ADVERTISEMENT

ആര്യനാട് ∙ ആശങ്കയുടെ മുൾമുനയിലായിരുന്നു ഈ വീട്ടുകാരും നാട്ടുകാരും. എന്താണ് സംഭവിച്ചതെന്നറിയാതെ അവർ നിസ്സഹായരായി.  കുവൈത്തിൽ എൻബിടിസി കമ്പനി ജീവനക്കാരുടെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്ത വാർത്ത അറിഞ്ഞ് ബന്ധുക്കൾ അരുൺ ബാബുവിനെ ഫോണിൽ നിരന്തരം വിളിച്ചു. ഫോൺ ബെല്ലടിക്കുന്നതു മാത്രമല്ലാതെ അപ്പുറത്ത് ആരും അറ്റൻഡ് ചെയ്തില്ല. ഇതോടെ  ഭയം ഇരട്ടിച്ചു. ഉഴമലയ്ക്കൽ കുര്യാത്തി അരുൺ നിവാസിൽ അരുൺ ബാബു ഉൾപ്പെടെയുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന ഫ്ലാറ്റിനു സമീപം ആണ് മാതാവിന്റെ സഹോദരി താമസിച്ചിരുന്നത്.

മൂന്നാം നിലയിൽ ആയിരുന്നു അരുൺ ബാബു താമസിച്ചിരുന്നത്.  മണി എക്സ്ചേഞ്ച് കമ്പനിയിൽ ഡപ്യൂട്ടി മാനേജരായി ജോലി ചെയ്യുന്ന മാതാവിന്റെ സഹോദരി എം.എസ്.ഷീജ ലീവിന് നാട്ടിൽ എത്തിയിട്ട് 12 ദിവസമായി. ദുരന്തം അറിഞ്ഞ് ഇവർ സുഹൃത്തുക്കളോട് അരുൺ ബാബുവിനെ കുറിച്ച് തിരക്കുന്നുണ്ടായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്ന്  ഷീജയ്ക്ക് വിവരം ലഭിച്ചു. കമ്പനിയുടെ ഹെൽപ് ലൈനിൽ നിന്ന് ഉച്ചയോടെ വിവരം  സ്ഥിരീകരിച്ചു. വൈകിട്ടോടെ ചാനലുകളിൽ വാർത്ത കണ്ട് നാട്ടുകാർ വീട്ടിലേക്ക് ഒഴുകിയെത്തി. ഇതോടെ വീടും നാടും കണ്ണീർക്കടലായി. 

അരുൺ ബാബു എൻബിടിസി കമ്പനിയിൽ ഷോപ്പ് അഡ്മിൻ ആയിരുന്നു. ഷീജയാണ് അരുൺ ബാബുവിനെ ജോലിക്കായി കുവൈറ്റിലേക്ക് കെ‌ാണ്ടു പോയത്. കെട്ടിട നിർമാണ ജോലിയും ഡ്രൈവറായും ജോലി ചെയ്തിരുന്ന അരുൺ ബാബു 8 വർഷം ഇൗ കമ്പനിയിൽ ജോലി ചെയ്തു.  കോവിഡ് സമയം നാട്ടിൽ തിരിച്ചെത്തി. 8 മാസം മുൻപ് പുതിയ വീസയിൽ വീണ്ടും കുവൈത്തിൽ എത്തുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 4 വരെയായിരുന്നു ജോലി സമയം. കമ്പനി ആവശ്യപ്പെടുന്ന ഉപകരണങ്ങൾ വാങ്ങി നൽകുകയായിരുന്നു ജോലി എന്ന് ബന്ധു പറഞ്ഞു. വാഹനത്തിൽ അരുൺ ബാബു മാത്രമായിരുന്നതിനാൽ എപ്പോഴും നാട്ടിൽ ബന്ധപ്പെടാമായിരുന്നു.

ചെ‌ാവ്വ വൈകിട്ടാണ് അവസാനമായി മാതാവിനെ വിളിക്കുന്നത്. മാർച്ചിൽ അവധിക്കായി നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. പരേതനായ എം.ബാബുവിന്റെയും എസ്.അജിത കുമാരിയുടെയും മകനാണ് അരുൺ. ഭാര്യ: വിനീത. മക്കൾ: അഷ്ടമി, അമേയ.   അഷ്ടമി പൂവത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. സാബു എന്ന് വിളി പേരുള്ള അരുൺ ബാബു കുവൈത്തിൽ പോകുന്നതിന് മുൻപ് സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും സജീവ പ്രവർത്തകനായിരുന്നു. നാട്ടിലെ എല്ലാ കാര്യങ്ങൾക്കും ഓടി എത്തുമായിരുന്നു.

