കുവൈത്തിലേക്ക് പോയത്. അവിടെ ജോലി ചെയ്തു ലഭിച്ച സമ്പാദ്യംകൂടി വിനിയോഗിച്ചാണ് വീടിന്റെ ഒന്നാം നിലയുടെ നിർമാണം നടത്തിയതും.

ബുധനാഴ്ച രാവിലെയോടെ, കുവൈത്തിലെ അപകട വിവരം നാട്ടിലറിഞ്ഞു. അപ്പോൾതന്നെ കുവൈത്തിലെ മറ്റ് സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നെന്ന് ബന്ധു അഖിൽ പറഞ്ഞു. ആകാശിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല.  nഉച്ചയ്ക്ക് രണ്ടരയോടെ ഫോൺ സ്വിച്ച് ഓഫായി. അവിടെയുള്ള സുഹൃത്തുക്കളും മുടിയൂർക്കോണത്തുകാരുമായ അരുണും ബിനുവും വിവരം തിരക്കി സംഭവ സ്ഥലത്തെത്തി. കുടുംബത്തിന്റെയും ബന്ധുക്കളുടെയും പ്രാർഥനകൾ വിഫലമാക്കിയാണ് വൈകിട്ടോടെ അപകടത്തിൽപെട്ടവരുടെ പട്ടിക പുറത്തുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com