അപകടത്തിന് അര മണിക്കൂർ മുൻപു ഭാര്യയെ വിളിച്ചു; സിബിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ നാട്
Mail This Article
കീഴ്‌വായ്പൂര് ∙ നെയ്തേലിപ്പടി തേവരോട്ട് വീട്ടിലേക്ക് ആളുകൾ ഒഴുകിയെത്തുകയാണ്. ഇനിയും സിബിന്റെ വിയോഗം പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. ഫെബ്രുവരിയിൽ കണ്ടു മടങ്ങിയ സുഹൃത്ത് ജീവനറ്റ് തിരിച്ചെത്തുന്നതും കാത്ത് അവർ ദുഃഖമടക്കി കാത്തിരിക്കുകയാണ്, അവസാന യാത്ര പറയാൻ. പുലർച്ചെ, അപകടമുണ്ടാകുന്നതിന് അരമണിക്കൂർ മുൻപ് ഭാര്യയുമായി സിബിൻ ഫോണിൽ സംസാരിച്ചതാണ്.
ഭാര്യ അഞ്ജുമോൾ ഇപ്പോഴും ഞെട്ടലിൽനിന്ന് വിമുക്തയായിട്ടില്ല. ഒന്നരവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കുവൈത്തിലെ തീപിടിത്തം അറിഞ്ഞ സമയം മുതൽ നാട്ടിൽനിന്ന് ബന്ധുക്കൾ സിബിനെ ഫോണിൽ വിളിച്ചെങ്കിലും റിങ് ചെയ്തതല്ലാതെ മറുപടി ലഭിച്ചില്ല. അപകടത്തിൽപെട്ടിട്ടില്ലെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മരണവിവരം അറിയുന്നത്. കെട്ടിടത്തിന്റെ 2ാം നിലയിലായിരുന്നു താമസം. സിബിന്റെ സഹോദരി സീബയും കുടുംബവും കുവൈത്തിലുണ്ട്.
വിയോഗം ഉൾക്കൊള്ളാനാവാതെ നാട്
യുവജനസഖ്യത്തിലും സൺഡേസ്കൂളിലും സജീവ സാന്നിധ്യമായിരുന്നുവെന്ന് സുഹൃത്തുകൾ ഓർക്കുന്നു. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, ആന്റോ ആന്റണി എംപി എന്നിവർ സിബിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ജോസഫ് എം.പുതുശേരി, കുഞ്ഞുകോശി പോൾ, എബി മേക്കരിങ്ങാട്ട്, എം.കെ. സുഭാഷ്കുമാർ, കെ.ജി.സാബു, ബെൻസി അലക്സ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാനുള്ള നടപടിയെടുക്കുന്നതിന് ഇന്ത്യൻ എംബസിയോടാവശ്യപ്പെട്ടതായി ആന്റോ ആന്റണി എംപി കുടുംബാംഗങ്ങളെ അറിയിച്ചു.