നഷ്ടപരമ്പരകളുടെ ആഘാതത്തിൽ കുടുംബം
ആര്യനാട്∙ കുടുംബത്തിന്റെ അത്താണിയെ ആണ് അരുൺ ബാബുവിന്റെ മരണത്തിലൂടെ വീട്ടുകാർക്ക് നഷ്ടമാകുന്നത്. അഞ്ച് വർഷം മുൻപ് പിതാവിനെ നഷ്ടപ്പെടുമ്പോൾ കുടുംബം അരുൺ ബാബുവിന്റെ തണലിലായി. ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിനിടെ പനി ബാധിച്ച് സഹോദരി അർച്ചനയും മരിച്ചു. വലിയമ്മയുടെ മകൾ ആതിര മരിച്ചതിന്റെ ഒരു വർഷം ഇന്നലെ ആയിരുന്നു. ഇതിന് തലേദിവസം ആണ് കുവൈത്തിലെ തീപിടിത്തത്തിൽ അരുൺ ബാബുവും മരിക്കുന്നത്.

അരുൺ ബാബുവിന്റെ ഭാര്യ വിനീതയും മക്കളായ അഷ്ടമി, അമേയ എന്നിവർ ഇപ്പോൾ താമസിക്കുന്നത് നെടുമങ്ങാട് ചെന്തുപ്പൂര് ഉള്ള ചിറയ്ക്കാണി നിലമേൽ നട വീട്ടിലാണ്. അരുൺ ബാബുവിന്റെ മരണം അറിഞ്ഞ് ഇന്നലെ വൈകിട്ട് 6.30 ന് മന്ത്രി ജി.ആർ.അനിൽ ചിറയ്ക്കാണിയിൽ വീട് സന്ദർശിച്ച് ഭാര്യയെയും മക്കളെയും സാന്ത്വനിപ്പിച്ചു.  മൃതദേഹം നിലമേൽ നടയിലെ വീട്ടിലേക്ക് എത്തിക്കാൻ കലക്ടറോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. ജി.സ്റ്റീഫൻ എംഎൽഎയും ഒപ്പമുണ്ടായിരുന്നു. 

പുതിയ വീടിന് അടിത്തറയിട്ടു: ശ്രീജേഷ് മടങ്ങി
വർക്കല∙ കുവൈത്ത് സിറ്റിയിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ഇടവ പാറയിൽ കാട്ടുവിള വീട്ടിൽ ശ്രീജേഷ് തങ്കപ്പൻ നായരും (32) ഉൾപ്പെട്ടെന്ന വാർത്ത വന്നപ്പോൾ ആകെ അമ്പരപ്പിലായിരുന്നു ഈ യുവാവിനെ അറിയാവുന്നവർ. കഴിഞ്ഞ 5 മാസം ഇടവയിൽ ഉണ്ടായിരുന്ന ശ്രീജേഷ് ഇക്കഴിഞ്ഞ 6നാണ് കുവൈത്തിലേക്ക് പുതിയ ജോലിക്കായി എത്തിയത്. സൂപ്പർ മാർക്കറ്റിലെ ജോലിയിൽ നിന്നുള്ള വരുമാനത്തിൽ പുതിയൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കും മുൻപേയാണ് അതിദാരുണമായി വിധിക്കു മുൻപിൽ ശ്രീജേഷ് എരിഞ്ഞമർന്നത്. ഏഴു വർഷം മുൻപ് ദുബായിലെ ഒരു കമ്പനിയിൽ കമ്പനിയിൽ ജോലി ചെയ്യുകയും പിന്നീട് സൗദിയിലും ജോലി നോക്കിയിരുന്നു. തുടർന്നാണ് ഏതാനും മാസമായി നാട്ടിലുണ്ട‌ായിരുന്നത്. 

പരേതയായ അമ്മ ശ്രീദേവിയുടെ (സീത) വീടായ പാറയിൽ കാട്ടുവിള വീടിനു സമീപം പുതിയ വീടിനുള്ള അടിത്തറ ഒരു വർഷം മുൻപ് തന്നെ ഒരുക്കിയിരുന്നു. ആ സമയത്ത് ഗൾഫിൽ ജോലി ചെയ്യവേ അസുഖത്തെ തുടർന്നു നാട്ടിലെത്തി. ഇടവയിലെ കുടുംബ വീട്ടിലും ഇടവ–വർക്കല അതിർത്തിയിലെ ഓടയം അത്തിവിളയിലെ പിതാവ് തങ്കപ്പൻ നായരുടെ വീട്ടിലുമായിരുന്നു അവിവാഹിതനായ ശ്രീജേഷിന്റെ താമസം. പിതാവ് തങ്കപ്പൻ നായർ ഏതാനും മാസം മുൻപ് വീടുവിട്ടിറങ്ങി പോയതിനെ തുടർന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. അബുദാബിയിൽ താമസിക്കുന്ന ആരതി സഹോദരിയാണ്. ഇവരും ഭർത്താവ് രാജേഷും ഇന്ന് നാട്ടിലെത്തുമെന്നാണ് വിവരം. ഇടവ പാറയിലെ വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT