'വിനോദസഞ്ചാരികളെ ഇതിലേ, ഇതിലേ'; ഇന്ത്യക്കാർക്കുള്ള വീസ രഹിത പ്രവേശനം നീട്ടി തായ്‌ലൻഡ്
Mail This Article
ബാങ്കോക്ക് ∙ ഇന്ത്യൻ പൗരന്മാർക്കുള്ള വീസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടി തായ്‌ലൻഡ്. ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് (ടിഎടി) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സന്ദർശകർക്ക് വീസയില്ലാതെ 60 ദിവസം വരെ രാജ്യത്ത് താമസിക്കാം. ഇത് 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്.
വിനോദസഞ്ചാര മേഖല കൂടുതൽ സജീവമാക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായാണ് തായ്‌ലൻഡ് വീസ ഇളവുകൾ പ്രഖ്യാപിച്ചത്. 2023 നവംബറിലാണ് തായ്‌ലൻഡ് ആദ്യമായി ഇന്ത്യക്കാർക്ക് വീസ രഹിത പ്രവേശനം അനുവദിക്കുന്നത്. തുടർന്ന് 2024 നവംബർ 11 വരെയായിരുന്നു നയത്തിന്റെ സാധുത. ഇതാണ് രാജ്യം അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് തായ്‌ലൻഡ്. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ പകുതി വരെ മാത്രം 16.17 ദശലക്ഷം ഇന്ത്യൻ വിനോദസഞ്ചാരികളാണ് തായ്‌ലൻഡ് സന്ദർശിച്ചത്. ബീച്ചുകളും, ഫുക്കെറ്റ് പോലുള്ള മനോഹരമായ ദ്വീപുകളും, ബാങ്കോക്കിലെ തിരക്കേറിയ തെരുവുകളും തുടങ്ങിയ കാഴ്ചകളുമാണ് തായ്‌ലൻഡ് ഓരോ സഞ്ചാരികൾക്കായും ഇവിടെ ഒരുക്കുന്നത്. വീസ രഹിത പ്രവേശനം വ്യക്തിഗത വിനോദസഞ്ചാരത്തിനപ്പുറം തായ്‌ലൻഡിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്, ഗ്രൂപ്പ് ഇവന്റുകൾ എന്നിവയ്ക്ക് ആക്കം കൂട്ടി.