ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ഫ്ളോറിഡ യൂണിവേഴ്‌സിറ്റിയിലെ ഇലക്ഷന്‍ ലാബ് പ്രകാരം ശനിയാഴ്ച വരെ 73 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ശേഷിക്കുന്നവര്‍ നവംബര്‍ 5ന് വോട്ട് രേഖപ്പെടുത്തേണ്ടതുണ്ട്. അവസാന വട്ട പ്രചാരണത്തില്‍ ഡൊണാള്‍ഡ് ട്രംപും കമല ഹാരിസും ശ്രദ്ധ ചെലുത്തിയത് ഒരു സംസ്ഥാനത്ത് തന്നെയാണെന്നതാണ് കൗതുകം. 

പ്രധാന സ്വിങ് സംസ്ഥാനമായ നോര്‍ത്ത് കാരോലൈനയിലാണ് ഇരു സ്ഥാനാര്‍ഥികളും അവസാന ദിവസങ്ങളില്‍ ക്യാമ്പ് ചെയ്തു  പ്രചാരണം നടത്തിയത്. വൈസ് പ്രസിഡന്റ് കമലാ ഹാരിസും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരേ ദിവസം ഒരേ സംസ്ഥാനത്ത് തന്നെ നാലാമത്തെ ദിവസവും തുടരുകയായിരുന്നു. ഈ സംസ്ഥാനത്തിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ക്യാമ്പെയിന്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

ചില പ്രധാന സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ തെരഞ്ഞെടുപ്പിന്റെ ഫലം എങ്ങനെ തീരുമാനിക്കുമെന്ന് എടുത്തുകാണിക്കുന്നതാണ് ഈ ക്യാമ്പെയിന്‍. ന്യൂയോര്‍ക്കിലെ വളരെ പ്രചാരമുള്ള സാറ്റര്‍ഡേ നൈറ്റ് ലൈവ് ഷോയില്‍ അമ്പരപ്പിക്കുന്ന പ്രകടനത്തിന് മുമ്പ്, റോക്ക് സ്റ്റാര്‍ ജോണ്‍ ബോണ്‍ ജോവി, R&B ഗായകന്‍ ഗാനരചയിതാവ് ഖാലിദ് എന്നിവര്‍ക്കൊപ്പം ഷാര്‍ലറ്റ് നഗരത്തില്‍ ഹാരിസ് റാലി നടത്തി. അതേസമയം, നോര്‍ത്ത് കരോലിനയിലെ ഗാസ്റ്റോണിയയിലേക്കും ഗ്രീന്‍സ്‌ബോറോയിലേക്കും പോകുന്നതിന് മുമ്പ് ട്രംപ് വിര്‍ജീനിയ സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയതും ശ്രദ്ധേയമായി. 

പുതിയ അപ്‌ഡേറ്റുകള്‍ 

ദേശീയതലത്തില്‍, FiveThitryEightന്റെ ഏറ്റവും പുതിയ പോള്‍ ട്രാക്കര്‍, ഹാരിസിനെ വളരെ നേര്‍ത്ത 1 പോയിന്റിന് മുന്നില്‍ കാണിച്ചു. ഇതാകട്ടെ എറര്‍ മാര്‍ജിനില്‍ വരുന്നതുമാണ്. ആദ്യ രണ്ട് മത്സരാര്‍ത്ഥികളും 50 ശതമാനം മാര്‍ക്ക് ലംഘിച്ചില്ല എന്നതാണ്  പ്രധാനപ്പെട്ട മറ്റൊരു വസ്തുത. ട്രംപിന്റെ 46.9 ശതമാനത്തിനെതിരെ ഹാരിസിന്റെ ശരാശരി 47.9 ശതമാനമാണ്.

ബ്ലൂ വാള്‍ സംസ്ഥാനങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന, സാധാരണയായി ഡെമോക്രാറ്റ് ചായ്‌വുള്ളതും എന്നാല്‍ ഈ വര്‍ഷം സ്വിംഗ് സ്റ്റേറ്റുകളായി പരിഗണിക്കപ്പെടുന്നതുമായ സംസ്ഥാനങ്ങളില്‍ പെന്‍സില്‍വാനിയയില്‍ ട്രംപ് 47.9 ശതമാനവുമായി ഹാരിസിന്റെ 47.6 ശതമാനത്തേക്കാള്‍ ചെറുതായി മുന്നിലാണ്. അതേസമയം മിഷിഗണിലും വിസ്‌കോണ്‍സിനിലും ഹാരിസ് ഒരു ശതമാനം മുന്നിലാണ്. നെവാഡയില്‍ 1 ശതമാനവും ജോര്‍ജിയയിലും നോര്‍ത്ത് കരോലിനയിലും 2 ശതമാനവും അരിസോണയില്‍ 3 ശതമാനവും ഹാരിസിനെക്കാള്‍ മുന്നിലാണ് ട്രംപ്.

2016ലും 2020ലും ട്രംപ് വിജയിച്ച സംസ്ഥാനമായ അയോവയിലെ വലിയ രാഷ്ട്രീയ മാറ്റത്തില്‍, ഹാരിസ് 47- 44 എന്ന നിലയില്‍ ട്രംപിനേക്കാള്‍ 3 ശതമാനം പോയിന്റ് മുന്നിലാണെന്ന് കൃത്യതയാര്‍ന്ന ഒരു പോള്‍സ്റ്റര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. Des Moines Register ദിനപത്രവും മീഡിയകോമും സംയുക്തമായി പ്രസിദ്ധീകരിച്ച വോട്ടെടുപ്പില്‍, ഹാരിസ് സ്ത്രീകളില്‍ നിന്നും, ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി യോജിച്ചു പോകാത്ത സ്വതന്ത്ര വോട്ടര്‍മാരില്‍ നിന്നും പിന്തുണ നേടുന്നതായി കാണിച്ചു.

അതേസമയം, റിപ്പബ്ലിക്കന്‍മാരില്‍ 89 ശതമാനം പേര്‍ മാത്രമാണ് ട്രംപിനെ പിന്തുണച്ചതെന്ന് വോട്ടെടുപ്പ് കാണിക്കുന്നു. അതായത് അദ്ദേഹത്തിന്റെ അടിത്തറ സുരക്ഷിതമാക്കുന്നതില്‍ അദ്ദേഹം പ്രശ്‌നത്തിലാണ്. എന്നിരുന്നാലും, സംസ്ഥാനത്ത് നിന്നുള്ള മറ്റ് സര്‍വേകള്‍, ട്രംപ് ഇപ്പോഴും ഹാരിസിനെക്കാള്‍ മുന്നിലാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com