സ്റ്റേജ് ഷോയുടെ പേരിൽ മലയാള സിനിമയിൽ വിലക്ക് നേരിട്ടു: ഷംന കാസിം
Mail This Article
ദുബായ് ∙ നൃത്തപരിപാടികളുടെ പേരിൽ മലയാള സിനിമയിൽ തനിക്ക് വിലക്ക് നേരിട്ടതായി നടി ഷംന കാസിം. സ്റ്റേജ് ഷോകളുടെ പേരിൽ വലിയ ഒരു സിനിമയിൽ അവസരം നഷ്ടപ്പെട്ടു. ചില സിനിമകളുടെ കരാർ രൂപപ്പെടുത്തുമ്പോൾ തന്നെ രണ്ടു മാസമെങ്കിലും സ്റ്റേജ് ഷോകൾ പാടില്ലെന്നു നിബന്ധന വയ്ക്കാറുണ്ട്. ഇത്തരം നിർദേശങ്ങൾ തള്ളിക്കളഞ്ഞതാവാം തനിക്ക് മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനു കാരണമെന്നും ഷംനാ കാസിം പറഞ്ഞു. വിവാഹ ശേഷവും തമിഴിലും തെലുങ്കിലും അവസരം ലഭിക്കുമ്പോൾ മലയാളത്തിൽ അവസരമില്ല. അന്ന്, അവർ പറയുന്നതു കേട്ട് നൃത്തം വേണ്ടെന്നു വച്ചിരുന്നെങ്കിൽ ഇന്നു സിനിമയും നൃത്തവും ഉണ്ടാവില്ലായിരുന്നു എന്നും അവർ പറഞ്ഞു.
ദുബായിൽ പുതിയതായി ആരംഭിച്ച ഷംന കാസിം ഡാൻസ് സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, സെമി ക്ലാസിക്കൽ നൃത്തം, ബോളിവുഡ് ഡാൻസ്, ഫിറ്റ്നസ് ഡാൻസ് എന്നിവയാണ് ഷംനയുടെ ഡാൻസ് സ്റ്റുഡിയോയിൽ പരിശീലിപ്പിക്കുന്നത്. ഷംനയും മറ്റ് രണ്ടു പേരുമാണ് അധ്യാപകർ. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ രാവിലെ 9 മുതൽ വൈകുന്നേരം 9വരെയാണ് പ്രവർത്തന സമയം. മാസം 8 വീതം ക്ലാസുകളാണ് ഓരോന്നിലും നൽകുക. 200 മുതൽ 300 ദിർഹം വരെയാണ് മാസത്തെ ഫീസ്. അൽനഹ്ദ പ്ലാറ്റിനം ബിസിനസ് സെന്ററിലാണ് ഡാൻസ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്.