ADVERTISEMENT

ഒരു മനുഷ്യ ജീവിതത്തെ അനശ്വരമാക്കുന്നത്, ആ ജീവിതകാലത്തെ ഓർമകൾ ശാശ്വതമായി നിലനിൽക്കുമ്പോഴാണ്. ഒരു ജീവിതം എത്ര കാലം ഓർമിക്കപ്പെടുന്നുവോ, അത്രയും കാലം അയാൾ മരണത്തെ അതി ജയിക്കുന്നു എന്ന് പറയാം. ആത്മകഥാരചന എന്നത്, ഒരു തരത്തിൽ അവനവനെ അനശ്വരനാക്കി നിലനിർത്താനുള്ള സ്വയം പരിശ്രമമാണെന്ന് വ്യാഖ്യാനിക്കാം. അബ്ദുല്ല വാണിമേലിൻറെ ഞാൻ പിന്നിട്ട വഴികൾ എന്ന ആത്മാവിഷ്കാരം, സ്വയം അനാവരണം ചെയ്യുന്നതോടൊപ്പം സ്വജീവിതത്തിൻറെ ഒരു പിൻനടത്തം കൂടിയാണ്.

അബ്ദുല്ല വാണിമേൽ സ്വയം ഒരു പുസ്തകമായി പരിവർത്തനപ്പെടുമ്പോൾ, അത് വായനക്കാരുടെ ജീവിതത്തെ സ്പർശിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഞാൻ പിന്നിട്ട വഴികൾ, ഒരാൾ വായിക്കുമ്പോൾ, ആ വായനക്കാരനെ തൻറെ തന്നെ സ്മൃതി പഥത്തിലേക്ക് വലിച്ചു കൊണ്ട് പോകുന്നു, എഴുത്തുകാരൻ. പുതിയ തലമുറയിൽപെട്ട ഒരു വായനക്കാരൻ ഈ അനുഭവാവിഷ്കാരം വായിക്കുമ്പോഴാകട്ടെ, തൻറെ ജീവിത സരണി ഏറെ ദുർഘടമായിരിക്കുമെന്നും, അതൊക്കെയും തരണം ചെയ്യേണ്ടത് അനിവാര്യമാണെന്നുമുള്ള പാഠങ്ങൾ അവൻ സായത്തമാക്കുന്നു. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ വളരുന്ന മനുഷ്യർക്ക്, തികച്ചും വ്യത്യസ്തമായ ജീവിതാനുഭവങ്ങളായിരിക്കും.

ഇങ്ങനെ വൈവിധ്യങ്ങളായ  അനുഭവങ്ങളുടെ സമാഹാരമാണ് ഓരോ മനുഷ്യ ജീവിതവും. ഒരാൾ, താൻ കടന്ന് പോയ ജീവിത സാഹചര്യങ്ങളെ ഭാവതീവ്രതയോടെ അവതരിപ്പിക്കുമ്പോൾ , വായനക്കാരൻ അത് അനുഭവിച്ചു കൊണ്ട് തന്നെ വായിച്ചു തീർക്കുന്നു. വായനയിലൂടെ ഒരു ജീവിതം അനുഭവിക്കുമ്പോൾ, അവൻറെ എല്ലാ ഇന്ദ്രിയങ്ങളും അതിൽ പങ്ക് ചേരുന്നു. വായനക്കാരുടെ എല്ലാ ഇന്ദ്രിയാനുഭവങ്ങളുടേയും സമ്മേളനത്തിലൂടെ, തൻറെ ഭൂതകാല പരിസരം അവരിലേക്ക് സംവേദനം ചെയ്യുകയാണ് അബ്ദുല്ല വാണിമേൽ, ഈ കൃതിയിലൂടെ നിർവഹിക്കുന്നത്.

ഒരു കുട്ടി, എങ്ങനെയാണ് സ്വയം പര്യാപ്തമാകുന്നത് എന്ന് ഗ്രന്ഥകാരൻ വരച്ചിടുന്നുണ്ട്. റവ ഉണ്ടാക്കുന്ന വിധത്തിൽ നിന്നും ഒരാൾ തൻറെ ആയുഷ്കാല ജീവിതോപാധി കണ്ടെത്തുന്നു. ആധുനികകാല വൊക്കേഷണൽ കോഴ്സുകൾ, ഒരു വിദ്യാർത്ഥിക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുമ്പോൾ, ആ കുട്ടി, ജീവിതത്തിൽ ഇനി താനെന്ത് ചെയ്യും എന്നതിനെക്കുറിച്ച് ആകുലപ്പെടേണ്ടി വരുന്നില്ല. ഒപ്പം തന്നെ റവ അഴിമതി കണ്ട് പിടിക്കപ്പെട്ടപ്പോൾ ലഭിച്ച  ശിക്ഷയിൽ നിന്നും, ജീവിതം എന്നും സത്യസന്ധമായിരിക്കണം എന്ന പാഠവും ആ കുട്ടി പഠിച്ചെടുത്തു. വിദ്യാലയം എന്നത് കേവലം അക്ഷരങ്ങളും വാക്കുകളും ആഗിരണം ചെയ്യാനുള്ള ഒരിടം മാത്രമല്ലെന്നും, മറിച്ച് ജീവിതത്തിലേക്കുള്ള വാതിൽ തുറന്നിടുന്ന ഒരു ഇടം കൂടിയാണെന്നും അബ്ദുല്ല ഈ ആത്മകഥയിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

വിദ്യാലയത്തിൽ നിന്നും പ്രവാസത്തിൻറെ മണൽത്തിട്ടയിലെത്തുമ്പോൾ , അവിടെയും സൗഹൃദങ്ങൾ ഗുരുക്കന്മാരായി പരിണമിക്കുന്നത് കാണാം. വർഷങ്ങൾ എത്ര കടന്ന് പോയാലും ദൂരങ്ങൾ എത്ര അകന്നാലും ആ സ്നേഹച്ചരട് പൊട്ടാതെ സൂക്ഷിക്കപ്പെടുന്നു എന്നത് സ്നേഹത്തിൻറെ മാത്രം അടയാളങ്ങളാണ്. സ്നേഹത്തിൻറെ ഇത്തരം അടയാളപ്പെടുത്തലുകൾ , ഈ കൃതിയിൽ നിരവധിയിടങ്ങളിൽ കാണാം. വായനയെ തടസ്സപ്പെടുത്താത്ത വിധം, ഓരോ അധ്യായങ്ങളിൽ നിന്നും തുടർ അധ്യായങ്ങളിലേക്ക് വായനക്കാരനെ കൈപിടിച്ച് നടത്താൻ അബ്ദുല്ല വാണിമേലിന് കഴിയുന്നുണ്ട്. ഓരോ കൃതിയിലും ഭാഷ സംജാതമാകുന്നത്, ആ കൃതി പ്രതിപാദിക്കുന്ന ഇടത്തിന് അനുസൃതമായിട്ടായിരിക്കും. വാണിമേൽ എന്ന പ്രാദേശികതയെ മലയാളം എന്ന വിശാലതയിലേക്കു തുറന്നിടാൻ, ഈ കൃതി ശ്രമിക്കുന്നുണ്ട്. ക്ലബ് വാണിമേൽ ടുഡേ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻറെ വില 120 രൂപ. പേജ് 96

English Summary:

Abdullah Vaninmmel book 'Njan Pinnitta Vazhikal'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com