ശതകോടീശ്വരനായ ഇന്ത്യൻ വംശജന്റെ മകൾ യുഗാണ്ടയിൽ തടവിൽ
Mail This Article
ന്യൂയോർക്ക് ∙ ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ പങ്കജ് ഓസ്വാളിന്റെ മകൾ വസുന്ധരയെ (26) അനധികൃതമായി യുഗാണ്ടയിൽ തടവിലിട്ടിരിക്കുകയാണെന്നു പരാതി. പങ്കജ് ഓസ്വാളാണ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് അപ്പീൽ നൽകിയത്. ലോ എൻഫോഴ്സ്മെന്റുകാർ എന്നവകാശപ്പെട്ട് 20 ആയുധധാരികളാണു വസുന്ധരയെയും മറ്റു ചില ജീവനക്കാരെയും യുഗാണ്ടയിലുള്ള ഓസ്വാൾ കുടുംബത്തിന്റെ സ്പിരിറ്റ് ഫാക്ടറിയിൽ നിന്നു പിടിച്ചുകൊണ്ടു പോയത്. ഒക്ടോബർ 1 മുതൽ വസുന്ധര തടവിലാണ്.
ഓസ്വാൾ കുടുംബത്തിനു കീഴിലെ ബിസിനസ് സംരംഭങ്ങളിലൊന്നിൽ ജീവനക്കാരനായ മുകേഷ് മെനാരിയയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. എന്നാൽ മെനാരിയ ടാൻസാനിയയിൽ ജീവനോടെയുണ്ടെന്നും തങ്ങൾക്കനുകൂലമായി മൊഴി നൽകിയിട്ടുണ്ടെന്നും ഓസ്വാൾ കുടുംബം പറയുന്നു. പങ്കജ് യുഗാണ്ടൻ പ്രസിഡന്റിന് പരാതി നൽകിയിട്ടുണ്ട്. വൃത്തിഹീനമായ ചുറ്റുപാടിലാണ് വസുന്ധരയെന്ന് ഓസ്വാൾ കുടുംബം ആരോപിച്ചു.
ഓസ്ട്രേലിയയിലും സ്വിറ്റ്സർലൻഡിലുമായി തട്ടകമുറപ്പിച്ചിട്ടുള്ള പങ്കജ് ഓസ്വാൾ ലോകത്തെ ഏറ്റവും വലിയ അമോണിയ ഉത്പാദന കമ്പനികളിലൊന്നിന്റെ സ്ഥാപകനാണ്.