അബുദാബിയിൽ ആഘോഷങ്ങൾക്ക് അനുമതി നിർബന്ധം; മദ്യം വിളമ്പാനും പെർമിറ്റ് വേണം
Mail This Article
അബുദാബി ∙ വിവാഹം, വിവാഹ നിശ്ചയം, അനുശോചനം എന്നിവ ഒഴികെ സ്വകാര്യ പാർട്ടി നടത്താൻ അബുദാബിയിൽ പെർമിറ്റ് നിർബന്ധം. ഹോട്ടൽ, റസ്റ്ററന്റ്, അംഗീകൃത സംഘടനാ ആസ്ഥാനം തുടങ്ങി എവിടെ നടത്താനും അനുമതി വേണം. ഇവന്റ്മാനേജ്മെന്റ് കമ്പനി മുഖേന പെർമിറ്റിന് അപേക്ഷിക്കാം.
അബുദാബിയുടെ ഡിജിറ്റൽ സേവന പോർട്ടലായ www.tamm.abudhabi വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷ പൂരിപ്പിച്ച് നിശ്ചിത ഫീസ് അടച്ചാൽ 3 പ്രവൃത്തി ദിവസങ്ങൾക്കകം പെർമിറ്റ് ലഭിക്കും. പരിപാടിയുടെ വിശദാംശങ്ങൾ അടങ്ങിയ കത്ത്, സംഘാടകനും വേദിയുടെ ഉടമയും തമ്മിലുള്ള കരാർ അല്ലെങ്കിൽ എൻഒസി, സാധുതയുള്ള പാസ്പോർട്ട് അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പ്രൈവറ്റ് പാർട്ടി പെർമിറ്റിന് 350 ദിർഹമാണ് ഫീസ്. എന്റർടെയിനർക്ക് പ്രതിമാസ ഫീസ് 500 ദിർഹം ഈടാക്കും. പ്രവേശന ഫീസുള്ള പരിപാടിയാണെങ്കിൽ ടിക്കറ്റ് തുകയുടെ 10 ശതമാനം നൽകണം.
മദ്യം വിളമ്പാനും പെർമിറ്റ് വേണം
∙ മദ്യ പാർട്ടിക്ക് പ്രത്യേക പെർമിറ്റ് എടുക്കണം (പ്രത്യേക ലൈസൻസില്ലാത്ത വേദികൾക്ക്)
∙ പാർട്ടിയിൽ പങ്കെടുക്കുന്നവർ 21 വയസ്സിന് മുകളിൽ ഉള്ളവരായിരിക്കണം (നൈറ്റ് ക്ലബുകളിലോ ബാറുകളിലോ)
∙ ഗായകർ, അഭിനേതാക്കൾ, മറ്റേതെങ്കിലും കലാകാരന്മാർ ഉണ്ടെങ്കിൽ ഓരോരുത്തർക്കും എന്റർടെയ്നർ പെർമിറ്റ് എടുക്കണം
∙ എന്റർടെയ്നർ പെർമിറ്റ് കാലാവധി 7 ദിവസം മുതൽ 6 മാസം വരെ
∙ അംഗീകൃത സ്ഥാപനങ്ങൾ സംഘടിപ്പിച്ചാൽ മാത്രമേ സ്വകാര്യ പാർട്ടികൾക്ക് പ്രവേശന ടിക്കറ്റ് ഈടാക്കാവൂ.|
∙ വിവാഹങ്ങൾ, വിവാഹനിശ്ചയ ചടങ്ങുകൾ, അനുശോചന ചടങ്ങുകൾ എന്നിവയ്ക്ക് പെർമിറ്റ് ആവശ്യമില്ല
∙ സ്വകാര്യ പാർട്ടിയിൽ പ്രഭാഷകരുണ്ടെങ്കിൽ അവർക്ക് പ്രത്യേക പെർമിറ്റ് എടുക്കേണ്ടിവരും.