ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങി ഖത്തർ; വിപണിയും ഉഷാർ
Mail This Article
ദോഹ ∙ വിശ്വാസി സമൂഹത്തിന് സന്തോഷത്തിന്റെ ദിനമായി വീണ്ടും ക്രിസ്മസ്. ലോകത്തെങ്ങുമുള്ള വിശ്വാസി സമൂഹം ക്രിസ്മസ് ആഘോഷങ്ങൾക്കായി തയാറെടുക്കുമ്പോൾ ഈ ക്രിസ്മസും വിപുലമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഖത്തറിലെ വിശ്വാസി സമൂഹവും. പള്ളികളിൽ പ്രത്യേക പ്രാർഥനകൾ സംഘടിപ്പിച്ചും വീടുകൾ അലങ്കരിച്ചും പുതുവസ്ത്രങ്ങൾ ധരിച്ചും ക്രിസ്മസ് വിഭവങ്ങൾ ഒരുക്കിയും ഇനിയുള്ള രണ്ടു നാൾ ക്രിസ്മസ് ആഘോഷത്തിന്റെ ദിനങ്ങളാണ്.
ഖത്തറിലെ അബൂഹമൂർ ചർച്ച് കോപ്ലക്സിൽ വിവിധ രാജ്യക്കാരായ ആയിരങ്ങളാണ് പ്രാർഥനക്കായി എത്തുക. വിവിധ രാജ്യക്കാരായ കത്തോലിക്കാ വിശ്വാസികൾക്കായുള്ള പ്രത്യേക കുർബാന നാളെ (ചൊവ്വ) രാവിലെ 5:30 മുതൽ ആരംഭിക്കും. മലയാളം, തമിഴ്, സിംഹള, ഉറുദു, ഇംഗ്ലിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, കൊങ്കണി, ഫിലിപ്പിനോ, ലാറ്റിൻ അറബിക് തുടങ്ങിയ ഭാഷകളിൽ നിശ്ചിത സമയങ്ങളിൽ കുർബാന നടക്കും. മലയാളത്തിലുള്ള കുർബാന നാളെ വൈകിട്ട് 5:30 ന് പാരിഷ് ഗ്രൗഡിലാണ് നടക്കുക. സ്ത്രീകളും കുട്ടികളൂം ഉൾപ്പെടെ നിരവധി മലയാളികൾ പ്രാർഥനക്കായി പള്ളിയിലെത്തും. മലങ്കര ഓർത്തഡോക്സ് ചർച്ച്, മലങ്കര യാക്കോബായ, സിറോ മലബാർ, മലങ്കര സിറിയൻ കാത്തോലിക്, മാർത്തോമ്മാ ചർച്ച്, ക്നാനായ ചർച്ച് തുടങ്ങിയ പള്ളികളിലും ക്രിസ്മസ് സർവീസുകൾ ഒരുക്കിയിട്ടുണ്ട്. കാരൾ സർവീസ്, നക്ഷത്ര വിളക്ക്, കേക്ക് മുറിക്കൽ തുടങ്ങിയ പരിപാടികളും ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടക്കും.
ക്രിസ്മസിനെ സ്വീകരിക്കാൻ വിപണിയും ഒരുങ്ങി കഴിഞ്ഞു. ക്രിസ്മസ് തൊപ്പികളും, ട്രീകളും, നക്ഷത്രങ്ങളും, കേക്കുകളും പുൽകൂടുകളുമെല്ലാം വിപണിയിൽ ലഭ്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിപണയിൽ ഇത്തരം ഉൽപന്നങ്ങൾക്ക് നല്ല ഡിമാൻഡാണ് അനുഭവപ്പെടുന്നത്. കുടുംബമായി കഴിയുന്നവർ വീടുകൾ അലങ്കരിച്ചും ക്രിസ്മസ് വിഭവങ്ങൾ ഒരുക്കിയും ക്രിസ്മസിനെ സ്വീകരിക്കാനുള്ള തായറെടുപ്പിലാണ്. നാട്ടിൽ സ്കൂൾ അവധിയായതിനാൽ കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ക്രിസ്മസ് ആഘോഷിക്കാൻ ഖത്തറിൽ എത്തിയിട്ടുണ്ട്. നിരവധി പേർ ക്രിസ്മസ് ആഘോഷത്തിനായി നാട്ടിലേക്കും തിരിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ വിമാന നിരക്കിലും വർധന പ്രകടമാണ്. ഖത്തറിൽ ക്രിസ്മസ് ദിനം പൊതുഅവധിയല്ലെങ്കിലും സാധ്യമാകുന്ന രീതിയിൽ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഖത്തർ സമൂഹം.